ഇതിഹാസ ഗായകന് എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം കലാ ലോകത്തെ നടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളില്‍ പ്രണാമം അര്‍പ്പിച്ച് കൊണ്ട് അദ്ദേഹത്തിനൊപ്പമുള്ള മധുര സ്മരണകള്‍ പങ്കിടുകയാണ് സംവിധായകന് ലാല്‍ ജോസ്. കടുകട്ടി തെലുങ്ക് പാട്ടുകൾ വരെ നാരങ്ങാമിഠായി പോലെ നാവിൻ തുമ്പിൽ അലിഞ്ഞുചേർന്നത് എസ്പി ബിയുടെ പാട്ടുകള്‍ക്ക് കാതോര്‍ത്തത് കൊണ്ടാണെന്ന് ലാല്‍ ജോസ് ഫേസ്ബുക്കില്‍ കുറിച്ചു.
ലാല്‍ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ചന്ദ്രനുദിക്കുന്ന ദിക്കിലെ ബംബാട്ട് ഹുഡുഗി – ആ പാട്ടിന് ഒരു എസ്.പി.ബി വേർഷനുമുണ്ട്. മദ്രാസ് ടി.നഗറിലെ വിദ്യാസാഗറിന്റെ വർഷവല്ലകിസ്റ്റുഡിയോയിൽ റിക്കോർഡിംഗ് കഴിഞ്ഞ രാത്രിയിൽ സ്ററുഡിയോയോട് ചേർന്നുളള കുടുസു മുറിയിലെ മര ഡസ്കിൽ താളം പിടിച്ച് എസ്.പി. ബി എനിക്ക് വേണ്ടി പാടി. അവിശ്വസനീയമായ അനുഭവം. കെ.ബാലചന്ദർ, ഭാരതീരാജ, കമലാഹാസൻ, രജനീകാന്ത് തുടങ്ങിയവരുടെ സിനിമകൾ കണ്ടാണ് എന്റെ തലമുറ തമിഴ് പഠിച്ചത്. എസ്.പി.ബിയുടെ പാട്ടിലൂടെയാണ് ആ ഭാഷയെ സ്നേഹിച്ചു തുടങ്ങിയത്. കടുകട്ടി തെലുങ്ക് പാട്ടുകൾ വരെ നാരങ്ങാമിഠായി പോലെ നാവിൻ തുമ്പിൽ അലിഞ്ഞുചേർന്നതും എസ്.പി.ബിയിലൂടെ. ആ ശബ്ദം നിലക്കുമ്പോൾ ഏറ്റവും പ്രിയപ്പെട്ട ഒരു പാട്ടിൽ നിന്ന് ഒരു ശബ്ദം , ഒരു താളം ഇടറി മുറിഞ്ഞതുപോലെ. യൗവ്വനത്തിന്റേതായി ബാക്കിയുണ്ടായിരുന്ന ഒരു ഓർമ്മകൂടി കണ്ണീരോർമ്മയാകുന്നതിന്റെ നൈരാശ്യം.
Post Your Comments