GeneralLatest NewsMollywood

ശരിക്കും ഒരു ‘പെണ്ണ് കാണൽ’ പോലെ, കുറ്റവും കുറവും കണ്ടു പിടിക്കാനുള്ള വൃത്തികെട്ട മനസ്സോടെ, ഈ പെണ്ണ് കാണൽ ഞാനല്ലാതെ മറ്റു രണ്ടു പേരെ അറിഞിഞ്ഞിരുന്നുള്ളു!! “അവൻ ആൾ ‘അപകടകരിയാ..'” അന്ന് സുകുമാരന്‍ പറഞ്ഞു

ഞാൻ നേരിട്ട് കാണും മുൻപ് നിങ്ങളെപ്പറ്റി എന്നോട് പറഞ്ഞത് നടൻ സുകുമാരനായിരുന്നു . "വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ " എന്ന ചിത്രത്തിന്റെ ദുബായിലെ ഷൂട്ടിങ്ങ് കഴിഞ്ഞാണ്

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തോടുള്ള സൗഹൃദ്യം വ്യക്തമാക്കുന്ന കുറിപ്പുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. ഓരോ വ്യക്തിയെയും അളന്നു തൂക്കി മനസ്സിലാക്കാനും അതിനനുസരിച്ചു ഇടപഴകാനും മമ്മൂട്ടിക്ക് നന്നായി അറിയാമെന്നും എല്ലാവരും എന്നെ മേനോൻ എന്ന് വിളിക്കുമ്പോൾ മമ്മൂട്ടി തന്നെ ‘ മിസ്റ്റർ മേനോൻ’ എന്നേ വിളിക്കുകയുള്ളൂയെന്നും ബാലചന്ദ്രമേനോൻ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു

കുറിപ്പ് പൂര്‍ണ്ണരൂപം

മമ്മൂട്ടി,
ഇന്നത്തെ “BIRTHDAY BOY” ക്കുള്ള എന്റെ കുറിപ്പാണിത് …..
ആദ്യം തന്നെ പറയട്ടെ , നിങ്ങൾ ഒരു ഭാഗ്യവാനാണ് …
ഒരു സിനിമാക്കാരൻ എന്ന നിലയിൽ…
കുടുംബസ്ഥനെന്ന നിലയിൽ…
അങ്ങിനെ പലതിലും …
ചുരുക്കിപ്പറഞ്ഞാൽ ഒരു അനുഭവ യോഗമുള്ള ‘ ജാതകൻ ‘ എന്നർത്ഥം.
നന്നായിരിക്കട്ടെ…!
നിങ്ങളുടെ ഇന്നത്തെ ഈ സന്തോഷത്തിനു കാരണം വർഷങ്ങളായുള്ള നിങ്ങളുടെ അശ്രാന്തപരിശ്രമമാണെന്നു കൂടി ചേർത്തു വായിക്കണം . ഞാനിന്നും ഓർക്കുന്നു , സിനിമയിൽ ഒരു കാലഘട്ടത്തിൽ, നിങ്ങൾ പ്രത്യക്ഷമാവുമ്പോൾ ഒന്നടങ്കം കൂവൽ ഉതിർത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു . സുന്ദരനായ നിങ്ങൾ കൂളിംഗ് ഗ്ലാസ് കൂടി വെച്ച് മോഡി പിടിപ്പിച്ചു തീയേറ്ററിലെ പ്രേക്ഷകനെ നോക്കിയപ്പോൾ അവന്റെ ഉള്ളിൽ നുരഞ്ഞു പൊന്തിയ അസൂയയുടെ ഒരു ബഹിസ്ഫുരണമായിരുന്നു അത് . ….
പിന്നീട്, മലയാളത്തിലെ ഒരു പ്രമുഖ സിനിമ വാരിക ആഴ്ചകളോളം നിങ്ങളെ മോശമായി ചിത്രികരിച്ചു . ‘മമ്മൂട്ടിയുടെ ജാഡ ‘ എന്നൊരു പ്രയോഗം തന്നെ നിലവിൽ വന്നു. എന്നാൽ ആ ജാടയെയൊക്കെ മറികടന്ന് നിങ്ങൾ സിനിമ പ്രേമികളുടെ മനസ്സിൽ ഇടം പിടിച്ചു ; അവർക്കു നിങ്ങൾ ‘മൊഞ്ചുള്ള മമ്മൂക്കയായി ‘…
സബാഷ്!
ഇനി നാം തമ്മിലുള്ള കാര്യം . ഞാൻ നിങ്ങളെ ആദ്യമായി കാണുന്നത് എന്നാണെന്നു അറിയാമോ ? നിങ്ങളറിയാതെയാണ് . നിങ്ങളെ അടി മുതൽ മുടി വരെ ഞാൻ ഉറ്റു നോക്കി കണ്ടിരുന്നു . ശരിക്കും ഒരു ‘പെണ്ണ് കാണൽ’ പോലെ, കുറ്റവും കുറവും കണ്ടു പിടിക്കാനുള്ള വൃത്തികെട്ട മനസ്സോടെ . ഈ പെണ്ണ് കാണൽ ഞാനല്ലാതെ മറ്റു രണ്ടു പേരെ അറിഞിഞ്ഞിരുന്നുള്ളു . സെഞ്ച്വറി രാജുമാത്യുവും കൊച്ചുമോനും . ഒരു ക്ലൂ കൂടി പറയാം അന്ന് നിങ്ങളുടെ പേര് മമ്മൂട്ടി എന്നായിരുന്നില്ല . ‘സജിൻ ‘എന്നായിരുന്നു . (ഇതിന്റെ വിശദവിവരങ്ങൾ എന്റെ തന്നെ “filmy FRIDAYS ” SEASON 3 ൽ ഞാൻ വിശദമായി പിന്നെ പരാമർശിക്കുന്നുണ്ട്) .
പിന്നെ, ഞാൻ നേരിട്ട് കാണും മുൻപ് നിങ്ങളെപ്പറ്റി എന്നോട് പറഞ്ഞത് നടൻ സുകുമാരനായിരുന്നു . “വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ ” എന്ന ചിത്രത്തിന്റെ ദുബായിലെ ഷൂട്ടിങ്ങ് കഴിഞ്ഞാണ് സുകുമാരൻ എന്റെ “കലികയുടെ ” സെറ്റിൽ എത്തുന്നത് . സംസാര മധ്യേ സുകുമാരൻ പറഞ്ഞു :
“ഇക്കഴിഞ്ഞ സിനിമയിൽ എന്റെ കൂടെ ഒരു ചെറുപ്പക്കാരൻ അഭിനയിച്ചു .മമ്മൂട്ടി.”. തന്റെ സ്വതസിദ്ധമായ കുസൃതിച്ചിരിയോടെ കൂട്ടിച്ചേർത്തു .
“അവൻ ആൾ ‘അപകടകരിയാ..'”..
പ്രതീക്ഷക്കു വക നൽകുന്ന നടൻ എന്നാണു സുകുമാരൻ ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായി .
മമ്മൂട്ടി ആദ്യമായി എന്റെ ചിത്രത്തിൽ അഭിനയിക്കുന്നത് മമ്മൂട്ടി ആയിട്ടു തന്നെ, “ചിരിയോ ചിരി”യിൽ . പിന്നീട് “ശേഷം കാഴ്ചയിൽ ” ഒരു സ്വിമ്മിങ് കോച്ച് ആയിട്ട് .അതുകഴിഞ്ഞാൽ “നയം വ്യ്കതമാക്കുന്നു ” എന്ന ചിത്രത്തിൽ ഒരു രാഷ്ട്രീയ പ്രവർത്തകനായിട്ടും . എന്നെ മൊത്തത്തിൽ UNSAFE ആക്കിയ SAFE എന്ന
വിതരണക്കമ്പനിയുടെ തകർച്ചയിൽ നിന്ന് കരകയറാൻ ആ ചിത്രം തെല്ലൊന്നുമല്ല എന്നെ സഹായിച്ചത് .എന്നാൽ നിങ്ങൾ കൂട്ടത്തിൽ ഒരു കൊടും ക്രൂരത കൂടി കാട്ടി . ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനു മുൻപ് എനിക്ക് രണ്ടാഴ്ച സമയമേ തന്നുള്ളൂ ..
ആ സമയത്തു നടക്കേണ്ടിയിരുന്ന ഒരു മമ്മൂട്ടി ചിത്രം പെട്ടന്ന് ക്യാൻസൽ ആയി .
ആ ഡേറ്റ് എനിക്ക് സമ്മാനിച്ചിട്ടു മമ്മൂട്ടി പറഞ്ഞു :
“ഇപ്പോഴത്തെ ചുറ്റുപാടിൽ ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു സിനിമ …അത് നിങ്ങൾക്കുമാത്രമേ കഴിയൂ “…..
(അതേപ്പറ്റി ഇനിയുമുണ്ട് ഒത്തിരി പറയാൻ .അത് SEASON 3 ൽ ആവാം)
രാപ്പകൽ, കുഞ്ഞനന്തന്റെ കട , ഏറ്റവും അടുത്തു റിലീസാകാനിരിക്കുന്ന “വൺ ” എന്ന ചിത്രത്തിൽ ഒരു അതിഥി വേഷത്തിലും ഞാൻ നിങ്ങളുടെ കൂടെ വരുന്നുണ്ട് . ഇത്രയും കുറച്ചു സിനിമകളിൽ മാത്രമേ നമ്മൾ സഹകരിച്ചുള്ളുവെങ്കിലും നമ്മൾ തമ്മിൽ ആരോഗ്യകരമായ ഒരു ബന്ധം തീർത്തെടുത്തു . ഓരോ വ്യക്തിയെയും അളന്നു തൂക്കി മനസ്സിലാക്കാനും അതിനനുസരിച്ചു ഇടപഴകാനും മമ്മൂട്ടിക്ക് നന്നായി അറിയാം . എല്ലാവരും എന്നെ മേനോൻ എന്ന് വിളിക്കുമ്പോൾ മമ്മൂട്ടി എന്തുകൊണ്ടോ തുടക്കം മുതൽ എന്നെ ‘ മിസ്റ്റർ മേനോൻ’ എന്നേ വിളിക്കുകയുള്ളു .
അതാണ് മമ്മൂട്ടി….
എല്ലാവരും ആശംസകൾ നേരുന്ന ഈ ദിനത്തിൽ ഞാനും
നിങ്ങൾക്കും കുടുംബത്തിനുമായി പ്രാർത്ഥിക്കുന്നു .
ഇനി ഒരു സ്വകാര്യം ….ആരുംകേൾക്കണ്ട ..
അറിഞ്ഞോ അറിയാതെയോ പൗരുഷത്തിന്റെ പ്രതീകമായ നിങ്ങളുടെ ഉള്ളിൽ, അതായതു മമ്മൂട്ടിയുടെ ഉള്ളിൽ ഒരു “കൊച്ചു കുട്ടി” ഒളിഞ്ഞിരിക്കുന്നത് ഞാൻ അറിയുന്നു .
“ശേഷം കാഴ്ചയുടെ “ഷൂട്ടിങ്ങ് കഴിഞ്ഞുള്ള ഒരു രാത്രി
മടക്കയാത്രയിൽ നിങ്ങൾ അന്തം വിട്ട് കാറോടിച്ചപ്പോഴും , “നയം വ്യക്തമാകുന്നു” തിരുവന്തപുരം ഷൂട്ടിങ് വേളയിൽ എന്റെ വീട്ടിൽ ഉച്ചയൂണ് കഴിഞ്ഞപ്പോൾ എന്നെ മക്കളുമൊത്ത് ക്യാമെറയിൽ പകർത്താൻ നിങ്ങൾ വെമ്പൽ കാട്ടിയപ്പോഴും, എന്തിനേറെ “നയം ….” ഷൂട്ടിങ് കഴിഞ്ഞു പോകവേ എല്ലാവരും കേൾക്കെ ,
“ഞാൻ ഈ പടത്തിൽ അഭിനയിച്ചിട്ടേയില്ല …മിസ്റ്റർ മേനോനെ അനുകരിച്ചിട്ടേയുള്ളു…’ എന്ന് പറഞ്ഞപ്പോഴുമൊക്കെ നിങ്ങളിലെ ആ ‘കുട്ടിയെ’ ഞാൻ അടുത്തു കണ്ടിട്ടുണ്ട് ….
അവനെ എന്നും നിങ്ങൾ കൂടെ കൂട്ടണം .
അവനാണ് നിങ്ങൾക്ക് സുഗന്ധം പകരുന്നത് …
അവനാണ് നിങ്ങളുടെ ചിരിക്ക് നൈർമ്മല്യം പകരുന്നത് ….
ഏവരെയും പോലെ ഞാനും നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു !
that’s ALL your honour !

shortlink

Related Articles

Post Your Comments


Back to top button