2008 ലെ ഭീകരാക്രമണത്തിൽ രാജ്യത്തിനായി ജീവന് ബലിനല്‍കിയ ധീരയോദ്ധാവ് മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാവുകയാണ്. നടൻ അദിവി ശേഷ് നായകനായി എത്തുന്ന മേജര്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. സന്ദീപിന്റെ ജീവിതം സിനിമയാക്കുന്നതിനു മുന്‍പ് അനുവാദം ചോദിക്കാനായി അദിവി ശേഷ് അദ്ദേഹത്തിന്റെ മാതാപിതാക്കളായ റിട്ട. ഐഎസ്ആര്‍ഒ ഓഫീസര്‍ കെ.ഉണ്ണികൃഷ്ണനേയും അമ്മ ധനലക്ഷ്മിയേയും സന്ദര്‍ശിച്ചിരുന്നു . അനുവാദം തന്നുകൊണ്ട് അമ്മ ധനലക്ഷ്മി പറഞ്ഞ വാക്കുകള്‍ ഹൃദയത്തില്‍ സ്പര്‍ശിക്കുന്നതായിരുന്നു എന്നാണ് അദിവി ശേഷ് പറയുന്നത്.
”സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാക്കാനുള്ള ആഗ്രഹവുമായാണ് മാതാപിതാക്കളെ കാണുന്നത്. എന്നാല്‍ ആദ്യം അവര്‍ വിശ്വസിച്ചില്ല. അദ്ദേഹത്തിന്റെ ജീവിതം എല്ലാവര്ക്കും പ്രചോദനമാകുന്നതിന് വേണ്ടിയാണ് സിനിമ ഒരുക്കുന്നതെന്ന് പറഞ്ഞു. ഇതെക്കുറിച്ച് ഒരുപാട് സംസാരിച്ചപ്പോഴാണ് അവര്‍ക്ക് ഞങ്ങളുടെ ഉദ്ദേശശുദ്ധി മനസ്സിലായത്. കുറച്ച് നാളുകള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ അമ്മ പറഞ്ഞു, നിന്നില്‍ ഞാന്‍ എന്റെ മകനെ കാണുന്നുവെന്ന്. അത് തന്നെയായിരുന്നു ആ ജീവിതം സിനിമയാക്കുന്നതിനുള്ള അവരുടെ സമ്മതപത്രവും.”- ‘മേജര്‍ ബിഗിനിംഗ്സ്’ എന്ന് പേരിട്ട വിഡിയോയിലൂടെ അദിവി ശേഷ് പറഞ്ഞു.
മേജര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് നടന് മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുസും സോണി പിക്ചേഴ്സ് ഇന്റര്‍നാഷനല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രമൊരുങ്ങുന്നത്.
Post Your Comments