മലയാള സിനിമയിൽ ചരിത്ര വിജയങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സിദ്ദിഖ് ലാൽ ടീം .ഗോഡ്ഫാദറും, വിയറ്റ്നാം കോളനിയും, ഇൻ ഹരിഹർ നഗറുമെല്ലാം ഗംഭീര വിജയം നേടിയ സിദ്ദിഖ് ലാൽ ചിത്രങ്ങളാണ്. ഫാസിലിന്റെ സഹസംവിധായകരായി പ്രവർത്തിച്ച സിദ്ദിഖ് ലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘റാംജിറാവ് സ്പീക്കിങ്’. മികച്ച വിജയം നേടിയ സിനിമയെക്കുറിച്ചുള്ള അറിയാക്കഥകൾ വെളിപ്പെടുത്തുകയാണ് ലാൽ
‘റാംജിറാവ് സ്പീക്കിങ്’ എന്ന സിനിമ റിലീസ് ചെയ്തപ്പോൾ എറണാകുളം ഷേണായിസിൽ അൻപതു പേർ മാത്രമാണ് ഉണ്ടായിരുന്നത്. ഞങ്ങൾക്കൊപ്പം സംവിധായകൻ സത്യൻ അന്തിക്കാടും സിനിമ കാണാനുണ്ടായിരുന്നു. സത്യേട്ടൻ സിനിമ കണ്ടിട്ട് പറഞ്ഞത് “പേടിക്കണ്ട ഇതൊരു സൂപ്പർ ഹിറ്റാകുമെന്നാണ്”. എന്നാൽ ഈ സിനിമ കണ്ട മലയാള സിനിമയിലെ മറ്റൊരു പ്രമുഖനായ വ്യക്തി പറഞ്ഞത് തന്റെ മക്കളുമായി സിനിമ കാണാൻ പോയിട്ട് അവർ എവിടെയും ചിരിച്ചില്ലെന്നാണ്, കൂടാതെ അദ്ദേഹം ഒരു നിർദ്ദേശവും മുന്നോട്ട് വച്ചു. സിനിമയിൽ നിന്ന് കുറച്ച് സീനുകൾ കട്ട് ചെയ്തു കളഞ്ഞു ദൈർഘ്യം കുറച്ചാൽ രണ്ടാഴ്ച ഓടിക്കാമെന്ന്. പാച്ചിക്കയെ വിളിച്ചാണ് അദ്ദേഹം ഇത് പറഞ്ഞത്. പക്ഷേ അതിൽ നിന്ന് ഒരു സീൻ മാറ്റാൻ പോലും ഞങ്ങൾ തയ്യാറായിരുന്നില്ല, കാരണം ആ സിനിമ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു’.
Post Your Comments