പത്തു മാസത്തിനുശേഷം കേരളത്തിലെ തിയറ്ററുകൾ തുറക്കുമ്പോൾ ആദ്യം റിലീസ് ചെയ്ത തമിഴ് ചിത്രം കാണുമ്പോൾ മലയാളികൾക്ക് അഭിമാനിക്കാനും ഒന്നുണ്ട്. ചിത്രത്തിൽ വിജയ്യുടെ നായികയായെത്തുന്നത് കണ്ണൂർ പയ്യന്നൂർ സ്വദേശിനി മാളവിക മോഹനൻ ആൺ എന്നതാണ്. പയ്യന്നൂർ മഹാദേവ ഗ്രാമം സ്വദേശിയും പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകനുമായ കെ.യു.മോഹനന്റെയും പയ്യന്നൂർ അന്നൂർ സ്വദേശിനി ബീന മോഹനന്റെയും മകളാണു മാളവിക. വർഷങ്ങൾക്കു മുൻപേ മുംബൈയിലേക്കു മാറിയെങ്കിലും നാടുമായുള്ള ബന്ധം വിട്ടുകളഞ്ഞിട്ടില്ല താരം.
പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെ ദുൽഖർ സൽമാന്റെ നായികയായി അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് മാളവിക. രജനികാന്ത് ചിത്രം പേട്ടയ്ക്ക് ശേഷം മാളവിക അഭിനയിക്കുന്ന തമിഴ് ചിത്രമാണ് മാസ്റ്റർ. ഇപ്പോഴിതാ മാസ്റ്ററിൽ വിജയ്യ്ക്കൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് മാളവിക.വിജയ്ക്കൊപ്പവും ലോകേഷ് കനകരാജിനൊപ്പവും ജോലി ചെയ്യാൻ അവസരം ലഭിച്ചതിനെ കുറിച്ച് പറയുകയാണ് മാളവിക. ഫസ്റ്റ് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് മാളവിക ഇക്കാര്യങ്ങൾ പറഞ്ഞത്.
ന്യൂഡൽഹി, ഷിമോഗ, ചെന്നെ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്. വിജയ് വളരെ അച്ചടക്കമുള്ള നടനും വളരെ കുറച്ചു മാത്രം സംസാരിക്കുന്നയാളുമാണ്. ന്യൂഡൽഹിയിലെ ആദ്യ ഷെഡ്യൂൾ പൂർത്തിയാകുന്ന സമയത്താണ് അദ്ദേഹവുമായി കൂടുതൽ അടുക്കുന്നത്.ചിത്രം പൂർത്തിയാകുന്ന സമയമായപ്പൊഴേക്കും വിജയിയുമായി നല്ല സൗഹൃദത്തിലായി. കൂടുതലും യുവാക്കളുള്ള ഊർജസ്വലമായ ടീമായിരുന്നു മാസ്റ്ററിലേത്. രസകരമായിട്ടായിരുന്നു ചിത്രീകരണം പൂർത്തിയാക്കിയത്.മാസ്റ്ററിൽ കോളേജ് അധ്യാപികയുടെ വേഷത്തിലാണ് മാളവിക എത്തിയത്. ശരിക്കും ജന്റിൽമാനാണ് വിജയ്. സഹതാരങ്ങളോട് വളരെ സ്നേഹത്തോടെയാണ് പെരുമാറ്റം. ഒപ്പം അഭിനയിക്കുന്നവരെ പിന്തുണക്കാനും അവരെ സഹായിക്കാനും അദ്ദേഹം തയ്യാറാണ് മാളവിക പറയുന്നു.
Post Your Comments