CinemaGeneralLatest NewsMollywoodNEWS

അളന്നു മുറിച്ചതുപോലെയാണ് മോഹൻലാലും ജയപ്രദയും ആ രംഗത്ത് കഥാപാത്രങ്ങളായി മാറിയത്: ക്ലാസിക് ഹിറ്റിനെക്കുറിച്ച് രഘുനാഥ് പലേരി

ക്രുദ്ധമായ മുഖത്തോടെ മാഡം ആഞ്ചലീനാ ഇഗ്നേഷ്യസ് തന്നെ കാണാൻ വന്ന വിശാൽ കൃഷ്ണ മൂർത്തിയോട് കയർത്തു

സിബി മലയില്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘ദേവദൂതന്‍’ എന്ന സിനിമയുടെ ഏറ്റവും മനോഹരമായ രംഗത്തെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ രഘുനാഥ് പലേരി. ട്രീറ്റ്മെന്റിലും എഴുത്തിലും ഏറെ വ്യത്യസ്തമായ ‘ദേവദൂതന്‍’ അന്ന് സാമ്പത്തികമായി പരാജയപ്പെട്ടെങ്കിലും കാലത്തെ അതിജീവിച്ച് പ്രേക്ഷക മനസ്സില്‍ തറയ്ക്കപ്പെട്ട ക്ലാസിക് ഹിറ്റാണ്.

സിനിമയിലെ ഏറ്റവും മനോഹരമായ രംഗത്തെക്കുറിച്ച് രഘുനാഥ് പലേരി ഫേസ്ബുക്കില്‍ കുറിച്ചത്

“ദേവദൂതനിൽ” ഞാൻ കൌതുകത്തോടെ കാണന്നൊരു ഭാഗമാണ് , മാഡം ആഞ്ചലീനാ ഇഗ്നേഷ്യസ്സിനെ അവരുടെ ബംഗ്ലാവിലേക്ക് വന്ന് കണ്ട് അവരുടെ പ്രണയത്തെക്കുറിച്ചും കാമുകനെക്കുറിച്ചും വിശാൽ കൃഷ്ണമൂർത്തി തുറന്നടിച്ചു പറയുന്നത്. കൃത്യമായ ചടുലതയോടെ വിശാൽ കൃഷ്ണമൂർത്തി അത് പറയുന്നത് കേൾക്കുമ്പോൾ എനിക്കുള്ളിൽ ഞാനറിയാതെ തന്നെ ഒരു പ്രകമ്പനം ഉണ്ടാവും. അളന്നു മുറിച്ചതുപോലെയാണ് മോഹൻലാലും ജയപ്രദയും ആ രംഗത്ത് കഥാപാത്രങ്ങളായി മാറിയത്. മനോഹര ചിത്ര ചതുരങ്ങളിൽ സിബിയും സന്തോഷ് തുണ്ടിയിലും അതെനിക്ക് പകർത്തിയെടുത്ത് കാണിച്ചു തന്നു.
രംഗം ചിത്രീകരിക്കും മുൻപെ ആ സംഭാഷണങ്ങൾ പലതവണ മോഹൻലാൽ എനിക്കു മുന്നിൽ വായിച്ചു വായിച്ച് ഉരുവിട്ടിരുന്നു. ഇടക്കെല്ലാം എടുത്ത് നോക്കാറുള്ള ആ തിരക്കഥയിൽ നിന്നും ഇന്നും എടുത്തു നോക്കി ഞാനാ ഭാഗം.
അത് ഇങ്ങിനെയാണ്.
” ബംഗ്ലാവ്. അകം. മാഡം. വിശാൽ.”
———————————————-
ക്രുദ്ധമായ മുഖത്തോടെ മാഡം ആഞ്ചലീനാ ഇഗ്നേഷ്യസ് തന്നെ കാണാൻ വന്ന വിശാൽ കൃഷ്ണ മൂർത്തിയോട് കയർത്തു.
മാഡം:
ഇവിടെ വന്ന് കൽപ്പിക്കാനും എന്റെ ജോലിക്കാരെ ശാസിക്കാനും നിങ്ങളാരാ.. എനിക്ക് നിങ്ങളെ കാണണ്ട..
നിങ്ങളോടെനിക്കൊന്നും സംസാരിക്കാനുമില്ല..
നിങ്ങൾ പുറത്ത് പോകണം.
വിശാൽ:
പക്ഷെ എനിക്ക് സംസാരിക്കാനുണ്ടല്ലോ..
അത് പറയാതെ പോയാൽ സ്‌തേവ അച്ചൻ
എന്നെ വഴക്കു പറയും.
മാഡത്തിന്റെ മുഖഭാവം പെട്ടെന്നു മാറി.
വിശാൽ തുടർന്നു.
വിശാൽ:
മരിക്കുന്നതിന്നു മുൻപ് അദ്ദേഹം അവസാനമായി സംസാരിച്ചത് എന്നോടാണ്. നിങ്ങൾക്ക് മാത്രമല്ല. അദ്ദേഹത്തെ എനിക്കും അറിയാം. അതുകൊണ്ടാണ് ഞാൻ സെമിത്തേരിയിൽ വന്നത്.
(ദേഷ്യത്തോടെ)
അവിടെ വെച്ച് എന്നെ ഇങ്ങിനെ തുറിച്ചു നോക്കുന്നുണ്ടായിരുന്നല്ലോ.
മാഡം എന്ത് പറയണമെന്നറിയാതെ നിന്നു.
വിശാൽ സ്വൽപ്പം തണുത്തു.
വിശാൽ:
മാഡം ആഞ്ജലിക്കാ ഇഗ്നേഷ്യസ്സ് ഒരു കാര്യം
മനസ്സിലാക്കണം. നിങ്ങളെക്കുറിച്ച് എനിക്കൊന്നും അറിയില്ല. അറിയാൻ താൽപ്പര്യവുമില്ല.
പക്ഷെ ഞാനാരാണെന്നും എന്നെ എന്തിനായിരുന്നു ഈ കോളേജിൽ നിന്നും പുറത്താക്കിയതെന്നും നിങ്ങൾ അറിഞ്ഞേ പറ്റൂ..
(ഒന്നു നിർത്തി, ശബ്ദം സ്വൽപ്പം ഉയർത്തി
വിശാൽ തുടർന്നു.)
വിശാൽ:
ചാപ്പലിന്നകത്തെ ആ സംഗീത ഉപകരണവും തുടച്ച് വെച്ച് നിങ്ങൾ ഒരാളെ ഈ കാലം മുഴുവൻ കാത്തിരിക്കയാണെന്ന് എനിക്കറിയില്ലായിരുന്നു.
മാഡം അമ്പരന്നു.
വിശാൽ:
പഠിക്കുന്ന കാലത്ത് ഞാനത് വായിച്ചുവെന്നും പറഞ്ഞ് ബഹളം ഉണ്ടാക്കി നിങ്ങളെന്നെ പുറത്താക്കി.
അന്നും.. ഇതാ.. ഇപ്പഴും, ഞാനല്ല അത് വായിച്ചത്. എനിക്കത് നേരാംവണ്ണം വായിക്കാൻ അറിയില്ലെന്ന് എന്റെ കൂടെ വന്ന സ്‌നേഹക്കും അറിയാം.
മാഡം,
കള്ളം പറയുന്നോ… ?
നിങ്ങൾ അത് വായിച്ചത് ഞാൻ കേട്ടില്ലേ…?
അതിൽ കയറി ഇരിക്കുന്നത് കണ്ടില്ലേ…?
വിശാൽ,
മതി.
മാഡം കേട്ടു. ഞാൻ ഇരുന്നു. രണ്ടും ശരിയാണ്. എന്നാൽ നിങ്ങൾ കേട്ടത് ഇതല്ലേ..
ഇത് ഞാനാണോ എഴുതിയത്..?
ലൈബ്രറിയിലെ പുസ്തകത്തിൽ നിന്നും
കിട്ടിയ സംഗീതം എഴുതിയ കടലാസ്
വിശാൽ അവർക്ക് നീട്ടി.
അത് കാണുന്നതും മാഡത്തിന്റെ കണ്ണ് തിളങ്ങി.
അവരത് സാവകാശം വാങ്ങി.
ഇടക്കിടെ വിതുമ്പിയും, ചിരിച്ചും.. അവരത്
നോക്കുന്നത് വിശാൽ കണ്ടു നിന്നു.
ആ കാഴ്ച്ച വിശാലിനെ വല്ലാതെ വേദനിപ്പിച്ചു.
മാഡം,
ഇതെങ്ങിനെ…?
എവിടുന്ന്…?
ഇപ്പോ..?
നിങ്ങളുടെ…കയ്യിൽ…?
വിശാൽ,
ഇതാരുടെതാണെന്ന് എനിക്കറിയാം.
ഈ സംഗീതമല്ലേ നിങ്ങൾ കേൾക്കുന്നത്.
എന്നെങ്കിലും ഒരിക്കൽ അയാൾ വന്ന് ചാപ്പലിന്നകത്തെ ആ സംഗീത ഉപകരണം വായിക്കാനല്ലെ നിങ്ങളിങ്ങനെ കാത്തിരിക്കുന്നത്…
മാഡം വിതുമ്പി. വിശാലിന്റെ ശബ്ദം ഏതോ
അദൃശ്യ മനസ്സിന്റെ ദുഃഖം പറയും വിധം
ഉള്ളിലേക്കൊന്ന് പതിഞ്ഞു.
വിശാൽ:
പിൻസിപ്പൽ അച്ചൻ നിർബന്ധിച്ചിട്ടാണ് ഞാനിവിടെ വീണ്ടും വന്നത്. അല്ലാതെ നിങ്ങളോട് പക
വീട്ടാനൊന്നും അല്ല. ഫാദർ എഴുതിയ ഒരു കഥ അവരുടെ പ്രോഗ്രാമിനുവേണ്ടി ഞാനേറ്റെടുത്തപ്പോ.. എന്താണെന്നറിയില്ല.. എന്നിലൂടെ അത് മാറാൻ തുടങ്ങി.. അതെങ്ങിനെ സംഭവിക്കുന്നുവെന്നെനി ക്കറിയില്ല. അങ്ങിനെ സംഭവിക്കുന്നു.
ഫാദറെഴുതിയ കഥയിലെ നായിക തിരിച്ചു വരാത്ത
കാമുകനെ കാത്തിരിക്കുന്ന ഒരു കാമുകിയാണ്.
മേരി എന്നാണ് ആ കഥാപാത്രത്തിന്റെ പേര്.
തുടക്കം അവിടുന്നായിരുന്നു. എങ്ങിനെയോ
ആ മേരിയുടെ സ്ഥാനത്ത് എനിക്ക് മറ്റൊരു
പേരു കിട്ടി..
മാഡം,
എന്ത് പേര്..?!
വിശാൽ,
അത്.. ആ സംഗീതത്തിലുണ്ട്….
വിശാൽ അത് പാടി..
വിശാൽ:
രു..രൂ..രൂ… അലീനാ… രു..രൂ…രൂ.. അലീനാ…
മാഡം വിസ്മയത്തോടെ വിശാലിനെ
നോക്കിനിന്നു. വിശാൽ തുടർന്നു.
വിശാൽ:
എത്രയോ വർഷത്തെ പ്രണയത്തിനു ശേഷം വിവാഹ
സമ്മതം വാങ്ങാൻ പിരിഞ്ഞുപോയ കാമുകൻ.. തിരിച്ചുവരാതെ തന്റെ പ്രിയപ്പെട്ട കാമുകിയെ
വിളിക്കുകയാണ്..
രു..രൂ…രൂ.. അലീനാ…
അതി തീവ്രമായ വേദനയോടെ, കേൾക്കാനിഷ്ടപ്പെടാത്തതൊന്ന് നിഷേധിക്കും വിധം
സ്വയം മറന്ന് മാഡം ശബ്ദം ഉയർത്തി.
മാഡം,
നോ.. ഹി വിൽ കം.
വരും. എന്റെ മഹേശ്വർ ഇവിടെ വരും.
ആ സപ്തസ്വരമണികൾ വായിക്കും.
എന്നെ ഇത്രയും കാലം തനിച്ചാക്കിയതിന്റെ കാരണം
എന്നോട് പറയും. എനിക്കത് കേൾക്കണം..
വിശാൽ അതിലും ശബ്ദം ഉയർത്തി.
വിശാൽ.
അത് നിങ്ങളുടെ കഥ.
അതിന് എന്നെ എന്തിന് കഷ്ടപ്പെടുത്തി?
എന്റെ പഠിത്തം എന്തിന് നശിപ്പിച്ചു?
എന്നെ എന്തിന് ഇവിടുന്ന് പുറത്താക്കി?
ഇപ്പഴും പറയുന്നു. അന്നും ഇന്നും ഞാനല്ല
അത് വായിച്ചത്.. മറ്റാരോ ആണ്..
മറ്റാരോ..
തെല്ലിട നിശ്ശബ്ദം.
രണ്ടുപേരും പരസ്പരം നോക്കി നിന്നു.
വിശാൽ തുടർന്നു.
വിശാൽ:
അത് അയാളുടെ കയ്യക്ഷരം അല്ലെ.. ?
അതല്ലെ നിങ്ങൾ കേൾക്കാറ്..?
മറ്റാർക്കും അറിയാത്ത ആ സംഗീതം ഞാനെങ്ങനാ
വായിക്കുന്നത്..?
മാഡത്തിന് അതൊരു തിരിച്ചറിവായിരുന്നു.
അവർക്കൊന്നു പൊള്ളിയപോലെ..
മാഡം,
ശരിയാണ്.. ഇത്.. ഇത്… നിങ്ങൾക്കറിയില്ല….!
ദൈവമേ.. ഞാനെന്തേ അങ്ങിനെ ചിന്തിച്ചില്ല..
അവരുടെ ദൈന്യത തിരിച്ചറിയുന്നതും വിശാൽ അവിടെ നിന്നും പതിയെ പിന്മാറവേ, മാഡം വിശാലിനോട് ക്ഷമ ചോദിക്കും വിധം പിറകെ ചെന്നു.
മാഡം:
മാപ്പ്..
എനിക്ക് മാപ്പ് തരണം..
നഷ്ടപ്പെടുത്തിയ ജീവിതം എങ്ങിനെ തിരിച്ചു തരണം
എന്നെനിക്കറിയില്ല …
തെറ്റു ചെയ്തു..
ഞാൻ നിങ്ങളോട് തെറ്റ് ചെയ്തു..
എന്ത് പ്രായശ്ചിത്തവും ചെയ്യാം..
വീണ്ടും പഠിക്കാനുള്ള സൗകര്യം ചെയ്തു തരാം..
ഇവിടെ ഒരു ജോലി തരട്ടെ… ചോദിച്ചോളൂ..
കുറെ പണം തരട്ടെ…
വിശാൽ അവരെ വേദനയോടെ നോക്കി നിന്നു.
പെട്ടെന്നുണ്ടായ കുറ്റബോധത്തിൽ ശരിയായ ഒരു
മാനസികാവസ്ഥയിലല്ല അവരതത്രയും പറയുന്നതെന്ന്
അവനു തോന്നി.
അത്രയം പറഞ്ഞ്, പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട്
കയ്യിലെ കടലാസ് മാഡം സന്തോഷത്തോടെ
അവനെ കാണിച്ചു.
മാഡം:
പറഞ്ഞതൊക്കെ ശരിയാണ്..
ഞാൻ കാത്തിരിക്കയാണ്..
എന്റെ മഹേശ്വറിനെ…
പക്ഷെ ഈ കയ്യക്ഷരം മഹേശ്വറിന്റെതല്ല.
ഇത് ഞാനെഴുതിയതാണ്..
മഹേശ്വർ പാടിത്തന്നു..
ഞാൻ എഴുതിയെടുത്തു..
അവിടെ മാത്രം നിങ്ങൾ പറഞ്ഞത് തെറ്റിപ്പോയി.
വിശാൽ വേദനയോടെ പുഞ്ചിരിച്ചു.
വിശാൽ:
എനിക്ക് തെറ്റിയിട്ടില്ല മാഡം.
ഇത് മഹേശ്വരിന്റെ കയ്യക്ഷരമല്ലെന്ന് എനിക്കറിയാം.
ഈ കയ്യക്ഷരം അദ്ദേഹം കണ്ടിട്ടില്ല..
മഹേശ്വറിന്ന് കാഴ്ച്ചയില്ലായിരുന്നു…
മാഡം അവനെ തുറിച്ചു നോക്കി.
മാഡം:
ആരു പറഞ്ഞു.
മഹേശ്വറിന് നിങ്ങളേക്കാൾ കാഴ്ച്ചയുണ്ടായിരുന്നു.
അദ്ദേഹം കാണാത്തതായി ഈ ലോകത്തിൽ
ഒന്നും തന്നെ ഇല്ല..
വിശാൽ:
ഇത് സ്‌നേഹത്തിന്റെ ഭാഷയാണ് മാഡം.
ഇത് മറ്റുള്ളവർ വിശ്വസിക്കില്ല.
എന്നും എവിടെയും സത്യം മാത്രമേ പറയാവൂ.
എന്നാലേ ഇത്രയും വർഷമായി കാത്തിരിക്കുന്ന
നിങ്ങളോട് എന്തുകൊണ്ട് തിരിച്ചുവന്നില്ലെന്ന്
മഹേശ്വറിന് പറയാൻ കഴിയൂ..
തുടർന്നു പറയാൻ കഴിയാതെ, അങ്ങേയറ്റം ഭീതിയോടെ
ആകെ തളർന്ന് മാഡം തിരികെ നടന്നതും അവരിലേക്ക് മഹേശ്വറിന്റെ പതിഞ്ഞ ശബ്ദം വീണു.
“അലീനാ… ”
മാഡം ഒരു ഞെട്ടലോടെ തിരിഞ്ഞു.
വിശാൽ നിൽക്കുന്നിടത്തു നിന്നും മുൻപെങ്ങോ ഒരിക്കൽ തനിക്കു നേരെ നടന്നു വന്ന മഹേശ്വറിനെ മാഡം കണ്ടു.
നടന്നു വരവേ, മഹേശ്വറിന്റെ കാൽ തട്ടി മുന്നിലെ ചെറിയൊരു ഇരിപ്പിടം വീണതും, അവനൊന്നു തെന്നിയതും മാഡം, മഹേശ്വർ..
എന്നു വിളിച്ചുകൊണ്ട് മുന്നോട്ട്..
മുന്നിൽ വിശാലിനെ കാണുന്നതും അവർ
നിന്നുപോയി.. വിശാൽ പതിയെ പറഞ്ഞു.
വിശാൽ:
ഞാനാണ് മാഡത്തെ വിളിച്ചത്…
വിശാലിന്റെ കയ്യിലേക്ക് മാഡം സാവകാശം
മൂർഛിച്ചു വീണു. വിശാൽ അവരെ ആദരവോടെ താങ്ങി.
കട്ട്.

shortlink

Related Articles

Post Your Comments


Back to top button