കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത കവിയും, ഗാനരചയിതാവുമായ അനിൽ പനച്ചൂരാനെ അനുസ്മരിച്ച് പ്രമുഖ തിരക്കഥാകൃത്ത് ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറം. ഇക്‌ബാൽ കുറ്റിപ്പുറം തിരക്കഥ രചിച്ച ‘അറബിക്കഥ’, ‘വിക്രമാദിത്യൻ’ എന്നീ സിനിമകളിലെ പാട്ടുകൾ എഴുതിയത് അനിൽ പനച്ചൂരാനാണ്. ഇതിൽ അറബിക്കഥയിലെ പാട്ടുകൾ ഏറെ ഹിറ്റായിരുന്നു. കേരള കൗമുദി ദിനപത്രത്തിലായിരുന്നു അനിൽ പനച്ചൂരാന്റെ ഓർമ്മകൾ ഇക്‌ബാൽ കുറ്റിപ്പുറം പങ്കുവച്ചത്.
“അറബിക്കഥയുടെ ഗാനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയത്ത് പനച്ചൂരാൻ കവിതകൾ നിർത്താതെ പെയ്ത ഒരു രാത്രിയിൽ ലാൽ ജോസും തിരക്കഥാകൃത്ത് സിന്ധുരാജിനുമൊപ്പം ഞാനുമുണ്ടായിരുന്നു. മൂർച്ചയും മുനയും ആഴവും സൗന്ദര്യമയവുമുള്ള വാൾത്തലപ്പ് പോലെയുള്ള വാക്കുകളുടെ മിന്നലാട്ടം കണ്ടു ആദരവോടെ പകച്ചു പോയി അന്ന്. പക്ഷെ സിനിമാപാട്ടുകൾക്ക് ഇത്ര കവിത വേണ്ടെന്ന തോന്നൽ തുടക്കത്തിൽ അനിലിനുണ്ടായിരുന്നു. പിറ്റേന്ന് ഒറ്റയ്ക്ക് ഒത്തു കിട്ടിയപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. “നിങ്ങളുടെ കവിതയിലെ കനവും ആഴവുമുള്ള വരികൾ തന്നെയാണ് ഞങ്ങൾക്കും വേണ്ടത്. അല്ലാതെ സിനിമയ്ക്ക് വേണ്ടി ഒന്നും ലഘൂകരിക്കേണ്ടതില്ല”. നിലാവ് പോലെ സൗമ്യനായ ബിജിബാലും ഉരുകിത്തിളയ്ക്കുന്ന വെയില് പോലെ പനച്ചൂരാനും, പക്ഷെ അത് അപൂർവമായ ഒരു കോമ്പിനേഷനായി മാറി. ലാൽ ജോസിന്റെയുള്ളിലും അടക്കിപിടിച്ച ഒരു അരാജകവാദിയുണ്ടായിരുന്നതിനാൽ സ്നേഹാധിക്യത്തിന്റെ മെരുക്കലുകളാൽ അപൂർവ സുന്ദരമാ മൂന്നു ഗാനങ്ങൾ അറബിക്കഥയുടെ പ്രമേയത്തിന് കരുത്തായി അന്ന് രൂപപ്പെട്ടു. ani. ഡിസംബർ മാസം വരെ ഞങ്ങൾ തമ്മിൽ സമ്പർക്കമുണ്ടായിരുന്നു. മലയാളത്തിന് നഷ്ടപ്പെട്ടത് എത്ര വലിയ പ്രതിഭയെ ആണെന്നറിയാൻ അദ്ദേഹത്തിന്റെ ചൊൽക്കവിതകളിലേക്ക് നിശബ്ദമായി ഒന്ന് കാതുകൊടുത്താൽ മാത്രം മതിയാവും”.
Post Your Comments