Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWS

അയ്യോ !! നമ്മള്‍ ഇപ്പോള്‍ മോഹന്‍ലാലിന്റെ വീട്ടിലാണ് ! അനുഭവം പങ്കുവച്ച് സഹസംവിധായകൻ

അതിമോഹമാണെന്നറിയാം.. അതിനു ടാക്സ് ഒന്നും കൊടുക്കേണ്ടല്ലോ..!

സിനിമയിൽ എത്തുന്നതിനു മുൻപ് മോഹൻലാലിന്റെ വീട്ടിൽ പോയ അനുഭവം പങ്കുവച്ച് സഹസംവിധായകൻ മനോജ് പട്ടത്തില്‍. ഫേസ്ബുക്കിലൂടെയാണ് രസകരമായ കുറിപ്പ് താരം പങ്കുവച്ചത്. ടാറ്റാ സ്‌കൈയില്‍ ജോലി ചെയ്യുന്ന സമയത്ത് സര്‍വീസിനായി മോഹന്‍ലാലിന്റെ വീട്ടില്‍ പോയ അനുഭവമാണ് മനോജ് പറയുന്നത്.

പൂര്‍ണ്ണമായ കുറിപ്പ്

പത്തു പതിനാലു കൊല്ലം മുന്‍പാണ്. 2006 ഇല്‍. കൊച്ചിയില്‍ റ്റാറ്റാ സ്‌കൈയില്‍ സര്‍വീസ് എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്ന സമയം.(ഞങ്ങള്‍ കുറച്ചു പേരെ ജീവിതത്തില്‍ നിവര്‍ന്നു നില്‍ക്കാന്‍ കരുത്തേകിയ കമ്ബനിയാണ് റ്റാറ്റാ സ്‌കൈ..)
ഒരു ദിവസം ഏതാണ്ട് ഒരുച്ച സമയം.ഓഫീസില്‍ ഒരു വര്‍ക്ക് ഓര്‍ഡര്‍ വന്നു.സുചിത്ര എന്നാണ് കസ്റ്റമറുടെ പേര്.ആ സമയം ഓഫീസില്‍ ഞാനും സുബിനും(ഫോട്ടോയില്‍ ഇടത്തേയറ്റം ) ആണ് ഉണ്ടായിരുന്നത്. ഞങ്ങള്‍ വര്‍ക്കുമായി ഇറങ്ങി. പെട്ടെന്ന് ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാമെന്നു പറഞ്ഞാണ് പോക്ക്.

read  also:കല്യാണ പെണ്ണ് ആരാണെന്ന് പോലും എനിക്ക് അറിയില്ല; വിവാഹത്തെക്കുറിച്ച്‌ ഷിയാസ് കരീം

തേവരയിലാണ് അഡ്രസ്. കൊച്ചിയിലെ കൊച്ചു ബ്ലോക്കുകള്‍ താണ്ടി ഞങ്ങള്‍ വര്‍ക്ക് ഓര്‍ഡറിലെ അഡ്ഡ്രസില്‍ എത്തി.എത്തിയപാടെ സുബിന്‍ എന്നെ ഒന്നു നോക്കി, ഞാന്‍ മൂപ്പരെ തിരിച്ചും. ഒരൊന്നൊന്നര ഗേറ്റ് ആണ് മുന്‍പില്‍ ! പെട്ടെന്ന് ജോലി തീര്‍ത്ത് ഭക്ഷണം കഴിക്കാമെന്ന മോഹം പതിയെ അടങ്ങി. ഗേറ്റില്‍ ഉള്ള ബെല്ലില്‍ സുബിന്‍ വിരലമര്‍ത്തുമ്ബോള്‍ ഞാന്‍ വര്‍ക്ക് ഓര്‍ഡറിലെ പേരും അഡ്ഡ്രസ്സും ഒന്നൂടെ ഒന്നു നോക്കി.
ഗേറ്റിലെത്തിയ സെക്കൂരിറ്റിച്ചേട്ടനോട് കാര്യം പറഞ്ഞു.ആ ഗേറ്റ് ഞങ്ങളുടെ മുന്നില്‍ തുറക്കപ്പെട്ടു.

കായലോരത്ത് തലയെടുത്ത് നില്‍ക്കുന്ന ആ വീടിന്റെ ഭംഗിയാര്‍ന്ന മുറ്റത്തു കൂടെ മുന്നോട്ട് നടക്കുമ്ബോള്‍ പോലും ഞങ്ങള്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല.കാരണം കൊച്ചിയില്‍ ഇതു പോലുള്ള വീടുകളില്‍ ജോലിയുടെ ആവശ്യങ്ങള്‍ക്കായി പോവുന്നത് ഞങ്ങള്‍ക്ക് സാധാരണമായിരുന്നു. പക്ഷേ ഇടക്ക് കണ്ടൊരു കാഴ്ച്ചയില്‍ എന്റെ ചിന്തയുടക്കി.ലോണില്‍ ഒരു വശത്തുള്ള മനോഹരമായൊരു കൂടാരത്തില്‍ ഒരു കുതിരവണ്ടി.
“ദേവദൂതന്‍.. ”
അറിയാതെ പറഞ്ഞു പോയി.
ങേ? സുബിനും സംശയം.

ഞങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നയാള്‍ അകത്തേക്ക് കയറി. പിന്നാലെ ഞങ്ങളും.
ചുറ്റുമൊന്ന് കണ്ണോടിച്ച ഞങ്ങളുടെ മുന്നില്‍ ഡ്രോയിങ് റൂമിലെ ചുവരിലെ ചിത്രം പതിഞ്ഞു.
സിരകളിലൂടെ ഒരു കൊള്ളിയാന്‍ പാഞ്ഞു. അക്കാലത്തു ചാനലുകളിലും മറ്റും കണ്ടിരുന്ന ആ മുഖം പെട്ടെന്ന് ഓര്‍മ്മ വന്നു. മോഹന്‍ലാല്‍ എന്ന വിസ്മയത്തിനു ജന്മം കൊടുത്ത അമ്മയുടെ ചിത്രമായിരുന്നു അത്.

കയ്യിലെ കടലാസിലെ പേരൊന്നുകൂടെ നോക്കി. ‘സുചിത്ര’. മോഹന്‍ലാലിന്റെ ഭാര്യ !!
അയ്യോ !!! നമ്മള്‍ ഇപ്പോള്‍ മോഹന്‍ലാലിന്റെ വീട്ടിലാണ് !
ഇങ്ങനെ ഞങ്ങളുടെ മനസ്സ് പറഞ്ഞു.. ശബ്ദം പക്ഷേ പുറത്തേക്ക് വന്നില്ല.
വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നയാളുടെ നിര്‍ദ്ദേശപ്രകാരം ജോലി തുടങ്ങുമ്ബോഴും ഞങ്ങളുടെ അമ്ബരപ്പ് മാറിയിരുന്നില്ല. പക്ഷേ..എവിടെ?! പകര്‍ന്നാടിയ വേഷങ്ങളിലൂടെ തലമുറകളെ വിസ്മയിപ്പിച്ച ആ താരമെവിടെ?
ഇല്ല എങ്ങും കാണുന്നില്ല..
“ചിലപ്പോള്‍ ഷൂട്ടിങ്ങിലായിരിക്കും.. ” എന്ന് സുബിന്‍. നിരാശ.

ആയിരങ്ങള്‍ അത്ഭുതത്തോടെ അകലെ നിന്ന് കാണുന്ന ഒരു വ്യക്തി.അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയിട്ടും ഒന്നു കാണുവാന്‍ പറ്റിയില്ലെന്നു പറഞ്ഞാല്‍ ! ശ്ശെ !!ജോലി തുടങ്ങിയപ്പോള്‍ ഓഫീസില്‍ നിന്നും ഒരു മെറ്റീരിയല്‍ ആവശ്യം വന്നു. രണ്ടു പേര്‍ക്കും പോകാന്‍ മടി. പോകുന്ന സമയത്ത് അദ്ദേഹമെങ്ങാനും വന്നു പോയാലോ!     പിന്നെ ഒന്നും നോക്കിയില്ല തൊട്ടടുത്ത് ജോലിയില്‍ ഉണ്ടായിരുന്ന ജിമ്മിച്ചനെയും (വലത്തേയറ്റം ) രംഗനെയും (ഇടത്ത് നിന്നും രണ്ടാമത് ) വിളിച്ചു കാര്യം പറഞ്ഞു.പറയേണ്ട താമസം അവര്‍ രണ്ടു പേരും കൂടെ ടീം ലീഡര്‍ ശ്രീജിത്തേട്ടനും(ഓറഞ്ചു ഷര്‍ട്ട്‌ ) ഗേറ്റില്‍ റെഡി ജോലി കഴിഞ്ഞു. പോകേണ്ട സമയമായി. പക്ഷേ അദ്ദേഹം വന്നില്ല. ചത്ത മനസ്സോടെ ഞങ്ങള്‍ ഇറങ്ങാന്‍ തുടങ്ങി.
അതാ അകലെ നിന്നും ഒരു ഹോണ്‍ ! അതെ ഇങ്ങോട്ട് തന്നെ !ആ ഗേറ്റുകള്‍ വീണ്ടും തുറക്കപ്പെട്ടു.. അകത്തേക്ക് മെല്ലെയെത്തിയ ഒരു വെളുത്ത എസ് യു വി.

വണ്ടി നിന്നു.ഞങ്ങളുടെ 10 കണ്ണുകള്‍ കാറിന്റെ ഡോറുകളിലേക്ക്..
താരം മണ്ണിലേക്കിറങ്ങി വരുന്നു.ആകാശത്തു നിന്നല്ല, കാറില്‍ നിന്നും..
അറിയാതെ തുറന്നു പോയ വായിലും നെഞ്ചിലും മോ..ഹ..ന്‍..ലാ..ല്‍.. എന്ന പേരോടി..
മനസ്സില്‍ കുറ്റബോധം തോന്നുമ്ബോള്‍ മാത്രമല്ല, അത്ഭുതം തോന്നുമ്ബോളും ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും !

എം സി ആര്‍ മുണ്ടിന്റെ പരസ്യത്തിലെന്ന പോലെ അദ്ദേഹം ഞങ്ങളുടെ നേര്‍ക്ക് വരികയാണ്.കൂടെ ഒന്നു രണ്ടു പേരും. എങ്ങിനെ പെരുമാറണം എന്ന് പോലും ശങ്ക തോന്നിപ്പോകുന്ന നിമിഷം. അദ്ദേഹം ഞങ്ങളുടെയടുക്കല്‍ എത്തി. ഞങ്ങളുടെ കൂടെയുള്ളയാള്‍ അദ്ദേഹത്തിന് ഞങ്ങളെ പരിചയപ്പെടുത്തി. സ്വതസിദ്ധമായ ശൈലിയില്‍ ഞങ്ങളെ നോക്കി ചിരിച്ച്‌ തലകുലുക്കി അദ്ദേഹം അകത്തേക്ക്.
അത്ഭുതം വിട്ടുമാറിയിട്ടില്ലെങ്കിലും എന്റെയുള്ളില്‍ നിന്ന് പുറത്തേക്ക് വന്ന രണ്ടു വാക്കുകള്‍. സ..ര്‍ ഒരു ഫോ..ട്ടോ..
“അതിനെന്താ വാ. ” അദ്ദേഹം വിളിച്ചു. ഞങ്ങള്‍ ചെന്നു..
എന്റെ കയ്യില്‍ അന്ന് നോക്കിയ 6235 ആണ്. “ഇതിലാണോ.. “എന്ന് ചിരിച്ചുകൊണ്ട് ചോദിച്ച ശേഷം അദ്ദേഹം ഫോട്ടോക്ക് പോസ്‌ ചെയ്തു. ശേഷം അദ്ദേഹത്തിന്റെ കൂടെ വന്നവരില്‍ ഉള്ള ഒരാളുടെ കാമറയിലും ഒരു ഫോട്ടോ എടുപ്പിച്ചു. (ഇനി ലാല്‍ സാറിനെ എന്നെങ്കിലും കാണുമ്ബോള്‍ ആ ഫോട്ടോ ചോദിക്കണം ശേഷം അദ്ദേഹം അകത്തേക്ക്..

ഇനിയങ്ങോട്ടുള്ള കാലം ഗമയോടെ പറയാന്‍, കേട്ടിരിക്കുന്നവരെ അസൂയപ്പെടുത്താന്‍, ഒരു കഥയുമായി ഞങ്ങള്‍ പുറത്തേക്ക്..

മലയാളം കണ്ട മഹാനടനെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ട കഥ !
കാലചക്രം പിന്നെയും തിരിഞ്ഞു.പതിനഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം എങ്ങിനെയൊക്കെയോ കറങ്ങി തിരിഞ്ഞു ഞാനും സിനിമയില്‍ എത്തിപ്പെട്ടു.സഹസംവിധായകനായി..
ഇനി ഒരു മോഹം പറയാം.

ഒരിക്കല്‍ ഒരു മോഹന്‍ലാല്‍ പടം ഡയറക്‌ട് ചെയ്യണം.ആദ്യത്തെ ഷോട്ടിന് മുന്‍പ് അദ്ദേഹത്തിന്റെയടുത്തെത്തിയിട്ട് പറയണം “സര്‍.. അന്ന് സാറിന്റെ വീട്ടില്‍ ടാറ്റാ സ്‌കൈ ഇന്‍സ്റ്റാള്‍ ചെയ്തയാളാണ് ഞാന്‍ ! ”

അതിമോഹമാണെന്നറിയാം.. അതിനു ടാക്സ് ഒന്നും കൊടുക്കേണ്ടല്ലോ..!

shortlink

Related Articles

Post Your Comments


Back to top button