GeneralLatest NewsMollywoodNEWS

ബാറുകളും തുറന്നു; തിയേറ്ററുകളും തുറക്കാന്‍ ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍

80 ലേറെ ചിത്രങ്ങളാണ് മലയാളത്തില്‍ മാത്രം ഈ പ്രതിസന്ധി നേരിടുന്നത്.

കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തിൽ സിനിമാ തിയേറ്ററുകള്‍ അടച്ചിട്ടതോടെ സിനിമ വ്യവസായം പ്രതിസന്ധിയിൽ ആണ്. പത്തു മാസത്തോളമായി അടഞ്ഞു കിടക്കുന്ന തിയറ്ററുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദന്‍ രംഗത്ത്. സിനിമയെ ആശ്രയിച്ചു ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളും കുടുംബങ്ങളും ഇന്നും ജീവിതമാര്‍ഗ്ഗം വഴിമുട്ടി നില്‍ക്കുകയാണ്. തിയേറ്ററുകള്‍ പൂര്‍വ്വസ്ഥിതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കില്‍ മാത്രമേ ഈ വ്യവസായം മുന്നോട്ട് കൊണ്ടു പോകാനും ഇതിനെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളുടെ പട്ടിണി മാറ്റാനും സാധിക്കുകയുള്ളുവെന്ന് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഉണ്ണി മുകുന്ദന്റെ കുറിപ്പ്:

സിനിമയും ഒരു തൊഴിലാണ്
കോവിഡ് എന്ന മഹാമാരി അപ്രതീക്ഷിതമായി കടന്ന് വന്ന് നമ്മുടെ എല്ലാം ജീവിതം തന്നെ താറുമാറാക്കിയിട്ട് ഒരു വര്‍ഷത്തോളമാകുന്നു. കോവിഡ്-19 എന്ന വൈറസ് കാരണം നമ്മുടെ ജീവിതശൈലി തന്നെ മാറ്റിമറിക്കപ്പെട്ടു. എന്നാല്‍ നാമിന്ന് ഏറെക്കുറെ അതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നിരവധി വാക്‌സിന്‍ പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലാണെന്നാണ് അറിയാന്‍ കഴിയുന്നത്. എത്രയും വേഗം ഈ മഹാമാരിയ്ക്ക് ഒരു പര്യവസാനം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.

READ ALSO:അച്ഛനൊപ്പമുള്ള യാത്ര ആഘോഷിച്ച്‌ ആര്യയുടെ മകള്‍

ഈ സമയത്ത് പ്രസക്തമെന്ന് തോന്നിയ ഒരു വിഷയം പറയാന്‍ ആഗ്രഹിക്കുന്നു. ഘട്ടംഘട്ടമായി ആണെങ്കിലും ഒട്ടുമിക്ക വ്യവസായങ്ങളും സേവന സ്ഥാപനങ്ങളും പൊതു ഗതാഗത സംവിധാനങ്ങളുമടക്കം പൂര്‍വ്വ സ്ഥിതിയിലെത്തിയെങ്കിലും ഇന്നും പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഒരു വ്യവസായമാണ് സിനിമ. സിനിമ ചിത്രീകരണങ്ങള്‍ പരിമിതിയോടെ പുനരാംഭിച്ചുവെങ്കിലും തിയേറ്ററുകള്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ കൊറോണയ്ക്ക് മുമ്ബ് ചിത്രീകരണം ആരംഭിച്ചതുള്‍പ്പടെ 80 ലേറെ ചിത്രങ്ങളാണ് മലയാളത്തില്‍ മാത്രം ഈ പ്രതിസന്ധി നേരിടുന്നത്.

സിനിമ മേഖലയിലെ ആര്‍ട്ടിസ്റ്റുകള്‍, ടെക്‌നിഷ്യന്‍സ്, പ്രൊഡക്ഷന്‍ രംഗത്തെ തൊഴിലാളികള്‍, തീയറ്റര്‍ ഉടമകള്‍, തൊഴിലാളികള്‍, എന്നിങ്ങനെ ഈ വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്ന 1000 കണക്കിന് ആളുകളും അവരുടെ കുടുംബങ്ങളും ഇന്നും ജീവിതമാര്‍ഗ്ഗം വഴിമുട്ടി നില്‍ക്കുകയാണ്. തീയറ്ററുകള്‍ പൂര്‍വ്വ സ്ഥിതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കില്‍ മാത്രമേ ഈ വ്യവസായം മുന്നോട്ട് കൊണ്ട് പോകാനും ഇതിനെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളുടെ പട്ടിണി മാറ്റാനും സാധിക്കുകയുള്ളു.

പൊതുഗതാഗത സംവിധാനങ്ങളും ബാറുകളും അടക്കം തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയ സ്ഥിതിയ്ക്ക് കോടിക്കണക്കിനു രൂപ സര്‍ക്കാരുകള്‍ക്ക് ടാക്‌സ് ഇനത്തില്‍ വര്‍ഷം തോറും നല്‍കുന്ന സിനിമ വ്യവസായത്തിന് കൂടി മുന്നോട്ട് പോകാനുള്ള ഇളവുകള്‍ അനുവദിച്ച്‌ തീയറ്ററുകള്‍ തുറക്കാനുള്ള അനുമതി അധികാരപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അനുഭാവപൂര്‍വ്വം ഉണ്ടാകണമെന്ന് പ്രത്യാശിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button