രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതൃഭൂമി സാഹിത്യോത്സവത്തില്‍ നടനും കവിയുമായ ബാലചന്ദ്രന് ചുള്ളിക്കാട് നടത്തിയ ഒരു സംവാദത്തില്‍ പറഞ്ഞ മറുപടി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു. ചോദ്യകര്‍ത്താവിനെ അപമാനിക്കുകയായിരുന്നു ബാലചന്ദ്രന് ചുള്ളിക്കാടെന്ന വിമര്‍ശനം ഒരു വിഭാഗം ഉയര്‍ത്തുമ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി നടി രേവതി സമ്പത്ത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് താരം ബാലചന്ദ്രന് ചുള്ളിക്കാടിനു പിന്തുണ അറിയിച്ചത്
രേവതിയുടെ പോസ്റ്റ്
മനുഷ്യർ വൈവിധ്യങ്ങളുടെ ഇടകലർച്ചയാണ്. അത് എല്ലാവരാലും അംഗീകരിക്കപ്പെടുന്നതുമാണ്. എങ്കിലും ആളുകൾ എങ്ങനെയാകണമെന്ന് മറ്റുള്ളവർ മുൻകൂട്ടി നിശ്ചയിക്കുന്നത് വല്ലാത്ത വിരോധാഭാസമാണ്. ഒരു വിഷയത്തിലെ സ്വന്തം അഭിപ്രായം സ്വന്തം ശൈലിയിലൂടെ ഒഫൻസീവല്ലാത്ത രീതിയിൽ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. കലർപ്പുകളാണ് മനുഷ്യർ.
നമ്മെ അസ്വസ്ഥമാക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങളിൽ മധുരം കുഴച്ച് ഉരുട്ടി കൊടുക്കേണ്ട കാര്യമെന്താണ്? ചോദ്യത്തിനൊത്ത ഉത്തരങ്ങളാണ് കാലം ആവശ്യപ്പെടുന്നത്. അല്ലെങ്കിൽ എല്ലാക്കാലത്തും നാം ഇത്തരം ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടവരാണെന്ന തോന്നൽ ദൃഢമാവുകയാണ് ചെയ്യുക. മറുപടികൾ ധിക്കാരമല്ല. അതിനാൽ ധിക്കാരം എന്നൊക്കെ പറഞ്ഞ് അതിനെ അത്ര എളുപ്പം തള്ളിക്കളയാനുമാകില്ല.
മനുഷ്യർ എപ്പോഴും പ്രതികരിക്കുന്നതിലാണ് പ്രശ്നങ്ങൾ കണ്ടെത്തുക. ചോദ്യങ്ങൾ എപ്പോഴും ജനാധിപത്യത്തിൻ്റെ പരിരക്ഷയിലായിരിക്കും. ചോദ്യങ്ങൾ ചോദിക്കപ്പെടേണ്ടതു തന്നെയാണ്. പക്ഷേ വ്യക്തിപരമായി ഒരാളെ അസ്വസ്ഥപ്പെടുത്തുന്ന / സ്വകാര്യതയിലേക്ക് കടന്നു കയറുന്ന ചോദ്യങ്ങൾ ചോദിക്കേണ്ട കാര്യം ആർക്കുമില്ല. അത്തരം ചോദ്യങ്ങളാണ് ജനാധിപത്യവിരുദ്ധവും മര്യാദാലംഘനവും. ഓരോ മനുഷ്യരും കടന്നുവന്ന വഴികൾ വ്യത്യസ്തമായതുകൊണ്ടുതന്നെ അവരുടെ പ്രതികരണരീതി അതിൽ നിന്ന് രൂപപ്പെടും.
സമൂഹം നിഷ്കർശിക്കുന്ന എല്ലാ അച്ചടക്കവും പാലിച്ച് സംസാരിക്കുന്ന ഒരാൾ സൗമ്യമായി തെറി പറയുകയോ മോശമായി പെരുമാറുകയോ ചെയ്താൽ അയാൾ നല്ല ശൈലിയിലാണല്ലോ പ്രതികരിച്ചത് എന്നാരെങ്കിലും പറയുമോ?ചിരിയിലൂടെയും സുഖിപ്പിക്കലിലൂടെയും കാപട്യം പുലർത്തുന്ന ചില കലാകാരന്മാർക്ക് സൗകര്യമില്ല എന്ന വാക്ക് പറയാൻ ബുദ്ധിമുട്ടുണ്ടാകും. ഈ സൗമ്യ – വിനയ ഭാവം പേറി നടക്കുന്ന ഞാൻ കണ്ട മിക്കവാറും ആളുകൾ തെറ്റുകളുടെ കൂമ്പാരങ്ങളാണ്.
ചില ചോദ്യങ്ങൾക്ക് അതേ തീവ്രതയിൽ തന്നെ മറുപടി കൊടുക്കേണ്ടതുണ്ട്. യാഥാർത്ഥ്യങ്ങൾക്കു പുറത്തു നിന്ന് നമ്മെ കുറിച്ച് ഒരാൾ നടത്തുന്ന പ്രീ – ജഡ്ജ്മെൻ്റിനെ ഉയർന്ന ശബ്ദത്തിൽ തന്നെ തിരിച്ചടിക്കണം. അതൊരാളോടുള്ള പറച്ചിലാണെങ്കിലും ഒരുപാട് പേരോടുള്ള മറുപടിയാണ്. സൗകര്യമില്ല എന്ന വാക്കിൽ എല്ലാമുണ്ട്. എൻ്റെ ജീവിതത്തിലും തീരുമാനത്തിലും നിങ്ങൾ ഇടപെടേണ്ട കാര്യമില്ലെന്ന് ആ ഒരൊറ്റ വാക്കിൽ ഓർമപ്പെടുത്തുന്നുണ്ട്.
സിനിമയെ കപടലോകവും കവിതയെ ഉദാത്തലോകവുമായി ചിത്രീകരിക്കുന്നതു തന്നെ വലിയ പ്രശ്നമാണ്. ഒരു കലാരൂപത്തെ മാത്രം പ്രശ്നവൽക്കരിക്കുന്ന ചോദ്യകർത്താവിൻ്റെ സാമൂഹ്യബോധത്തെയാണ് നാം ചോദ്യം ചെയ്യേണ്ടത്. മൾട്ടി ഡൈമെൻഷനുള്ള ഒരാളെ നിങ്ങൾ ഇങ്ങനെ മാത്രം ജീവിച്ചാൽ പോരേ എന്ന ചോദ്യം തന്നെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്.
“ഇത് മുഴുവൻ കള്ളമാണ്, ഇതൊന്നും സ്നേഹമല്ല” എന്നത് പലർക്കുമുള്ള മറുപടിയാണ്. എല്ലാ ഫാൻസുകാർക്കുമുള്ള ഉത്തരം അതിലടങ്ങിയിട്ടുണ്ട്. വ്യക്തികളെ പ്രസ്ഥാനമാക്കാനും അവർ എന്തു പറയണമെന്ന് തീരുമാനിക്കാനുമുള്ള അവകാശം സപ്പോർട്ട് ചെയ്യുന്നവർക്കു പോലുമില്ല. കടന്നുക്കയറ്റങ്ങൾക്കെതിരെ മൃദുലമായ സമീപനങ്ങളല്ല വേണ്ടത്. എന്നെ സ്നേഹിക്കുന്നെങ്കിൽ പോലും എനിക്ക് വേണ്ടത് ഇതല്ല എന്ന് ഒരാൾക്ക് പറയാനാകുന്നുണ്ടെങ്കിൽ അദ്ദേഹം ഒരുപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു.
ബാലചന്ദ്രൻ ചുള്ളിക്കാടിന് അഭിവാദ്യങ്ങൾ ❤
Post Your Comments