GeneralLatest NewsMollywood

ഇനി ആ വീട്ടിൽ പോയി പ്രസാദിനെ കാണാൻ കഴിയില്ല; വയറിംഗ് പണിക്കിടെ ഷോക്കേറ്റ് മരിച്ച ലൈറ്റ്മാൻ പ്രസാദിന്റെ ഓര്‍മയില്‍ മലയാളസിനിമാ ലോകം

കണ്ണൂർ ഏഴിമല നാവിക അക്കാഡമിയിൽ വച്ച് ഷോക്കേറ്റായിരുന്നു മരണം. ആദരാഞ്ജലികൾ

മലയാള സിനിമയില്‍ ലൈറ്റ്മാനായി പ്രവര്‍ത്തിച്ച പ്രസാദിന് ആദരാഞ്ജലികളുമായി പ്രിയ താരങ്ങളും സിനിമാലോകവും. രജപുത്ര യൂണിറ്റിലെ ലൈറ്റ്മാനായിരുന്ന പ്രസാദ് ജോലിക്കിടെ ഷോക്കേറ്റ് മരിക്കുകയായിരുന്നു. കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിയിലായിരുന്നു അപകടം. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങി നിരവധിപേർ ആദരാഞ്ജലികൾ അർപ്പിച്ചു. സിനിമയിൽ വർഷങ്ങളായി പ്രവര്‍ത്തിക്കുന്ന പ്രസാദ് കോവിഡിനെതുടര്‍ന്ന് അക്കാദമിയിൽ ദിവസവേതനത്തിന് ജോലി ചെയ്യുകയായിരുന്നു.

പ്രമുഖരുടെ കുറിപ്പ്

രതീഷ് യു.കെ.(ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ–സംവിധായകൻ): കണ്ണിനകത്തേക്കു ഒരു മരണത്തെയും പോകാൻ വിട്ടിട്ടില്ല . ഇന്നലെവരെ ..കണ്ണീർ തടുക്കും. പുറത്തേക്കൊഴുക്കും. നീ പോയത് കണ്ണറിയാതെ ചങ്കു തുളച്ച്‌.

മാലാ പാർവതി: രജപുത്ര യൂണിറ്റിൽ പ്രധാനിയായിരുന്നു പ്രസാദ്. പയ്യന്നൂർ, ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ ഷൂട്ടിന് പോയപ്പോൾ സെറ്റിൽ വന്നിരുന്നു എന്നെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. മകനും ഉണ്ടായിരുന്നു ഒപ്പം. ചെല്ലാം എന്ന് പറഞ്ഞിരുന്നതാണെങ്കിലും അന്ന് നടന്നില്ല. പിറ്റേന്ന് പ്രസാദ് മറ്റൊരു സിനിമയിൽ ജോയിൻ ചെയ്യാൻ കൊച്ചിക്ക് പോയി. ഇനി ആ വീട്ടിൽ പോയി പ്രസാദിനെ കാണാൻ കഴിയില്ല.സിനിമ ഇല്ലാത്ത കാലം, തരണം ചെയ്യാൻ മറ്റൊരു ജോലിക്ക് പോയതാ . ഒരു അപകടത്തിൽ അദ്ദേഹം നമ്മെ വിട്ട് പോയി. പ്രസാദിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. മരണം വളരെ നേരത്തെ വന്ന് കൊണ്ട് പോയി !</p>

സുബീഷ് സുധി: സിനിമയിൽ എത്തിയ സമയം തൊട്ട് പ്രസാദേട്ടനുമായി ആത്മബന്ധം ഉണ്ടായിരുന്നു. ഒരു പയ്യന്നൂർകാരൻ എന്ന നിലയിലും വടക്കൻ കേരളത്തിൽ നിന്നും സിനിമ സ്വപ്നം കണ്ടു വന്ന ഒരാളെന്ന നിലയിലും പ്രസാദേട്ടൻ എന്നെ സ്വന്തം സഹോദരതുല്യം സ്നേഹിച്ചു. സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്യുന്നതോ, അല്ലെങ്കിൽ ജൂനിയർ ആർടിസ്റ്റോ ആയ ഒരാൾക്ക് ഒരു ഇരിപ്പിടം കിട്ടുന്നത് വളരെ കുറവാണ്, പക്ഷെ ഞാൻ നിൽക്കുന്നത് കണ്ടാൽ പ്രസാദേട്ടൻ യൂണിറ്റിലുള്ള ഏതെങ്കിലും ഇരിക്കാൻ പറ്റിയ സൗകര്യം എനിക്ക് ഉണ്ടാക്കിത്തരുമായിരുന്നു. അത്രത്തോളം ആത്മബന്ധം പുലർത്തിയിരുന്ന ഒരാളാണ് പ്രസാദേട്ടൻ.
ഷൂട്ടിങ് സമയത്ത് യൂണിറ്റിൽ ഉള്ള അംഗങ്ങൾ അതിരാവിലെ ഷൂട്ടിംഗ് സ്ഥലത്ത് എത്തണം ,അധികനേരം ഷൂട്ടിങ് ഉണ്ടെങ്കിൽ കുറച്ചുനേരം മാത്രമേ ഉറങ്ങാൻ പറ്റുകയുള്ളൂ. എന്നാൽപോലും സ്വന്തം ആരോഗ്യത്തിനു വേണ്ടി ഒരു മണിക്കൂർ മാറ്റിവെക്കുന്ന പ്രസാദ് ഏട്ടനെ ഞാൻ കണ്ടിട്ടുണ്ട്.നിരന്തരം ഞങ്ങൾ ഫോണിൽ ബന്ധപ്പെടാറുണ്ട് ലോക്ക്ഡൗണിന്റെ സമയത്തും ഞാൻ പ്രസാദ് ഏട്ടനെ വിളിച്ച് സംസാരിച്ചപ്പോൾ ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് വന്നതേയുള്ളൂ എന്നൊക്കെ സംസാരിച്ചത് ആയിരുന്നു. അവസാനമായി പ്രസാദേട്ടൻ വിളിച്ചത് മൃദുൽ സംവിധാനം ചെയ്ത മ്യൂസിക് ആൽബത്തിന്റെ പോസ്റ്റർ കണ്ട് അത് സിനിമ ആണോ എന്ന് അന്വേഷിക്കാൻ ആയിരുന്നു.
ഏതൊരു മലയാളിയുടേയും ഇപ്പോഴുള്ള അതെ മാനസികാവസ്ഥ തന്നെയായിരുന്നു പ്രസാദ് ഏട്ടന്റെയും ലോക് ഡൗൺ കാരണം സിനിമ ഒന്നുമില്ല. കൊറോണ ഒക്കെ പോയി ഷൂട്ടിംഗ് ഒക്കെ തിരിച്ചു വരും എന്നുള്ള വിശ്വാസത്തോടുകൂടി അതിജീവിക്കാൻ വേണ്ടി വയറിങ്ങിന്റെ പണിക്ക് പോയതാണ് പ്രസാദേട്ടൻ. ഇന്ന് ഷോക്കേറ്റ് പ്രസാദേട്ടൻ നമ്മെ വിട്ടുപോയി.
ആദരാഞ്ജലികൾ പ്രസാദേട്ടാ. നിങ്ങൾ തന്ന ഇരിപ്പിടം എപ്പോഴും എന്റെ മനസ്സിൽ ഉണ്ടാകും. അത്രയേ പറയാനുള്ളൂ.

പ്രജേഷ് സെൻ: വളരെ പ്രിയപ്പെട്ടൊരാൾ…വെള്ളത്തിൽ ഒപ്പം നിന്നയാൾ…രജപുത്ര യൂണിറ്റിന്റെ ലൈറ്റ്മാൻ പയ്യന്നൂർ സ്വദേശി പ്രസാദേട്ടൻ പോയി.
കണ്ണൂർ ഏഴിമല നാവിക അക്കാഡമിയിൽ വച്ച് ഷോക്കേറ്റായിരുന്നു മരണം. ആദരാഞ്ജലികൾ

shortlink

Related Articles

Post Your Comments


Back to top button