ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സേതുരാമയ്യർ സിബിഐയുടെ അഞ്ചാം പതിപ്പ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി- എസ്എൻ സ്വാമി-കെ മധു കൂട്ട്കെട്ട് സിബിഐ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്.
അതേസമയം ജഗതിയുടെ എഴുപതാം പിറന്നാളിൽ താരം സിനിമയിലേക്ക് തിരിച്ചെത്തുന്നത് സിബിഐയുടെ ഭാഗത്തിലൂടെയാണെന്ന തരത്തിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് എസ്എൻ സ്വാമി. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ജഗതി ഈ ചിത്രത്തിൽ ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.അതെല്ലാം പത്രക്കാരുടെ സൃഷ്ടിയാണ്. അതിനൊക്കെ ഞാൻ ഉത്തരവാദിയല്ല. ജഗതി ശ്രീകുമാറിന്റെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് പത്രക്കാർ അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ മകൻ അഭിനയിക്കുന്നതായുള്ള ചില സൂചനകൾ കൊടുത്തിരിക്കാം. എന്നാൽ സിനിമയിലെ അണിയറപ്രവർത്തകരിൽ നിന്നും അത്തരം പ്രഖ്യാപനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. പര സഹായമില്ലാതെ ജഗതി ശ്രീകുമാറിന് യാതൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. അങ്ങനെയുള്ള അദ്ദേഹത്തെ സിനിമയിൽ എങ്ങനെയാണ് ഉപയോഗിക്കുവാൻ സാധിക്കുക എന്ന് എസ്എൻ സ്വാമി പറയുന്നു.
പ്രതീക്ഷിക്കുന്നതിനപ്പുറമായിരിക്കും സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗമെന്നാണ് എസ്എൻ സ്വാമി പറയുന്നത്. മലയാളത്തിലെ ഒരു സിനിമയിലും കാണിക്കാത്ത ശാസ്ത്രമായിരിക്കും ഈ സിനിമയിൽ ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയിലെ മറ്റു കഥാപാത്രങ്ങളെക്കുറിച്ച് ഇതുവരെ തീരുമാനങ്ങൾ ഉണ്ടായിട്ടില്ല.
1988ൽ എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത ഒരു സിബി ഐ ഡയറി കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സേതുരാമയ്യർ സീരീസ് ആരംഭിച്ചത്. പിന്നീട് 1989 ൽ ജാഗ്രത, 2004 സേതുരാമയ്യർ സിബിഐ, 2005 ൽ നേരറിയാൻ സി.ബി എന്നീ ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്നു.
Post Your Comments