
മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങൾക്ക് തന്റേതായ ശൈലിയിലൂടെ പുതു ഭാവുകത്വം പകർന്ന അഭിനയ പ്രതിഭ ആർ നരേന്ദ്രപ്രസാദിന്റെ ചരമവാര്ഷികദിനമാണിന്നു. സാഹിത്യനിരൂപകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, ചലച്ചിത്രനടന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ ഒരുപോലെ ശോഭിച്ച നരേന്ദ്രപ്രസാദ് 1945 ഒക്ടോബര്‍ 26ന് മാവേലിക്കരയിലായിരുന്നു ജനിച്ചത്.
നരേന്ദ്രപ്രസാദ് ശ്യാമപ്രസാദിന്റെ ‘പെരുവഴിയിലെ കരിയിലകള്‍’ എന്ന ടെലിഫിലിമിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സാമ്പത്തിക ബാധ്യതകള്‍ മൂലം നാട്യഗൃഹം അടച്ചുപൂട്ടിയതിനു ശേഷം തൊണ്ണൂറുകളുടെ തുടക്കത്തിലാണ് അദ്ദേഹം ചലച്ചിത്ര രംഗത്ത് സജീവമായത്. ഒരു വില്ലനാവശ്യമായ ശരീരഘടന ഇല്ലാതിരുന്നിട്ടു പോലും നരേന്ദ്രപ്രസാദ് എന്ന നടൻ മലയാള സിനിമയിൽ വില്ലൻ എന്ന സങ്കല്‍പ്പത്തിന്റെ പര്യായമായി മാറി. എഴുപതിലധികം ചലച്ചിത്രങ്ങളിലൂടെ തന്റേതായ സ്ഥാനം നേടിയ അദ്ദേഹം തലസ്ഥാനം, ഏകലവ്യന്, പൈതൃകം, ആറാം തമ്പുരാന്, അദ്വൈതം, ബന്ധുക്കള്‍ ശത്രുക്കള്‍, പവിത്രം എന്നീ ശ്രദ്ധേയചിത്രങ്ങളില്‍ സുപ്രധാന വേഷം ചെയ്തിട്ടുണ്ട്.
അധ്യാപനം ജീവിതവൃത്തിയായിരുന്ന നരേന്ദ്രപ്രസാദ്, ബിഷപ്പ് മൂര്‍ കോളജ്, മാവേലിക്കര, പന്തളം എന്‍.എസ്.എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സറ്റി കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായിരുന്നിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു.
read also:ഗുരുകൃപയിൽ നിന്നും സംതൃപ്തിയോടെ പടിയിറങ്ങി മോഹൻലാൽ
കുട്ടിക്കാലത്തുതന്നെ സാഹിത്യത്തില്‍ താത്പര്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ബാല്യത്തില്‍ മുത്തച്ഛനും മുത്തശ്ശിയുമാണ് സാഹിത്യത്തിലേക്കു നയിച്ചതെന്ന് നരേന്ദ്രപ്രസാദ് പറഞ്ഞിട്ടുണ്ട്. കോളേജില്‍ പഠിക്കുമ്പോള്‍ കൂടുതല്‍ സാഹിത്യത്തെ അറിഞ്ഞു. അക്കാലത്ത് കുറേ കവിതകളും എഴുതി. ആദ്യ കവിത കോട്ടയത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന കേരളധ്വനി വാരാന്തപ്പതിപ്പിലാണ് അച്ചടിച്ചുവന്നത്. മുതിര്‍ന്നപ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാളനാട് വാരിക എന്നീ വാരികകളില്‍ പുതിയ സാഹിത്യത്തെ വിലയിരുത്തിക്കൊണ്ട് ലേഖനങ്ങള്‍ എഴുതിയിരുന്നു. അക്കാലത്ത് ആധുനിക നിരൂപണത്തിന്റെ വക്താവായിരുന്നു നരേന്ദ്രപ്രസാദ്. അയ്യപ്പപണിക്കരുടെ കേരള കവിതാ പ്രസ്ഥാനത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം എന്ന നാടകസംഘം പന്ത്രണ്ടു കൊല്ലം നാടകരംഗത്ത് സജീവമായിട്ടുണ്ടായിരുന്നു. ജി. ശങ്കരപ്പിള്ളയുടെ നാടകപ്രസ്ഥാനവുമായി ബന്ധപ്പെട്ട് അദ്ദേഹം ഏറെനാള്‍ പ്രവര്‍ത്തിച്ചിരുന്നു. സൗപര്‍ണ്ണികയാണ് നരേന്ദ്രപ്രസാദിന്റെ ഏറ്റവും പ്രശസ്തമായ നാടകം. ഈ കൃതി കേരളസാഹിത്യ അക്കാദമിയുടെയും കേരള സംഗീതനാടക അക്കാദമിയുടെയും പുരസ്കാരങ്ങള്‍ നേടിയിരുന്നു. 2003 നവംബര്‍ മൂന്നിന് നരേന്ദ്രപ്രസാദ് അന്തരിച്ചു.
Post Your Comments