മലയാളത്തിലെ ക്ലാസിക് ഹിറ്റായ പൊന്മുട്ടയിടുന്ന താറാവിലെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന അനശ്വര നടന്മാരെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ‘പൊന്മുട്ടയിടുന്ന താറാവ്’ പുതിയ കാലഘട്ടത്തിലേക്ക് അവതരിപ്പിച്ചാൽ താൻ അഭിനയിക്കാൻ ആരെ കണ്ടെത്തും? എന്ന ആശങ്ക പ്രകടിപ്പിക്കുകയാണ് സത്യൻ അന്തിക്കാട്. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു തന്റെ കൾട്ട് ക്ലാസിക് സിനിമയെക്കുറിച്ച് സത്യൻ അന്തിക്കാട് തുറന്നെഴുത്ത് നടത്തിയത്.
സത്യൻ അന്തിക്കാടിന്റെ വാക്കുകൾ
‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ
വെറുതേയൊന്ന് ആലോചിച്ചുനോക്കി.
‘പൊന്മുട്ടയിടുന്ന താറാവ്’ എന്ന സിനിമ ഇപ്പോഴാണ് ചിത്രീകരിക്കേണ്ടിവരുന്നതെങ്കിൽ കഥാപാത്രങ്ങളായി ആരെയൊക്കെ അഭിനയിപ്പിക്കാം? തട്ടാൻ ഭാസ്കരനെയും പവിത്രനെയും സ്നേഹലത എന്ന കുറുമ്പിപ്പെണ്ണിനെയും പുതിയ തലമുറയിൽനിന്ന് കണ്ടെത്താൻ കഴിഞ്ഞേക്കും. പക്ഷേ, മൂത്ത തട്ടാനെ ആര് അവതരിപ്പിക്കും? കൃഷ്ണൻകുട്ടിനായർ തകർത്തഭിനയിച്ച വേഷമാണ്. മരിച്ചതായി പലവട്ടം തോന്നിപ്പിക്കുകയും വീണ്ടും ജീവനോടെ കമ്പിളിപ്പുതപ്പിനുള്ളിൽക്കിടന്ന് നമ്മളെ ചിരിപ്പിക്കുകയും ചെയ്ത മൂത്തതട്ടാൻ! സ്നേഹലതയ്ക്ക് ഭാസ്കരൻ പണിയിച്ചുകൊടുത്ത പത്തുപവന്റെ മാലയെച്ചൊല്ലി പണിക്കരുടെ മുറ്റത്തു നടക്കുന്ന പൊരിഞ്ഞ വഴക്കിനിടയിലേക്ക് പാതി ജീവനോടെ ആടിയാടി വന്ന് ഇന്നസെന്റിനെ സൗമ്യമായി അടുത്തേക്കു വിളിച്ച ‘ഫ’ എന്ന ആട്ടുകയും അതിന്റെ ആഘാതത്തിൽ വാഴക്കൂട്ടത്തിലേക്ക് സ്വയം വീണുപോവുകയും ചെയ്യുന്ന തട്ടാൻ ഗോപാലൻ!! ഇല്ല. കൃഷ്ണൻകുട്ടിനായരല്ലാതെ ആ വേഷമഭിനയിക്കാൻ എന്റെ അറിവിൽ മറ്റാരുമില്ല; അന്നും ഇന്നും. അതുപോലെത്തന്നെയാണ് ശങ്കരാടിയുടെ നാട്ടുപ്രമാണിയും കരമന ജനാർദനൻ നായരുടെ ഹാജിയാരും. വേറെ ആരുടെയെങ്കിലും രൂപത്തിൽ അവരെ കാണാൻ മനസ്സു സമ്മതിക്കുന്നില്ല. ആവശ്യത്തിനും അനാവശ്യത്തിനും നാട്ടുകാരുടെ വിഷയങ്ങളിൽ ഇടപെടുകയും സന്ധ്യാനേരങ്ങളിൽ ക്ഷേത്രമുറ്റത്ത് ഉറഞ്ഞുതുള്ളുകയും രാത്രിയായാൽ രഹസ്യമായി ഇത്തിരി ചാരായം മോന്തുകയും ചെയ്യുന്ന വെളിച്ചപ്പാടായിട്ട് ജഗതി ശ്രീകുമാറിനുപകരം ആരുണ്ട്’?
Post Your Comments