മലയാളത്തില്‍ മികച്ച ആക്ഷന്‍ സിനിമകള്‍ സമ്മാനിച്ച ടീമാണ് മോഹന്‍ലാല്‍- ഷാജി കൈലാസ് ടീം. ‘ദേവാസുരം’ എന്ന സിനിമ സംവിധാനം ചെയ്യാന്‍ മോഹിച്ച ഷാജി കൈലാസ് എന്ന അന്നത്തെ പുതുമുഖ സംവിധായകന് മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ പിന്നെയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു.1997-ലാണ് ഷാജി കൈലാസ് മോഹന്‍ലാല്‍ ടീം ആദ്യമായി ഒന്നിച്ചത്. ‘ആറാം തമ്പുരാന്’ എന്ന സിനിമയ്ക്ക് ചരിത്ര വിജയം സമ്മാനിച്ച് കൊണ്ട് ഇതേ ടീം എല്ലാവരെയും ഞെട്ടിച്ചു. മനോജ് കെ ജയനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘അസുരവംശം’ എന്ന സിനിമയുടെ പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് രഞ്ജിത്ത് തയ്യാറാക്കിയ ‘ആറാം തമ്പുരാന്’ എന്ന സിനിമയുടെ തിരക്കഥ മോഹന്‍ലാല്‍ വായിക്കുകയും അതില്‍ അഭിനയിക്കണമെന്ന് ആഗ്രഹം അറിയിക്കുകയും ചെയ്തതോടെ ഷാജി കൈലാസ് മോഹന്‍ലാല്‍ ടീമിന്റെ ആദ്യ സിനിമയ്ക്ക് ആരംഭമായി.
‘ആറാം തമ്പുരാന്’ എന്ന സിനിമ നല്കിയ മാസ്മരിക വിജയം ഇതേ ടീമിന് വലിയ കരുത്ത് നല്കിയപ്പോള് രണ്ടായിരമാണ്ടില്‍ മറ്റൊരു മാസ് വാണിജ്യ ചിത്രവുമായി ഇതേ ടീം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ‘നരസിംഹം’ എന്ന സിനിമ രണ്ടായിരത്തിലെ തുടക്കത്തില്‍ മലയാള സിനിമയിലെ മഹാ വിജയമായി മാറിയപ്പോള്‍ ഷാജി കൈലാസ് – മോഹന്‍ലാല്‍ ടീം മലയാള സിനിമയിലെ മറക്കപ്പെടാന്‍ കഴിയാത്ത കൂട്ടുകെട്ടായി മാറി. പക്ഷേ ഇതേ കൂട്ടുകെട്ട് നരസിംഹത്തിന്റെ വിജയ ലഹരിയില്‍ അമിത പ്രതീക്ഷയോടെ 2002-ല്‍ ‘താണ്ഡവം’ എന്ന സിനിമ ചെയ്തപ്പോള്‍ പ്രേക്ഷകര്‍ കൈ മലര്‍ത്തുകയായിരുന്നു. ‘ആറാം തമ്പുരാനും’, ‘നരസിംഹവും’ നല്കിയ ഹെവി ആക്ഷന്‍ ഡോസേജ് ‘താണ്ഡവം’ എന്ന സിനിമയില്‍ ഇല്ലാതെ പോയതും, ഓണക്കാലത്ത് കുടുംബവുമായി എത്തിയ പ്രേക്ഷകരെ ഗ്ലാമറസ് രംഗങ്ങളുടെയും, സംഭാഷണത്തിന്റെയും പേരില്‍ നെറ്റി ചുളിപ്പിച്ചതും ‘താണ്ഡവം’ എന്ന സിനിമയ്ക്ക് വിനയായി.
‘താണ്ഡവം’ എന്ന സിനിമയുടെ പാപക്കറ കഴുകി കളയാന്‍ ‘നാട്ടുരാജാവ്’ എന്ന പേരില്‍ ഒരു മോഹന്‍ലാല്‍ മാസ് സിനിമ ചെയ്ത ഷാജി കൈലാസിന് അവിടെ ഏറെക്കുറെ തന്റെ വിപണന തന്ത്രം പ്രയോജനപ്പെടുത്താന്‍ സാധിച്ചു. സാമ്പത്തികമായി വലിയ നഷ്ടം വരുത്താതെ ‘നാട്ടുരാജാവ്’ വിജയം നേടുകയും ചെയ്തു. പക്ഷേ എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ ‘ബാബ കല്യാണി’ എന്ന ചിത്രം ഷാജി കൈലാസ് ഏറെ പ്രതീക്ഷയോടെ ചെയ്തപ്പോള്‍ മോഹന്‍ലാല്‍ – ഷാജി കൈലാസ് ടീമിന്റെ ആ പഴയ പ്രതാപം അദ്ദേഹത്തിന് ആ സിനിമയിലൂടെയും തിരികെ കൊണ്ട് വരാന്‍ കഴിഞ്ഞില്ല. ‘ബാബ കല്യാണി’ ബോക്സ് ഓഫീസില്‍ വലിയ പരാജയം ഏറ്റുവാങ്ങി.
‘അലിഭായ്’ എന്ന സിനിമയില്‍ കോഴിക്കോടന്‍ കഥാപാത്രമായി മോഹന്‍ലാല്‍ നിറഞ്ഞു നിന്നപ്പോള്‍ ഷാജി കൈലാസിന് അവിടെയും അടവ് പിഴച്ചു. ‘അലിഭായ്’ എന്ന ചിത്രവും മോഹന്‍ലാല്‍ – ഷാജി കൈലാസ് ടീമിന്റെ കാലത്തെ അതിജീവിക്കാതെ കടന്നു പോയ ചിത്രമായി പ്രേക്ഷകര്‍ ഒറ്റത്തവണ കണ്ടവസാനിപ്പിച്ചു. 2009-ലാണ് ഇതേ കൂട്ടുകെട്ട് അവസാനമായി ഒന്നിച്ചത്. റിലീസിന് മുന്‍പേ ‘റെഡ് ചില്ലീസ്’ എന്ന സിനിമ നല്കിയ ആവേശം റിലീസിന് ശേഷം വലിയൊരു വിജയാഘോഷമാക്കി മാറ്റാന്‍ ആരാധകരെ ഉള്‍പ്പടെ പ്രേരിപ്പിച്ചില്ല. ‘റെഡ് ചില്ലീസും’ മോഹന്‍ലാല്‍ – ഷാജി കൈലാസ് ടീമിന്റെ പരാജയ സിനിമകളുടെ ലിസ്റ്റില്‍ കയറിക്കൂടി.
Post Your Comments