മലയാളത്തിന്റെ അനശ്വര കലാകാരൻ കലാഭവൻ മണിയുടെ വേർപാട് സൃഷ്ടിച്ചത് തനിക്കും കുടുംബത്തിനും വലിയ ശൂന്യതയാണെന്ന് തുറന്നു പറയുകയാണ് അദ്ദേഹത്തിന്റെ സഹോദരനും നൃത്തദ്ധ്യാപകനുമായ ആർ എൽ വി രാമകൃഷ്ണൻ. മകളെ ഡോക്ടറായി കാണണമെന്ന് ആഗ്രഹിച്ചിരുന്ന കലാഭവൻ മണിയുടെ കുടുംബം ഇപ്പോൾ ജീവിക്കുന്നത് കലാഭവൻ മണി വാങ്ങിയിട്ടിരുന്ന വീടുകളിലെ വാടക കിട്ടിയിട്ടാണെന്നും ആർ എൽ വി പറയുന്നു.
‘മണിച്ചേട്ടന്റെ മരണത്തിൽ നിന്ന് ഞങ്ങളുടെ കുടുംബം ഇപ്പോഴും കരകയറിയിട്ടില്ല. ചേട്ടൻ പോയതോടെ ഞങ്ങൾ പഴയതു പോലെ ഏഴാംകൂലികളായി. സാമ്പത്തിക സഹായം മാത്രമല്ല ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഒരാളുണ്ട് എന്ന തോന്നലുണ്ടായിരുന്നു. മോൾ ലക്ഷ്മി ഒരു ഡോക്ടറാകണമെന്നും നാട്ടുകാരെ സൗജന്യമായി ചികിത്സിക്കണമെന്നുമൊക്കെ ചേട്ടന്റെ വലിയ ആഗ്രഹങ്ങളായിരുന്നു. അതിനുള്ള കഠിന ശ്രമത്തിലാണവൾ. ചേട്ടൻ വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തിയമ്മയും മോളും ജീവിക്കുന്നത്. നാലര സെന്റിലെ കുടുംബ വീട്ടിലാണ് ഞാനും ഒരു ചേച്ചിയും താമസിക്കുന്നത്. ചേട്ടൻ ഉണ്ടായിരുന്നപ്പോൾ എല്ലാവരെയും സഹായിച്ചു.ചേട്ടൻ പോയതോടെ സഹായിക്കാൻ ആരുമില്ലാതായി’. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആർ എൽ വി രാമകൃഷ്ണൻ പറയുന്നു. കലാഭവൻ മണിയുടെ മരണത്തെക്കുറിച്ചുള്ള സി ബി ഐ അന്വേഷണത്തെക്കുറിച്ചും ആർ എൽ വി പ്രതികരിച്ചു
‘മരിക്കുന്നതിന് മുൻപ് ചേട്ടന്റെ ഉള്ളിൽ വിഷം ചെന്നിട്ടുണ്ട്. അത് വാസ്തവം. പക്ഷേ അത് എങ്ങനെയാണെന്ന് മാത്രം ഇതുവരെ കണ്ടുപിടിച്ചില്ല. സാക്ഷികളില്ല എന്നാണ് സിബിഐ പറഞ്ഞത്. കേസ് തുടരണമെങ്കിൽ സാമ്പത്തികം വേണം. അതില്ലാത്തത് കൊണ്ട് അന്വേഷണം അവസാനിപ്പിച്ചു’.
Post Your Comments