
സിബിഐ സിനിമകളെന്നാൽ മലയാളി പ്രേക്ഷകർക്ക് ആദ്യം ഓർമ്മ വരിക സേതുരാമയ്യരുടെ മുഖമാണ്. അയ്യർ കഥാപാത്രമായി സിബിഐ പരമ്പരകളുടെ നാല് ഭാഗങ്ങളിലും മമ്മൂട്ടി നിറഞ്ഞു നിന്നപ്പോൾ അതിന്റെ അഞ്ചാം ഭാഗം പ്രേക്ഷകർക്ക് മുന്നിൽ പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ ടീം. ‘അലി ഇമ്രാൻ’ എന്ന് പേരിട്ടിരുന്ന സിബിഐ കഥാപാത്രത്തെ അയ്യരാക്കി മാറ്റിയത് നടൻ മമ്മൂട്ടിയാണെന്ന് തുറന്നു പറയുകയാണ് സിബിഐ സിനിമകളുടെ രചയിതാവ് എസ് എൻ സ്വാമി’. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു എസ് എൻ സ്വാമിയുടെ തുറന്നു പറച്ചിൽ.
‘രാധാ വിനോദിനെ സിബിഐ ഡയറിക്കുറിപ്പിന്റെ തിരക്കഥയെഴുതുമ്പോൾ എനിക്ക് പരിചയമേയില്ല. അദ്ദേഹത്തെയാണ് സേതുരാമയ്യർ എന്ന കഥാപാത്രത്തിന് മാതൃയാക്കിയതെന്നത് തെറ്റായ പ്രചരണമാണ്. അദ്ദേഹം മരിച്ചപ്പോൾ പത്രങ്ങളിലൊക്കെ അങ്ങനെ വരികയും ചെയ്തു. കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിക്കും അദ്ദേഹത്തെ അറിയില്ലായിരുന്നു. പീന്നീട് എപ്പോഴോ യാദൃശ്ചികമായി പരിചയപ്പെട്ടപ്പോൾ രാധാ വിനോദ് പറഞ്ഞാണ് അങ്ങനെയൊരു ധാരണയുണ്ടെന്ന് മമ്മൂട്ടി അറിയുന്നത്. സത്യത്തിൽ മമ്മൂട്ടി തന്നെയാണ് ബുദ്ധിമാനായ കുറ്റാന്വേഷക കഥാപാത്രത്തെ സങ്കൽപ്പിച്ച് ഒരു പടം ചെയ്താലോ എന്ന നിർദ്ദേശം വച്ചത്. ആദ്യം അലി ഇമ്രാൻ എന്നായിരുന്നു സിബിഐ ഓഫീസർക്ക് വേണ്ടി ആലോചിച്ച പേര്. അത് വേണ്ട അയ്യരാവട്ടെ എന്ന് മമ്മൂട്ടി പറഞ്ഞു. അങ്ങനെയാണ് സേതുരാമയ്യർ പിറക്കുന്നത്’.
Post Your Comments