ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘ആറാട്ട്’. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഷൂട്ടിങ്ങിന്റെ ഭാഗമായി സിനിമയയുടെ നിർമ്മാണ കമ്പനി റെയിൽവേക്ക് നൽകേണ്ടി വന്ന തുകയെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സിനിമയുടെ രണ്ടുദിവസത്തെ ചിത്രീകരണം നടന്നത് പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലായിരുന്നു. ഇതിന്റെ വാടകയായി റെയിൽവേക്ക് നൽകിയത് 23.46 ലക്ഷം രൂപയാണ്.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെയാണ് റെയിൽവേ സ്റ്റേഷനുകൾ സിനിമാ ചിത്രീകരണത്തിന് വാടകയ്ക്ക് വിട്ടുനൽകുന്നത് പുനരാരംഭിക്കാൻ പാലക്കാട് ഡിവിഷൻ അധികൃതർ തീരുമാനിച്ചത്. സിനിമയ്ക്കായി ആറു കോച്ചുകളാണ് പ്രൊഡക്ഷൻ കൺട്രോളർ ആവശ്യപ്പെട്ടത്. ഒരു എസി ടൂ ടയർ, ഒരു സ്ലീപ്പർ ക്ലാസ്, ഒരു ജനറൽ സെക്കൻഡ് ക്ലാസ്, ഒരു ലഗേജ് കം ബ്രേക്ക് വാൻ, ഒരു പാഴ്സൽ വാൻ എന്നിവ ഉൾപ്പെടെയാണിത്. ആവശ്യപ്പെട്ട സൗകര്യങ്ങളോടെ സ്റ്റേഷൻ വാടകയ്ക്ക് വിട്ടുനൽകുകയായിരുന്നുവെന്ന് സീനിയർ കൊമേഴ്സ്യൽ മാനേജർ ജെറിൻ ജി ആനന്ദിനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഷൂട്ടിങ്ങിനായി വിട്ടുകൊടുത്ത ട്രെയിൻ, അമൃത എക്സ്പ്രസ് വരുമ്പോൾ മത്രം ട്രാക്ക് മാറ്റിയിടും. സിനിമയ്ക്കായി ‘സേലം സ്റ്റേഷൻ’ എന്ന ബോർഡുവെച്ചാണ് ചിത്രീകരണം.
വാടകയ്ക്ക് പുറമെ, പെർമിഷൻ ഫീസായി 15 ശതമാനം ജിഎസ്ടി ഉൾപ്പെടെ 1,41,600 രൂപയും സെക്യൂരിറ്റി ഡിപ്പോസിറ്റായി 3,15,000 രൂപയും നിർമാണ കമ്പനിയായി അടയ്ക്കേണ്ടതുണ്ട്. റെയിൽവേയുടെ മാനദണ്ഡപ്രകാരം 15 റെയിൽവേ ജീവനക്കാരുടെയും 25 യാത്രക്കാരുടെയും ഇൻഷുറൻസ് പ്രീമിയവും നിർമാണ കമ്പനി അടയ്ക്കണം. രണ്ടു ദിവസത്തെ ഷൂട്ടിങ് വെള്ളിയാഴ്ച അവസാനിച്ചു.
നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകനും നിർമാതാവുമായ ബി. ഉണ്ണികൃഷ്ണനാണ്. ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ എന്നാണ് സിനിമയുടെ മുഴുവന്‍ പേര്. ശ്രദ്ധ ശ്രീനാഥ്, നേഹ സക്സേന എന്നിവരാണ് നായികമാര്‍. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, മാളവിക, രചന നാരായണന്‍കുട്ടി, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്.
Post Your Comments