നടൻ കമൽഹാസനെ ഇന്ന് രാവിലെ ശസ്ത്രക്രിയക്ക് വിധേയനാക്കി.ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചെന്നും കമൽ ഹാസന്റെ ആരോഗ്യം തൃപ്തികരമാണെന്നും മകളും നടിയുമായ ശ്രുതി ഹാസൻ അറിയിച്ചു. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ആശുപത്രി വിടാനാകുമെന്ന് താരം വ്യക്തമാക്കി.
ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയിലാണ് കമൽ ശസ്ത്രക്രിയക്ക് വിധേയനായത്. കാലിലാണ് ശസ്ത്രക്രിയ നടത്തിയത്. ഏതാനും വർഷങ്ങൾക്ക് മുൻപ് അപകടത്തെ തുടർന്ന് കാലിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന്റെ തുടർ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നെങ്കിലും തിരക്ക് കാരണം വൈകി. ഇപ്പോൾ അണുബാധയുണ്ടായതിനെ തുടർന്നാണ് വലതുകാലിൽ ശസ്ത്രക്രിയ നടത്തേണ്ടിവന്നത്.
“അച്ഛന്റെ ആരോഗ്യ കാര്യങ്ങളെ കുറിച്ചുള്ള നിങ്ങളുടെ അമിതമായ ആശങ്കയ്ക്കും പ്രാർത്ഥനയ്ക്കും നന്ദി പറയുന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി എന്ന് നിങ്ങളെ എല്ലാവരെയും അറിയിക്കുന്നതിൽ സന്തോഷമുണ്ട്!”- ശ്രുതി ഹാസൻ ട്വീറ്റ് ചെയ്തു.
”ഡോക്ടർമാരും ജീവനക്കാരും മികച്ച പരിചരണമാണ് അദ്ദേഹത്തിന് നൽകുന്നത്. വേഗത്തിൽ സുഖംപ്രാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും ആത്മവിശ്വാസത്തിലുമാണ് അദ്ദേഹം. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ വീട്ടിലേക്ക് മടങ്ങാനാകും. അതുകഴിഞ്ഞ് കുറച്ചുനാളത്തെ വിശ്രമത്തിന് ശേഷം പതിവുപോലെ ജനങ്ങളുമായി ഇടപെടഴകാനാകും. പ്രാർത്ഥനകൾക്കും അദ്ദേഹത്തോട് കാട്ടിയ സ്നേഹത്തിനും നന്ദി പറയുന്നു”- ശ്രുതി ഹാസൻ കുറിച്ചു.
Post Your Comments