
ഇന്നെനിയ്ക്കുള്ള ആർഎസ്എസ് ബന്ധം ചർച്ചയാണല്ലോ. താൻ തന്റെ ആർഎസ്എസ് ബന്ധം പറയാമെന്ന് സംവിധായകൻ ജോൺ ഡിറ്റോ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പുമായി എത്തിയിരിയ്ക്കുന്നത്. വിമർശിച്ചാലോ സത്യം പറഞ്ഞാലോ ആർഎസ്എസ്കാരൻ എനിക്ക് നേരെ കത്തി പായിക്കില്ല എന്ന ഉറച്ച വിശ്വാസം എന്ന് തുടങ്ങുന്നതാണ് കുറിപ്പ്.
ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
RSS ബന്ധം ഇന്ന് ചർച്ചയാണല്ലോ.. ഞാൻ എന്റെ Rss ബന്ധം പറയാം.
പശ്ചാത്തലം
:…………….
എന്റേത് ഒരു കമ്യൂണിസ്റ്റ് കുടുംബമാണ്. ഉറച്ച ക്രൈസ്തവ കുടുംബവുമാണ്. എന്റെ അപ്പച്ചൻ കപ്യാരായിരുന്നു. ഞാനും കപ്യാരായിരുന്നു. ചെറുപ്പത്തിലേ വായനാശീലമുള്ളതിനാലും കൂട്ടുകാർ ഉപേക്ഷിച്ചതിനാലും പുസ്തകങ്ങളിൽ രസം കണ്ടെത്തി. അങ്ങനെ ക്രിസ്ത്യൻ, ഇടതുഗ്രന്ഥങ്ങൾ വൃത്തിയായി ഹൃദിസ്ഥമാക്കി. കവിതകൾ വായിച്ചു. അപ്പോഴേക്കും എഴുത്തച്ഛൻ തലയിൽക്കയറി .ഹരിനാമകീർത്തനം എന്ന കൃതി ഒരു യൂണിവേഴ്സ് തുറന്നു വച്ചു. ഓരോ ശ്ലോകങ്ങളിലും അപാരമായ ധ്വനിജ്ഞാനങ്ങൾ കണ്ടു. അതിലൂടെ ഉപനിഷത്തിലേക്ക് കടന്നു.പത്തു രൂപ വില വീതമുള്ള പത്തുപനിഷത്തുകൾ ഞാൻ വാങ്ങി. മൃഡാനന്ദ സ്വാമികൾ എഡിറ്റു ചെയ്തത്.
വേദാന്തത്തിന്റെ അപാര സീമയിൽ അത്ഭുതം കൊണ്ടു. വയലാറിന്റെ ചെങ്കൊടിക്കവിതകൾ വിട്ട് സർഗ്ഗസംഗീതമെന്ന കവിതയിൽ മനസ്സുടക്കി .. ഋഷിപ്രോക്തമായ ഒരു ജ്ഞാന കർമ്മ കലാ ശാസ്ത്രം ഇവിടെയുണ്ടെന്ന് അറിഞ്ഞു. സാംഖ്യം, യോഗം, ന്യായം വൈശേഷികം പൂർവ്വമീമാംസ, ഉത്തര മീമാംസ (വേദാന്തം) ബൗദ്ധം ജൈനം ചാർവ്വാകം. തുടങ്ങിയ നവദർശനങ്ങൾ പാശ്ചാത്യ തത്ത്വചിന്തകളെ അതിശയിപ്പിക്കാൻ പോന്നതാണെന്ന ബോധ്യം പ്രീഡിഗ്രിക്കാലം കഴിയുമ്പോൾത്തന്നെ മനസ്സിലുറച്ചു. എനിക്കു മാത്രമല്ല അന്നത്തെ വായിക്കുന്ന ചെറുപ്പക്കാർക്കെല്ലാം 18 വയസ്സിനുള്ളിൽത്തന്നെ ഇതൊക്കെയറിയാമായിരുന്നു.
എനിക്കാണെങ്കിൽ ജാതകവശാൽ ബുധ- ശുക്രയോഗമുണ്ട് താനും.ഡിഗ്രി ഇംഗ്ലീഷിനു ചേർന്നപ്പോൾ ലിറ്റററി തിയറി പഠിക്കാൻ കഴിഞ്ഞു. ഇംഗ്ലീഷ് പാഞ്ചാത്യതത്ത്വചിന്തയിലേക്ക് വാതിൽ തുറന്നു. Will durant ന്റെ തത്ത്വചിന്താ ചരിത്രം വായിച്ചപ്പോൾ മൊത്തം അവിയൽ രൂപത്തിലായി ചിന്തകൾ ..
ങ്കിലും വേദാന്തദർശനം തന്നെയാണ് ഏറ്റവും തെളിഞ്ഞ് നിന്നത്. കിട്ടിയ ചാൻസിൽ ജീവചരിത്രം വിളമ്പിയതല്ല. കലാലയം ഈ മനോവ്യാപാരങ്ങളോടെയാണ് ഞാൻ എം.എ. മലയാളം പഠിക്കാൻ മഹാരാജാസിലെത്തുന്നത്. അവിടെ വച്ചാണ് ഞാനാദ്യമായി ഒരു RSS കാരനെ കാണുന്നത്. തൊടുന്നത്.പാലക്കാട് വിക്റ്റോറിയ കോളജിൽ നിന്ന് വന്ന ഡോ.G പ്രസാദ് കുമാർ (ഇപ്പോൾ മാതൃഭൂമി ന്യൂസ് ചാനൽ, റിപ്പോർട്ടർ പാലക്കാട്… സ്വപ്ന സുരേഷിന്റെ പിറകെ വാളയാറിൽ പിറകെയോടാനാണ് അവന്റെ കർമ്മവിധി) ആയിരുന്നു അത്.
RSS ഫുൾ ടൈമറായിരുന്നു. പി.പരമേശർജിയുടെ അനുഗ്രഹാശിസ്സുകളോടെയാണ്MA യ്ക്ക് ചേരുന്നത്. ABVP ശക്തമാക്കുക എന്ന നിയോഗം കൂടി ഉണ്ടായിരുന്നു. SFI സ്വാഭാവികമായി തല്ലാൻ പദ്ധതിയിട്ടു. നേതാക്കളായ ശ്രീജിത്ത് ദിവാകരനും അമൽ നീരദ് (സംവിധായകൻ) തുടങ്ങിയവർ സുഹൃത്തുക്കളായതിനാൽ പ്രസാദിന് തല്ലു കൊള്ളാതെ കാത്തു.
ബാക്കിയുള്ള ABVP ക്കാരെ അറഞ്ചംപുറഞ്ചം സഖാക്കൾ തല്ലി. SFI യുടെ ജനാധിപത്യ വിരുദ്ധത എന്നെ അസ്വസ്ഥനാക്കി. ആ വർഷമാണ് പ്രൊഫ. തുറവൂർ വിശ്വംഭരൻ മാഷ് മഹാരാജാസിലേക്കു് ട്രാൻസ്ഫറായി വരുന്നത്. മാഷുമായി വ്യക്തിപരമായ അടുപ്പം വരാൻ കാരണം തത്ത്വചിന്തയിൽ അദേഹത്തിനുള്ള പാണ്ഡിത്യമായിരുന്നു. ആയിടയ്ക്കാണ് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം തുടങ്ങുന്നത്. മാഷിനൊപ്പം ഞാനും കൂടി .പുസ്തകോത്സവ നടത്തിപ്പു കമ്മിറ്റി അംഗമായി. Rss നേതൃത്ത്വത്തിലുള്ള ട്രസ്റ്റായിരുന്നു സംഘാടകർ.അങ്ങനെയാണ് ഞാൻ RSS നേതാക്കളെ പരിചയപ്പെടുന്നത്. സ്വയം സേവകരുടെ ജീവിതം ,കേഡർ സ്വഭാവം, വിപുലമായ സ്ഥാപനങ്ങളുടെ നടത്തിപ്പ്, ഭാരതിയ സംസ്ക്കാരത്തോടുള്ള ആദരവ് ഇവ വളരെ വ്യത്യസ്തമായി തോന്നി. ഡോക്റ്റർ ഹെഡ്ഗേവാറിന്റെ ജീവിത ചരിത്രം വായിച്ചു. ഇസ്ലാംവിരുദ്ധത Rss ന്റെ ഉത്ഭവ കാരണവും ദളിത് വിരുദ്ധത സ്വഭാവമെങ്കിലും കാലങ്ങൾ കഴിയുമ്പോൾ അതിലൊക്കെ മാറ്റമുണ്ടാകുന്നതായിക്കണ്ടു.
പുസ്തകോത്സവം വഴി, E Nനന്ദകുമാർ, Jനന്ദകുമാർ, KG വേണുഗോപാൽ, സതീഷ് തലപ്പള്ളി, M ഗണേഷ് എന്ന ഗണേഷ് മുണ്ടോട്, പി.വി.അതികായൻ, കടവന്ത്ര വിജയകുമാർ വിജു, തുടങ്ങിയ അനേകം സ്വയം സേവകരെ പരിചയപ്പെട്ടു. അവരൊക്കെയും മാന്യമായി പെരുമാറുന്നവരായിരുന്നു. അതിനപ്പുറം RSS ന്റെ നേതൃത്വത്തിലുള്ള ക്ഷേത്രങ്ങളിൽ എല്ലാ മതത്തിൽപ്പെട്ടവർക്കും കയറാം എന്നത് എന്നെ അത്ഭുതപ്പെടുത്തി. ഗവൺമെൻറിന്റെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഇപ്പോഴും അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്നോർക്കണം.
അന്നൊന്നും മോഡിയൊന്നും ഉദിച്ചിട്ടില്ല ഡൽഹിയിലെന്നോർക്കണം. ഏറ്റവും അധികം വിദ്യാലങ്ങൾ നടത്തുന്നത് Rss ആണ്. ഏറ്റവും കൂടുതൽ അനാഥാലയങ്ങൾ നടത്തുന്നത് Rss ആണ്. അങ്ങനെ BJP ഉദിക്കുന്നു .. മോഡി ഡെൽഹിയിലേക്ക് … ഭരണകൂട അഴിമതിയും കൂട്ടുകക്ഷി ഭരണവും കൊണ്ട് രാജ്യം കെട്ടു പോവുമായിരുന്ന അവസ്ഥയിൽ നിന്നാണ് നരേന്ദ്ര മോഡിയിലൂടെ ഒരുറച്ച ബദൽഭരണം ജനങ്ങൾ തേടിയത്.
ഒരു സ്വയം സേവകൻ പ്രധാനമന്ത്രിയായതിൽ ഞാനും സന്തോഷിച്ചു. ജീവിതത്തെയും കാഴ്ച്ചപ്പാടിനേയും നയിക്കാൻ മൂല്യത്തിലധിഷ്ഠിത സംസ്ക്കാരമുള്ളവനാണല്ലോ ഭരണത്തിൽ.!!
ഭരണകൂട അഴിമതി ഇല്ലാതായി. രാജ്യം ശക്തമായി.
രാജ്യത്തിന്റെ പേര് ലോകത്തിനു മുമ്പിൽ അഭിമാനമായി. ഉപ സംഹാരം ഇതാണ് ഞാനും RSS ഉം തമ്മിലുള്ള ബന്ധം. ഈ അനുഭാവം മൂലമാണ് എന്റെ അനേകം ചങ്ങാതിമാർ എന്നെ ഉപേക്ഷിച്ചത്. ജിഹാദികളും സഖാക്കളും വ്യാപകമായി ചെയ്യുന്നത് മോഡി അനുകൂലികൾക്ക് ഇടങ്ങളെല്ലാം നിഷേധിക്കുക എന്നതാണ്.
എനിക്കു നേരെയും ഉണ്ട് ആത്തരം ഭീഷണികൾ .. ഏതായാലും ഒരുറപ്പ് എനിക്ക് തോന്നുന്നുണ്ട് വിമർശിച്ചാലോ സത്യം പറഞ്ഞാലോ RSS കാരൻ എനിക്ക് നേരെ കത്തി പായിക്കില്ല എന്ന വിശ്വാസം.
എന്നാൽ സഖാക്കളും ജിഹാദികളും ഒട്ടും സഹിക്കില്ല. ഒരിടങ്ങളും തരേണ്ട സർ. Truth is Beauty and Strength എന്ന പ്രമാണത്തിൽ സ്ഥിതപ്രജ്ഞനായി ജീവിക്കാൻ Rss കാരും CPM കാരും പൊളിറ്റിക്കൽ ഇസ്ലാംകാരും ഈയുള്ളവനെ അനുവദിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ജയ് മഹാത്മാഗാന്ധി..
Post Your Comments