ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടിൽ അറസ്റ്റിൽ ആയ ബിനീഷ് കോടിയേരിക്കെതിരെ നടപടി ഉടൻ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി താരസംഘടനയായ അമ്മ. ഇന്ന് നടന്ന യോഗത്തിലാണ് തീരുമാനം. ബിനീഷിനോട് വിശദീകരണം തേടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സംഘടനവാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ബിനീഷിനെതിരെ നടപടി വേണമെന്ന് കമ്മിറ്റിയിലെ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് തര്‍ക്കവും വാക്കേറ്റവും ഉണ്ടായി. ചര്‍ച്ചയുടെ തുടക്കത്തില്‍, വാക്കേറ്റങ്ങള്‍ക്കിടയിലും സംഘടനാ പ്രസിഡന്റ് മോഹന്‍ലാല്‍ മൗനം പാലിച്ചുവെങ്കിലും ബിനീഷിനെതിരെ ഉടന്‍ നടപടി വേണ്ടെന്ന സി.പി.എം എം.എല്‍.എയും ‘അമ്മ’ ഭാരവാഹിയുമായ മുകേഷിന്റെ നിലപാടിനോട് അദ്ദേഹം യോജിക്കുകയായിരുന്നു.
തുടര്‍ന്ന് ബിനീഷിനോട് തത്ക്കാലം വിശദീകരണം തേടാമെന്ന മുകേഷിന്റെ നിലപാടും മോഹൻലാൽ അംഗീകരിച്ചതോടെ ഈ നിലപാടില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് നടന് സിദ്ദിഖ് രംഗത്തുവന്നു. ദിലീപിനെതിരെ നടപടിയെടുത്ത സംഘടനയില്‍ നിന്ന് ബിനീഷ് വിഷയത്തില്‍ ഇരട്ട നീതിയുണ്ടാകരുതെന്നായിരുന്നു സിദ്ദിഖ് ആവശ്യപ്പെട്ടത്. നടന് ബാബുരാജും ബിനീഷിനെ പുറത്താക്കണമെന്ന സിദ്ദിഖിന്റെ അഭിപ്രായത്തോട് യോജിച്ചു.
ദിലീപിനെ പുറത്താക്കാനുണ്ടായ സാഹചര്യം വ്യത്യസ്തമാണെന്നും ദിലീപിനെതിരെ സംഘടനയില്‍ അംഗമായിരുന്ന നടി പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇതെന്നും മുകേഷും വാദിച്ചു. തുടര്‍ന്ന് തന്റെ നിലപാട് അംഗീകരിക്കാതെ വന്നതോടെ സിദ്ദിഖ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.
വനിതാ അഭിനേതാക്കള്‍ അടക്കമുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ബിനീഷിനെ സസ്പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹത്തില്‍ നിന്നും രാജി ആവശ്യപ്പെണമെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്.
Post Your Comments