നിരവധി സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും രഞ്ജിത്ത് സംവിധാനം ചെയ്ത ‘സ്പിരിറ്റ്’ എന്ന സിനിമ നല്‍കിയ അനുഭവം സ്പെഷ്യല്‍ ആണെന്ന് തുറന്നു പറയുകയാണ് നടനും മിമിക്രി താരവുമായ ടിനി ടോം. ‘സ്പിരിറ്റ്’ എന്ന സിനിമ തനിക്ക് സ്പെഷ്യല്‍ ആകുന്നതില്‍ പ്രധാനമായും രണ്ടു കാരണങ്ങള്‍ ഉണ്ടെന്നും വളരെ കുറച്ചു സീനുകളിലെ അഭിനയിച്ചുള്ളൂവെങ്കിലും അതില്‍ ചെയ്തത് ഒരു ചെറിയ വേഷമായി തോന്നിയിട്ടില്ലെന്നും ആ കഥാപാത്രത്തിന്റെ കനം അത്രത്തോളം ഉണ്ടായിരുന്നുവെന്നും ഒരു ടിവി ചാനലിലെ ടോക് ഷോയ്ക്കിടെ തന്റെ പ്രിയപ്പെട്ട ചിത്രം പങ്കുവച്ചു കൊണ്ട് സംസാരിക്കവേ ടിനി ടോം പറയുന്നു.
“സ്പിരിറ്റില്‍ രഘുനന്ദന്‍ എന്ന മദ്യാസക്തനായ കഥാപാത്രത്തെ ഉപദേശിക്കുന്ന ബാര്‍ ജീവനക്കാരനാണ് ഞാന്‍. എന്റെ പറച്ചിലില്‍ രഘുനന്ദന്‍ തന്നിലെ തെറ്റ് തിരിച്ചറിയണം. അത്രത്തോളം ശക്തമായ കഥാപാത്രമായിരുന്നു എന്റേത്. സ്പിരിറ്റില്‍ അഭിനയിക്കും മുന്‍പേ ഞാന്‍ എന്റെ അപ്പനോട് മുപ്പത് വര്‍ഷമായി പറയുന്ന കാര്യമാണ് കുടി നിര്‍ത്തണമെന്ന്. പക്ഷെ അപ്പന്‍ ഒരിക്കല്‍ പോലും അത് അനുസരിച്ചിട്ടില്ല. അങ്ങനെയുള്ള ഞാന്‍ സ്പിരിറ്റില്‍ അത്തരമൊരു വേഷം ചെയ്യാനെത്തുമ്പോള്‍ സ്വാഭാവികമായും ഭയക്കേണ്ടി വരുമല്ലോ. മാത്രവുമല്ല ആ സിനിമയുടെ ലൊക്കേഷനില്‍ വച്ച് ഞാന്‍ അറിഞ്ഞ മറ്റൊരു കാര്യം ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ ചെയ്യാനിരുന്ന വേഷമായിരുന്നു അതെന്നാണ്. അത് അറിഞ്ഞതും അതിന്റെ ഒരു ടെന്‍ഷനും അഭിനയിക്കുമ്പോള്‍ എനിക്കുണ്ടായിരുന്നു. ജഗതി ചേട്ടനൊക്കെ അഭിനയിച്ചാല്‍ ഒരേ ഒരു സീന്‍ ആണെങ്കിലും പോലും ഏത് നിലയില്‍ എത്തേണ്ടതാണ്”. ടിനി ടോം പറയുന്നു.
Post Your Comments