അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്. ഈ വിഷയത്തില്‍ ആക്ടിവിസ്റ്റും ബിഗ് ബോസ് താരവുമായ ജസ്ല മാടശ്ശേരിയുടെ പ്രതികരണം ശ്രദ്ധ നേടുന്നു.
താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..
കഥകളില്‍ വിശ്വസിക്കുക എന്നത് മനുഷ്യന്റെ ഗോത്രീയ സ്വഭാവങ്ങളില്‍ ഒന്നു മാത്രമാണ്. മനുഷ്യന് ഒരു നാടോടിയാണു്. ദേശാന്തരങ്ങള്‍ കടന്ന് മനുഷ്യന് നടത്തിയ അധിനിവേശത്തിന്റേയും, സഞ്ചാരത്തിന്റേയും ചരിത്രമാണ് ചരിത്രപരമായി പഠിച്ചാല്‍ മനുഷ്യന്റെ വിശ്വാസ പ്രമാണങ്ങളും വിശ്വാസങ്ങളുമൊക്കെ. ആഫ്രിക്കയില്‍ നിന്ന് മനുഷ്യന് സഞ്ചരിച്ച വഴികളിലൊക്കെ മനുഷ്യന് അവന്റെ ചരിത്രം അവശേഷിപ്പിച്ചിട്ടാണ് പോയിട്ടുള്ളത്. ഗുഹാവാസികളായ മനുഷ്യര്‍ കാട്ടുതീയില്‍ നിന്നും പ്രകൃതിക്ഷോഭങ്ങളില്‍ നിന്നും രക്ഷ നേടാനും, ഇര തേടാനും, കുറച്ചു കൂടെ നല്ല ആവാസവ്യവസ്ഥ തേടാനും ലോകം മുഴുവന്‍ അലഞ്ഞു തിരിഞ്ഞു. കൃഷിയുടെ ആരംഭത്തോടെ വെള്ളവും വളക്കൂറുമുള്ള മണ്ണ് തേടി അവന് നദീതീരങ്ങളില്‍ കുറെ നാള് സ്ഥിരമായി താമസിച്ചു തുടങ്ങി. അങ്ങനെ ഗോത്രങ്ങളുണ്ടായി, ഗോത്ര നേതാക്കളുണ്ടായി, തങ്ങളുടെ പൂര്‍വ്വികര്‍ നടത്തിയ സഞ്ചാരത്തിനിടയില്‍ ഉണ്ടായ സംഭവങ്ങള്‍ വായ് മൊഴികളായി, കഥകളായി അവര്‍ പുതുതലമുറകളിലേക്ക് പ്രചരിപ്പിച്ചു. അതില്‍ തങ്ങളുടെ പൂര്‍വ്വികരുടെ വീരേതിഹാസ കഥകളുണ്ട്, പ്രണയമുണ്ട്, യുദ്ധമുണ്ട്, നിയമങ്ങളുണ്ട്, പരസ്പര വിദ്വേഷമുണ്ട്. അഭിമാനബോധമുണ്ട്.
തങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട ജനതയാണന്നായിരുന്നു ഒരോ ഗോത്രത്തിന്റേയും വിശ്വാസം. തങ്ങളുടെ പൂര്‍വ്വികരെ അവര്‍ ആരാധിച്ചു. അവരുടെ നാടോടിക്കഥകളിലെ വീരേധിഹാസ കഥകളില്‍ അഭിമാനം പൂണ്ടു.അവ വിശ്വാസങ്ങളായും പിന്നീട് രാജ വിശ്വാസങ്ങളായും, മതങ്ങളായും രൂപപ്പെട്ടു.
കഥകളില്‍ വിശ്വസിക്കുക എന്ന മനുഷ്യന്റെ സ്വഭാവ വിശേഷമാണ് ആധുനിക മനുഷ്യരിലും ഉള്ളത്. ഇന്നും അവന് വ്യത്യസ്ത കഥകള്‍ക്കു വേണ്ടി പരസ്പരം പോരടിക്കുന്നു. വാളും ബോംബുമെടുത്ത് തെരുവില്‍ തങ്കളുടെ കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും വേണ്ടി പോരാടുന്നു. കഥയിലെ കാഥാപാത്രങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ജനാധിപത്യ സമൂഹങ്ങളില്‍ പോലും, കോടതികളില്‍ കയറുന്നു. വിധി സമ്ബാദിക്കുന്നു.അയോദ്ധ്യയിലെ രാമനും അത്തരത്തില്‍ ഒരു കഥയും കഥാപാത്രവുമാണ്. അത്തരം ഒരു കഥ ഉപയോഗിച്ചാണു് ഇന്ത്യയില്‍ സംഘപരിവാരം അധികാരത്തില്‍ വന്നതെന്ന് നാം ഓര്‍ക്കണം.ബാബറി മസ്ജിദ് പ്രശ്നത്തിലൂന്നി ഗോത്ര വികാരവും, സ്വഗോത്ര സ്നേഹവും, പര ഗോത്ര വിദ്വോഷവും, അങ്ങനെ പ്രാകൃതമായ വികാരങ്ങളെ ജ്വലിപ്പിക്കാന്‍ ഈ ആധുനിക യുഗത്തിലും കഴിഞ്ഞതുകൊണ്ടാണു് മോദി ഇന്ന് അധികാരത്തിലിരിക്കുന്നത്.
ഒരു മതേതരത്വ രാജ്യത്തിന്റെ പ്രതിനിധിയായ പ്രധാനമന്ത്രി ഒരു മത വിശ്വാസത്തിന്റെ മാത്രം കഥാനായകനായ രാമന്റെ, ക്ഷേത്രത്തിന് ശിലാന്യാസം നടത്തുന്ന കാലത്താണു് ജനാധിപത്യ കാലത്തും നാം ജീവിക്കുന്നത്. ലോകം മുഴുവന്‍ പരിഷ്കൃത സമൂഹങ്ങള്‍ കഥകള്‍ വെടിഞ്ഞ്, പ്രാകൃതമായ വിശ്വാസങ്ങളും മതങ്ങളും ഉപേക്ഷിച്ച്, ലോകത്തെ തന്നെ ഏറ്റവും സന്തോഷ നിര്‍ഭരമായ സമൂഹത്തില്‍ ജീവിച്ചു തുടങ്ങുമ്ബോള്‍, ആരാധനാലയങ്ങള്‍ മനുഷ്യന്റെ ഉല്ലാസ കേന്ദ്രങ്ങളായ ലൈബ്രറികളും, സിനിമാശാലകളും, എന്തിനേറെ, പബ്ബുകളും ബാറുകളുമായി മാറുമ്ബോഴാണു്, നമ്മുടെ പ്രധാനമന്ത്രി ചോര ചീന്തി വാങ്ങിയ സ്ഥലത്ത് സ്വന്തം വിശ്വാസത്തിന്റെ, വിശ്വാസ കഥാപുരുഷനു വേണ്ടി ശിലാന്യാസം നടത്തുന്നത്.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റു ഇരുന്ന കസേരയില്‍ ഇന്നിരിക്കുന്നത് പ്രധാനമന്ത്രിയല്ല, ചുരുക്കി പറഞ്ഞാല്‍ ഒരു ഗോത്ര നേതാവാണ്.തര്‍ക്കഭൂമി അടച്ചിടാനും, അതിലെ രാമനെ സരയൂ നദിയില്‍ ഒഴുക്കുവാനും പറയാന്‍ ധൈര്യം കാണിച്ച പ്രധാനമന്ത്രിയില്‍ നിന്ന്, അവിടെ അത് പ്രതിഷ്ടിക്കാന്‍ സമയം കണ്ടത്തുന്ന പ്രധാനമന്ത്രിയിലേക്കാണ് നമ്മുടെ വളര്‍ച്ച എന്നത് എത്രകണ്ട് അപമാനകരമാണ്.? അത് കണ്ട് ആഹ്ളാദിക്കുന്ന, ആഘോഷിക്കുന്ന ഇന്ത്യന്‍ ജനത എത്രകണ്ട് പ്രാകൃതരാണ്.?കഥകളില്‍ തളച്ചിടപ്പെട്ട തലച്ചോറുകള്‍ക്ക് ചിന്താശേഷി കുറയും. അവന് എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഉത്തരം കഥയില്‍ നിന്ന് കണ്ടത്തും. അന്വേഷണ ത്വരയോ,ശാസ്ത്രീയ മനോവൃത്തിയോ അവനുണ്ടാകില്ല. കഥകളിലെ അഭിമാനബോധം മാത്രം കൈമുതലുള്ള വര്‍ത്തമാന കാലത്തിലും ഭാവിയിലും വിശ്വസിക്കാതെ ഇന്നലെകളില്‍ മാത്രം വിശ്വസിക്കുന്ന, ഒരു ഗോത്രത്തിന്റെ ഗോത്ര മൂപ്പനും, പുരോഹിതരും ഭരിക്കുന്ന ഗോത്രമായി നമ്മുടെ നാട് പിന്നോട്ടു പോയിരിക്കുന്നു എന്ന് പറയാതെ വയ്യ.
Post Your Comments