താന്‍ ഒരു സിനിമാ താരമാണ് എന്ന തോന്നലുണ്ടാക്കിയ സിനിമയെക്കുറിച്ച് തുറന്നു സംസാരിച്ച് നടന് നെടുമുടി വേണു. തന്റെ ഏറ്റവും ജനപ്രിയ കഥാപാത്രമായ ചാമരത്തിലെ വേഷം ചെയ്തു കഴിഞ്ഞും ഒരു സാധാരണ വ്യക്തിയെ പോലെ ബസിലും ട്രെയിനിലുമൊക്കെ സഞ്ചരിച്ചിരുന്ന ആളായിരുന്നു താനെന്നും മോഹന്‍ സംവിധാനം ചെയ്ത ‘വിടപറയും മുന്‍പേ’ ഇറങ്ങിയതോടെ ആ സ്വാതന്ത്ര്യം ഇല്ലാതായെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ നെടുമുടി വേണു പറയുന്നു.
“സിനിമയില്‍ ടൈപ്പ് ചെയ്യപ്പെടരുതെന്ന വാശി എനിക്ക് തുടക്കം മുതലേ ഉണ്ടായിരുന്നു. പത്ര പ്രവര്‍ത്തകനായിരുന്ന സമയത്ത് ഞാന്‍ തിക്കുറിശ്ശി ചേട്ടന്റെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്, മലയാള സിനിമയുടെ ശാപം എന്തെന്നാല്‍ സ്റ്റാമ്പ് ചെയ്യപ്പെടുക എന്നതാണ്. ഒരു വേഷത്തിനു വിളിച്ചാല്‍ പിന്നെ അത് ചെയ്യാനേ വിളിക്കൂ. അദ്ദേഹം പറഞ്ഞ ആ വാക്കുകള്‍ എന്റെ മനസ്സില്‍ കിടന്നു. അത് കൊണ്ട് തന്നെ സിനിമയില്‍ ഞാന്‍ വ്യത്യസ്ത കഥാപാത്രങ്ങളുമായി മാറി സഞ്ചരിച്ചു. ‘തകര’യില്‍ അഭിനയിച്ചപ്പോഴും ‘ചാമര’ത്തില്‍ അഭിനയിച്ചപ്പോഴും ഒരു നടന് ആണെന്ന തോന്നല്‍ എന്നില്‍ ഇല്ലായിരുന്നു. ആ സിനിമ കഴിഞ്ഞിട്ടും ഞാന്‍ ട്രെയിനിലും ബസിലുമെല്ലാം സഞ്ചരിക്കുമായിരുന്നു. പക്ഷേ മോഹന്‍ സംവിധാനം ചെയ്ത ‘വിടപറയും മുന്‍പേ’ എന്ന സിനിമയിലെ വേഷമാണ് ആളുകള്‍ക്കിടയില്‍ എന്നെ അറിയപ്പെടുന്ന നടനാക്കിയത് അപ്പോഴും ഒരു നടന് ആണെന്ന തോന്നല്‍ എന്നില്‍ ഇല്ലായിരുന്നു. പതിനഞ്ചോളം സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞും ഞാന്‍ എന്റെ സുഹൃത്തുക്കളുടെ വസ്ത്രമൊക്കെ തന്നെയാണ് ഇട്ടിരുന്നത്. ഒരിക്കല്‍ അവര്‍ ചോദിച്ചു നിനക്ക് സിനിമയിലെ കോസ്റ്റ്യൂം എടുത്ത് ഉപയോഗിച്ചൂടെ, അപ്പോള്‍ ഞാന്‍ അവര്‍ക്ക് മുന്നില്‍ എന്റെ കഥാപാത്രങ്ങളെക്കുറിച്ച് പറഞ്ഞു. ‘തകര’യിലെയും, ‘ആരവ’ത്തിലെയും, ‘ചാമര’ത്തിലെയും വേഷം എനിക്ക് ജീവിതത്തില്‍ ഇടാന്‍ കഴിയില്ലെന്ന് അവരും അപ്പോഴാണ് തിരിച്ചറിഞ്ഞത്. ഇരുപത് സിനിമ കഴിഞ്ഞിട്ടാണ് എനിക്ക് നല്ല ഒരു കോസ്റ്റ്യൂം ലഭിക്കുന്നത്. ‘ഇളക്കങ്ങള്‍’ എന്ന സിനിമയാണ് എനിക്ക് അത്തരമൊരു കളര്‍ഫുള്‍ വസ്ത്രങ്ങള്‍ സമ്മാനിച്ചത്”.
Post Your Comments