തീപാറുന്ന ഡയലോഗുമായി മലയാളികളെ പുളകം കൊള്ളിച്ച നടനാണ് സുരേഷ് ഗോപി. ആദ്ദേഹത്തെ താരപദവിയിലേക്ക് എത്തിച്ച ചിത്രങ്ങളായ തലസ്ഥാനവും ഏകലവ്യനും കമ്മീഷണറുമെല്ലാം ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരമാണ്. ഈ ചിത്രങ്ങളുടെ പിന്നില്‍ സംവിധായകനും നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കരുടെ കൈകള്‍ കൂടിയുണ്ടെന്നത് വിസ്മരിക്കാന്‍ പാടില്ല. കഥാപാത്രത്തെ അതിന്റെ കരുത്തില്‍, വെളളിത്തിരയില്‍ അവതരിപ്പിക്കുന്നതില്‍ സുരേഷ് ഗോപിക്ക് വിസ്മയിപ്പിക്കുന്ന പവറുണ്ടെന്നാണ് രണ്‍ജി പണിക്കര്‍ പറയുന്നത്. കമ്മീഷണര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാംഭാഗം ഒരുങ്ങിയ കഥ ഓര്‍ക്കുകയാണ് രണ്‍ജി പണിക്കര്‍. സുരേഷ് ഗോപിയുടെ ഒരു ഫോണ്‍ കോളാണ് അതിനു പിന്നിലെന്നു സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍ സുരേഷ് ഗോപിയെക്കുറിച്ച് എഴുതിയ കുറിപ്പില്‍ രണ്‍ജി പണിക്കര്‍ പറയുന്നു.
”കമ്മീഷണറും ലേലവും പത്രവും കഴിഞ്ഞ് നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭരത് ചന്ദ്രന്‍ ഐപിഎസുമായി ഞങ്ങള്‍ ഒന്നിച്ചത്. അതില്‍ തിരക്കഥാകൃത്ത് എന്നതിന് അപ്പുറം സംവിധായകന്‍, നിര്‍മ്മാതാവ് എന്നി മേലങ്കികള്‍ കൂടി എനിക്ക് എടുത്തണിയേണ്ടി വന്നു. ആ സിനിമയുടെ പ്രചോദനം സുരേഷ് ഗോപി തന്നെയായിരുന്നു. എല്ലാ സിനിമകളെയും പോലെ ആ സിനിമയുടെയും തുടക്കത്തിന് ചില ആകസ്മികതകള്‍ ഉണ്ടായിട്ടുണ്ട്.
ഇനി ഏതുതരം സിനിമകള്‍ ചെയ്യണമെന്ന് ആലോചിച്ചിരുന്ന കാലം. എവിടെയോ പ്രോഗ്രാം കഴിഞ്ഞ് കമ്മീഷണറിലെ സംഭാഷണങ്ങള്‍ അവതരിപ്പിച്ച് കയ്യടി വാങ്ങി തിരിച്ചുവരുമ്ബോള്‍ സുരേഷ് ഗോപി എന്നെ വിളിച്ചു. വൈറ്റില ജംക്ഷനില്‍ ഭരത് ചന്ദ്രന്റെ ഒരു ഫ്ളെക്സ് ഉയര്‍ന്ന് നില്‍ക്കുന്നത് ഞാന്‍ മനസില്‍ കാണുന്നു. നമുക്ക് അങ്ങനെയൊന്ന് ആലോചിച്ചാലോ എന്നവന്‍ പറഞ്ഞു. ആ സംഭാഷണത്തെ പിന്തുടര്‍ന്നാണ് ഭരത് ചന്ദ്രന്‍ ഐപിഎസ് എന്ന ചിത്രം പിറവിയെടുക്കുന്നത്.
ആ സിനിമയ്ക്ക് തുടക്കമിട്ടെങ്കിലും അതിന്റെ നിര്‍മ്മാണത്തിനോ, വിതരണം ഏറ്റെടുക്കാനോ ആരും മുന്നോട്ട് വന്നില്ല. അങ്ങനെ നിര്‍മ്മാണം ഞാന്‍ ഏറ്റെടുത്തു. ചിത്രം പൂര്‍ത്തിയായതിന് ശേഷം മാത്രമെ വിതരണക്കാരനും എത്തിയുളളൂ. ചിത്രം റിലീസ് ചെയ്യുന്നത് വരെ അതിന്റെ സാറ്റലൈറ്റ് റൈറ്റ് വാങ്ങാന്‍ ആരും മുന്നോട്ട് വന്നില്ല. ഒടുവില്‍ സിനിമ റിലീസായ ശേഷം മലയാള സിനിമയ്ക്ക് അന്ന് വരെ കിട്ടിയിട്ടില്ലാത്ത റേറ്റില്‍ അത് വിറ്റുപോയി. സിനിമ ഇറക്കി വിജയം കാണിച്ചുകൊടുക്കേണ്ടി വന്നു.” താരം പറയുന്നു
Post Your Comments