മലയാള ചലച്ചിത്രങ്ങളിൽ പിന്നണി പാടില്ലെന്ന വിജയ് യേശുദാസിന്റെ തീരുമാനത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. മലയാള സിനിമയിൽ സംഗീത മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അർഹിക്കുന്ന അംഗീകാരവും പ്രതിഫലവും ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് വിജയ് യേശുദാസിന്റെ തീരുമാനം. പ്രതിഫല കാര്യത്തിൽ കടുംപിടുത്തം പാടില്ലെന്നും കല ഉപദേശവുമായി അനുകൂലികളും പ്രതികൂലികളും സോഷ്യൽ മീഡിയയിൽ ചർച്ചകൾ മുന്നേറുന്നതിനിടെ സംഗീത സംവിധായകൻ എം. ജയചന്ദ്രൻ ജീവിക്കാൻ സിനിമാ സംഗീത സംവിധായകന്റെ വരുമാനം മാത്രം മതിയാകില്ലെന്നാണ് തുറന്നു പറയുന്നു. വിജയ് വിവാദത്തിനു പിന്നാലെ ‘വനിത ഓൺലൈന്‍’ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
‘മലയാള സിനിമയിൽ ഏറ്റവും ചെറിയ വരുമാനത്തിൽ ജോലി ചെയ്യുന്നവർ സംഗീതസംവിധായകർ തന്നെയാണ്. മലയാള സംഗീതത്തെക്കുറിച്ച് വ്യാവസായികമായി ചിന്തിക്കുമ്പോള്‍ പ്രൊഡ്യൂസർമാർക്ക് അതിലപ്പുറം ചെലവാക്കാനാകാത്ത അവസ്ഥയും ഉണ്ട്. രണ്ടു വശത്തു നിന്നും അതിനെ കാണേണ്ടതുണ്ട്. കന്നടയോ തെലുങ്കോ ഹിന്ദിയോ ഒക്കെ വച്ച് നോക്കുമ്പോൾ അവർക്കു കിട്ടുന്നതിന്റെ പത്തു ശതമാനമെങ്കിലും കിട്ടാൻ നമ്മൾ അർഹരല്ലേ എന്നു പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വലിയ കഷ്ടമാണത്. മലയാളത്തില്‍ ബാബുരാജ് മുതൽ രവീന്ദ്രൻ മാസ്റ്ററോ ജോൺസൺ മാസ്റ്ററോ വരെയുള്ളവരെല്ലാം സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടിയവരാണ്. ഗായകർക്ക് പിന്നെയും ഗുണങ്ങളുണ്ട്. അവർ ചോദിക്കുന്ന പണം കിട്ടുന്നുണ്ട്. പലപ്പോഴും അത് സംഗീതസംവിധായകർ തന്നെ കൈയിൽ നിന്ന് നൽകേണ്ട അവസ്ഥയുമുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും സംഗീതത്തോടുള്ള പാഷനാണ് ഈ രംഗത്ത് തുടരാൻ പ്രേരിപ്പിക്കുന്നത്.
പണമുണ്ടാക്കാനുള്ള മാധ്യമം ആയല്ല സിനിമയെ കാണുന്നത്. ജീവിതം മുന്നോട്ടു പോകാൻ സിനിമയിൽ നിന്നുള്ള വരുമാനം മാത്രം മതിയാകാതെ വരുന്നതുകൊണ്ടാണ് മറ്റു പരിപാടികളും റിയാലിറ്റി ഷോകളും ഏൽക്കുന്നത്. അത് മലയാളത്തിലെ സംഗീതസംവിധായകരുടെ ഗതികേടാണ്. സിനിമ എന്നത് കൊമേഴ്സ്യൽ മീഡിയം തന്നെയാണ്. പുണ്യം നേടാനല്ലല്ലോ സിനിമ ചെയ്യുന്നത്. പാട്ട് ചെയ്യാൻ വിളിക്കുമ്പോൾ തന്നെ ഹിറ്റ് പാട്ട് വേണം അല്ലെങ്കിൽ വ്യത്യസ്തമായ പാട്ട് വേണം എന്നല്ലേ എല്ലാവരും പറയാറുള്ളത്. അതെങ്ങനെയുണ്ടാകും? അതിനു സംഗീതസംവിധായകന്റെ ഭാഗത്തു നിന്ന് വലിയ അധ്വാനം വേണം. ആ അധ്വാനത്തിനുള്ള മാന്യമായ, ന്യായമായ പ്രതിഫലം മാത്രമാണ് ആവശ്യപ്പെടുന്നത്. കൂടുതലൊന്നും വേണ്ട.
ബിഗ് ബജറ്റ് പടമാണെങ്കിൽ അഭിനേതാക്കൾക്കും മറ്റെല്ലാ വിഭാഗങ്ങൾക്കും പ്രതിഫലം കൂടും. പക്ഷേ, സംഗീതവിഭാഗത്തിലെ ആർക്കും കൂടില്ല. അവഗണിക്കപ്പെടുന്ന വിഭാഗമായി നമ്മളിങ്ങനെ വർഷങ്ങളായി കഴിയുന്നു. എനിക്കു പരാതിയൊന്നുമില്ല, പക്ഷേ ഇത് മാറണം. പുറത്തു നിന്ന് സംഗീതസംവിധായകരെ കൊണ്ടു വരുമ്പോൾ അവർ ചോദിക്കുന്ന പണം നൽകാറുണ്ട്. അപ്പോൾ അടിസ്ഥാനപരമായി എന്താണ് മാനദണ്ഡം ? എനിക്കിതുവരെ അതു മനസ്സിലായിട്ടില്ല. ഇത്ര പണം തന്നാലേ വർക്ക് ചെയ്യൂ എന്ന് ഞാനിതുവരെ പറഞ്ഞിട്ടില്ല. പാട്ടിന് അഡ്വാൻസ് വാങ്ങാറുമില്ല. സംവിധായകന് ആദ്യം ട്യൂൺ ഇഷ്ടപ്പെടട്ടെ, എന്നിട്ട് പണം വാങ്ങാം എന്നാണ് പറയാറുള്ളത്. ഗായകനും ഗാനരചയിതാവിനും അവരുടെ വർക് തീർന്നയുടൻ പണം നൽകും. സംഗീതസംവിധായകനെ ഇതെല്ലാം പാക്കേജ് ആയി അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്. ഇതൊക്കെ എങ്ങനെയാണ് ന്യായീകരിക്കേണ്ടത് എന്ന് അറിയില്ല.
സിനിമയിൽ ഒരാളും അവശ്യഘടകമല്ല. എം. ജയചന്ദ്രൻ സംഗീതം ചെയ്തില്ലെങ്കിൽ നഷ്ടം എനിക്കു മാത്രമാണ്. സിനിമയ്ക്ക് ഒന്നും സംഭവിക്കില്ല. നമ്മുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കണമെന്നുള്ളതുകൊണ്ട് ഇതെല്ലാം സഹിച്ച് മുന്നോട്ടു പോകുന്നു എന്നു മാത്രം
കടപ്പാട് : വനിത
Post Your Comments