നിരൂപണം : പ്രവീൺ പി
മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ വി.പി സത്യൻ്റെ ജീവിത കഥ പറഞ്ഞ ‘ക്യാപ്റ്റൻ’ എന്ന സിനിമയ്ക്ക് ശേഷം പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വെള്ളം’. ഇത്തവണയും തൻ്റെ സിനിമയുടെ ലീഡ് റോളിലേക്ക് ജയസൂര്യയെ കൂടെ ചേർക്കുമ്പോൾ ക്യാപ്റ്റനിലൂടെ വിജയ ചരിത്രം കുറിച്ച അതേ ടീം വീണ്ടും ആവർത്തിക്കുന്നു എന്നുള്ളതാണ് പ്രേക്ഷകരെ സിനിമയിലേക്ക് ആകർഷിക്കുന്നതിലെ പ്രധാന ഘടകം. മദ്യത്തെ മനസ്സാക്കി ജീവിക്കുന്ന മുരളിയുടെ ജീവിതമാണ് ‘വെള്ളം’ എന്ന സിനിമയിലൂടെ പ്രജേഷ് സെൻ പറയാൻ ശ്രമിക്കുന്നത് .യഥാർത്ഥ്യ ജീവിതത്തിൽ നിന്ന് പകർത്തിയെഴുതിയ ‘വെള്ളം’ എന്ന സിനിമ പറയുന്നത് ആൽക്കഹോളിക്കിൽ നിന്നും, അവഗണനയിൽ നിന്നും ജീവിതം പടുത്തുയർത്തിയ യഥാർത്ഥ മനുഷ്യനിലെ കഥയാണ്. മദ്യവും, മനുഷ്യനും തമ്മിലുള്ള ഇഴുകി ചേരലിൻ്റെ ആഖ്യാനം ‘സ്പിരിറ്റ്’ എന്ന സിനിമയ്ക്ക് വിഷയമാക്കിയ രഞ്ജിത്ത് എന്ന സംവിധായകന് പുറമെ മറ്റൊരു ലഹരി ഗന്ധത്തിൻ്റെ അകക്കാമ്പ് തുറന്നുകാട്ടാൻ ശ്രമിക്കുകയാണ് പ്രജേഷ് സെൻ.
മദ്യ ലഹരിയിൽ ജീവിതം ഹോമിച്ചു കളയുന്ന മുരളി എന്ന ചെറുപ്പക്കാരൻ്റെ തകർന്നടിഞ്ഞ കരളിൻ്റെ കണ്ണിലേക്ക് ക്യാമറ തിരിയുമ്പോൾ ആദ്യ പകുതിയിൽ അത്ര ശക്തമാകാതെ പോകുന്നുണ്ട് ‘വെള്ളം’ എന്ന സിനിമയുടെ രചന. ജയസൂര്യയിലെ അഭിനേതാവിൻ്റെ പ്രകനടത്താൽ അതൊക്കെ മറികടക്കാനാകുന്നു എന്നതാണ് വെള്ളത്തിൻ്റെ രണ്ടാം പകുതിക്കായി കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്. ആൽക്കഹോളിൻ്റെ ഉന്മാദ ലഹരിക്കു വേണ്ടി കൂട്ടുകാരനൊപ്പം പെണ്ണു കാണാനും, അന്യ ദേശത്ത് നിന്നെത്തിയ കസിൻ്റെ വീട്ടിലേക്ക് കുപ്പിക്കായി കാൽനടയായെത്തുന്ന മുരളിയിലെ ദുരന്ത നായകനെയും പ്രേക്ഷകൻ്റെ മനസ്സിലേക്ക് എടുത്തു സൂക്ഷിക്കും വിധം ജയസൂര്യ അടയാളപ്പെടുത്തുന്നുണ്ട്. ‘മദ്യപാനിയായവൻ’ എങ്ങനയാണോ വീടിന് തലവേദന ആകുന്നത് ആ വിധമെല്ലാം റിയലസ്റ്റിക് ആയി തന്നെ ആദ്യ പകുതിയിലെ കഥാ പരിസരത്തെ ചേർത്തു നിർത്തുന്നുണ്ടെങ്കിലും ക്യാപ്റ്റനിലൂടെ കണ്ട പ്രജേഷ് സെൻ എന്ന തിരക്കഥാകൃത്തിൻ്റെ വൈഭവം പല അവസരങ്ങളിലും മുന്നേറാതെ മുട്ടിടിക്കുന്നുണ്ട്. മദ്യബോധത്താൽ തെറ്റി പോകുന്ന പ്രണയവും, കുടിയനാകുന്നവനെ എന്ത് മോശം പ്രവൃത്തി ചെയ്യുന്നവനായും ജനസമൂഹം കാപ്പ ചുമത്തുന്ന അവഗണനയുമൊക്കെ വെള്ളത്തിലേക്ക് ലയിപ്പിച്ചു ചേർത്തു കൊണ്ടാണ് ആദ്യ പകുതിക്ക് കർട്ടൻ വീഴുന്നത്. ബാറിൽ പണയം വച്ചിരിക്കുന്ന സുഹൃത്തിനെ തിരിച്ചെടുക്കാൻ ശരീരമുലഞ്ഞ് അധ്വാനിക്കുന്ന മുരളിയിൽ ഒരു ശരാശരി ആൽക്കഹോളിക് മനുഷ്യൻ്റെ ചിത്രം വ്യക്തമാക്കുന്നിടത്തൊക്കെ പ്രജേഷ് എന്ന സംവിധായക കപ്പിത്താന് വേണ്ടി കയ്യടിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് ചിത്രം
ഫാമിലിക്ക് പുറത്തെ മുരളിയുടെ ആൽക്കഹോളിക് ഇടപെടലുകളെ ആദ്യ പകുതിയിൽ അടയാളപ്പെടുത്തുമ്പോൾ രണ്ടാം പകുതി ചേക്കേറുന്നത് മുരളിയുടെ ദാമ്പത്യത്തിൻ്റെ നെറുകയിലേക്കാണ്. അതുവരെ മുരളിയുടെ ഭാര്യ കഥാപാത്രത്തിന് സ്പേസ് നൽകാതിരുന്ന ചിത്രം സുനിത എന്ന പെൺ കഥാപാത്രത്തിൻ്റെ സിനിമ കൂടിയാക്കി മാറ്റുന്നുണ്ട് പ്രജേഷ് സെൻ. ആത്മഹത്യ ചെയ്യാൻ കയറുന്ന ഭർത്താവിൻ്റെ വട്ടിനെ വകവയ്ക്കാതെ ‘ദി ഗ്രേറ്റ് ഇന്ത്യൻ ലേഡിയായി’ തന്നെ നായികയെ അടയാളപ്പെടുത്തിയത്, ഭർത്താവിൻ്റെ മദ്യപാനം കൊണ്ട് തലവേദനയോടെ തല ചായ്ച്ച് ഉറങ്ങുന്ന സ്ത്രീ മനസ്സുകൾക്ക് വലിയ ഒരു ഊർജ്ജം നൽകുന്നുണ്ട്. മകളുടെ സ്റ്റഡി ടേബിൾ വരെ വിറ്റ് കള്ളടിക്കുന്ന നായകൻ്റെ മുന്നിൽ കരഞ്ഞു കേഴുന്നില്ല എന്നതാണ് സംയുക്ത മേനോൻ ചെയ്ത സുനിത എന്ന കഥാപാത്രത്തിൻ്റെ ഭംഗി. മകൾക്കായി പുതിയൊരു സ്റ്റഡി ടേബിൾ സ്വന്തം പ്രയത്നത്താൽ വാങ്ങി നൽകി, കൂട്ടുകാരിയോട് “കള്ളനെ കെട്ടിയാലും കുടിയനെ കെട്ടരുതെന്ന്” പറയുന്ന സുനിത എന്ന കഥാപാത്രം സമീപകാലത്തെ മലയാള സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രമായി മാറുന്നുണ്ട്.
ഭർത്താവായി കണ്ടു മുരളിയ്ക്ക് ജീവിതം തിരികെ നൽകാനില്ലെന്നു പറയുന്ന സംയുക്ത മേനോന്റെ കഥാപാത്രം അയാളെ മനുഷ്യനായി കണ്ടു ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ താനുണ്ടാകും എന്ന് പറയുന്നിടത്തൊക്കെ മുരളിയോളം വലുതാകുന്നുണ്ട് ഈ പെൺ കഥാപാത്രം. ജീവിതത്തിൻ്റെ നല്ല നിറങ്ങളിലേക്ക് തിരികെയെത്തുന്ന മുരളിയെ സമൂഹം ഇൻസൾട്ട് ചെയ്യുമ്പോൾ ഇൻസൾട്ടാണ് ഏറ്റവും വലിയ ‘ഇൻവെസ്റ്റ്മെൻ്റ് ‘എന്ന് സിദ്ധിഖിന്റെ കഥാപാത്രത്തെ കൊണ്ട് പറയിക്കുന്നിടത്ത് പ്രജേഷ് സെൻ എന്ന സംവിധായകൻ ‘വെള്ളം’ എന്ന സിനിമ കാട്ടി പ്രേക്ഷക ഹൃദയത്തിൽ ഞെളിഞ്ഞിരിക്കുന്നുണ്ട്. മദ്യ രഹിത മനുഷ്യനായി ലൈഫിനെ നോക്കി പുഞ്ചിരിക്കുമ്പോഴും മുരളിയെ വാട്ടർ മനുഷ്യനായി തന്നെ സമൂഹം നോക്കി കാണുമ്പോഴും സമൂഹത്തിൻ്റെ ആ വൃത്തികെട്ട അവസ്ഥയെ സിദ്ധിഖിൻ്റെ കഥാപാത്രം ഓർമ്മപ്പെടുത്തുമ്പോഴും ‘വെള്ളം’ ഒരു വ്യക്തിയുടെ ജീവിത വിഷയങ്ങൾക്കപ്പുറം വിസ്തൃതമാകുന്നുണ്ട്. മനോ രോഗത്തിന് ചികിത്സിച്ച് കഴിഞ്ഞ് അത് ഭേദമായ ശേഷവും ഒരാളെ ഡ്രൈവറായി വയ്ക്കാൻ നമ്മുടെ ജനസമൂഹം മടി കാണിക്കും എന്ന് പറയുന്നിടത്തൊക്കെ വെള്ളം യാഥാർഥ്യ വ്യക്തി ജീവിതത്തിനപ്പുറം എന്തൊക്കയോ ചില കാര്യങ്ങൾ സംസാരിക്കുന്നിടത്താണ് ‘വെള്ളം’ എന്ന സിനിമ പറയുന്ന രാഷ്ട്രീയം പ്രസക്തമാകുന്നത്.
മദ്യത്തിനായ് മാത്രം നില കൊണ്ട മുരളിയുടെ ജീവിതം പിന്നീട് ജനങ്ങളുടെ മധ്യത്തിലേക്ക് തലയെടുപ്പോടെ കസേരയിട്ടിരിക്കാൻ പ്രാപ്തനാക്കുമ്പോൾ ഒരു പ്രചോദന സിനിമ എന്ന നിലയിൽ ആളുകൾ കയ്യടിച്ചിറങ്ങുന്നുണ്ട് വെള്ളത്തിന്.. ‘ക്യാപ്റ്റൻ’ എന്ന സിനിമ ചെയ്ത അതേ മികവോടെ തന്നെ ‘വെള്ളം’ എന്ന ചിത്രവും പ്രജേഷ് സെൻ സംവിധാനം ചെയ്തിട്ടുണ്ട്. ക്യാപ്റ്റനിൽ വി.പി സത്യൻ എന്ന കഥാപാത്രത്തിനപ്പുറം അതിലെ മറ്റു കഥാപാത്രങ്ങളെയും, അതിലെ ജീവിത പരിസരങ്ങളെയും പ്രജേഷ് സെൻ നന്നായി അടയാളപ്പെടുത്തിയപ്പോൾ ഇവിടെ മുരളിയിലേക്കും, അയാളുടെ ഭാര്യ കഥാപാത്രത്തിലേക്കും മാത്രമല്ലാതെ മറ്റു കഥാപാത്രങ്ങളെ അത്ര മനോഹരമായി കൂട്ടിയിണക്കാതെ പോകുന്നതും വെള്ളത്തിൻ്റെ പോരായ്മയായി തോന്നി.
പത്മരാജൻ, ബാലചന്ദ്രമേനോൻ, വേണു നാഗവള്ളി തുടങ്ങിയവരായിരുന്നു പഴയകാല മലയാള സിനിമയിൽ സംവിധാനവും, രചനയും ഒരേ നിലവാരത്തിൽ ചെയ്തു പോയിട്ടുള്ളവർ. പ്രജേഷ് സെൻ എന്ന കലാകാരനും ആ നിരയിലേക്ക് കസേരയിട്ടിരിക്കാമെന്ന് വെള്ളം തെളിയിക്കുന്നുണ്ട്.
സമീപകാലത്തെ മലയാള സിനിമ പരിശോധിച്ചാൽ ഫഹദ് ഫാസിലിൻ്റെ റിയസ്റ്ററ്റിക് അഭിനയ മികവ് അമ്പരപ്പിക്കും വിധം അടയാളപ്പെടുത്താൻ കഴിയുന്നതാണ്. അതേ മികവോടെ തന്നെ ജയസൂര്യയും സ്വഭാവികതയുടെ അഭിനയ മല കയറി ഫഹദ് ഫാസിനോളമോ അതിനു മുകളിലോ മുന്നിലെത്തുന്നുണ്ട്. ഒരോ ചലനങ്ങളിലും ജയസൂര്യ എന്ന ആക്ടർ മുരളി എന്ന കഥാപാത്രത്തിലൂടെ അദ്ഭുതപ്പെടുത്തുന്നുണ്ട്. വെള്ളത്തിൻ്റെ കഥാപരിസരങ്ങള നായികയായി അഭിനയിച്ച സംയുക്ത മേനോനും മികച്ച അഭിനയം കൊണ്ട് ആകർഷകമാക്കുന്നുണ്ട് . ചെയ്യിപ്പിച്ചത് തന്നെ വീണ്ടും ചെയ്യിപ്പിച്ചു ശരീര ഭാഷയിൽ പോലും ക്ലീഷേ കഥാപാത്രമായി സിദ്ധിഖിനെ ചുരുക്കിയതും, ഇന്ദ്രൻസ് എന്ന മഹാനായ നടനെ വിളിച്ച് ആ കഥാപാത്രത്തിനു അഭിനയിക്കാൻ വലുതെന്തന്നോ ഉണ്ടെന്ന തരത്തിൽ ഗസ്റ്റ് റോളിൽ നിർത്തിയതും കല്ലുകടിയായി തോന്നി. ബിജിബാലിൻ്റെ പിന്നണി ഈണവും, സംഗീതവും വെള്ളത്തിന് വശ്യത നൽകി. അജയ് മങ്ങാടിൻ്റെ കലാസംവിധാനം അവാർഡിൻ്റെ പരിഗണനയിലേക്ക് ഇറങ്ങേണ്ട അടയാളമാക്കിയും ചിത്രം മാറ്റുന്നുണ്ട്. വിഷയത്തിന് അനുസൃതമായ ക്യാമറ പിടുത്തത്തിൻ്റെ മികവും ‘വെള്ളം’ എന്ന ചിത്രത്തെ വലുതാക്കി നിർത്തുണ്ട് . കലി തുള്ളി നിന്ന ‘കോവിഡ്’ കാലത്തിനോട് മത്സരിച്ച് ജയിച്ച ‘വെള്ളം’ എന്ന ചിത്രം തിയേറ്റർ റിലിസായി എത്തുമ്പോൾ സാനിറ്റൈസർ പുരട്ടി മാസ്ക് ധരിച്ച് ആർക്കും ധൈര്യമായി അകത്ത് കയറാം ഈ പ്രജേഷ് സെൻ ചിത്രത്തിന് …
അവസാന വാചകം
സിനിമയിൽ പറയും പോലെ തോറ്റവനെ ജയിക്കാൻ പഠിക്കുന്ന ട്യൂഷനാണ് അവഗണന സിനിമ കണ്ട ശേഷം അത് തിരുത്തി ഇങ്ങനെ എഴുതാം.. തോറ്റവനെ ജയിക്കാൻ പഠിപ്പിക്കുന്ന സിനിമയാണ് ‘വെള്ളം’..
Post Your Comments