മലയാളത്തില്‍ എന്നും ഓര്‍ത്തിരിക്കാവുന്ന ഒരുപിടി മികച്ച ക്ലാസിക് സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകനാണ് കെജി ജോര്‍ജ്ജ്. എന്നാല്‍ താന്‍ സംവിധാനം ചെയ്ത സിനിമകള്‍ സാമ്പത്തികമായി തനിക്ക് വലിയ പ്രയോജനം ചെയ്തില്ലെന്നും എന്നാല്‍ താന്‍ നിര്‍മ്മിച്ച മമ്മൂട്ടി ചിത്രമാണ് തന്നെ സിനിമയില്‍ സാമ്പത്തികമായി ഏറെ തുണച്ചതെന്നും മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ കെജി ജോര്‍ജ്ജ് വ്യക്തമാക്കുന്നു.തൊണ്ണൂറുകളുടെ അവസാനത്തോടെ താന്‍ സിനിമയില്‍ നിന്ന് പിന്മാറാനുള്ള കാരണവും കെജി ജോര്‍ജ്ജ് വിശദീകരിക്കുന്നു. മമ്മൂട്ടി നായകനായ ‘ഇലവങ്കോട് ദേശം’ എന്ന സിനിമയാണ് കെജി ജോര്‍ജ്ജ് അവസാനമായി സംവിധാനം ചെയ്തത്.
“നല്ല കുറച്ചു സിനിമകള്‍ ചെയ്തെങ്കിലും സാമ്പത്തികമായി എനിക്ക് ഒന്നുമുണ്ടായിരുന്നില്ല. കണക്ക് പറഞ്ഞു വാങ്ങുന്ന രീതി ഇല്ലായിരുന്നു. വീട് പോലും ഇല്ലായിരുന്നു. എന്നെ സഹായിക്കാനായി മമ്മൂട്ടിയും മാക് അലിയും കൂടിയാണ് ഞാന്‍ നിര്‍മ്മാതാവായ ‘മഹാനഗരം’ നിര്‍മ്മിച്ചത്. മികച്ച സിനിമയല്ലെങ്കിലും സാമ്പത്തികമായി വിജയമായി. എനിക്ക് എടുത്തുപറയത്തക്ക സാമ്പത്തിക നേട്ടമുണ്ടാക്കിയ സിനിമ അത് മാത്രമാണ്. അതിന്റെ വിജയത്തിലൂടെ കുറച്ചു പണം കിട്ടിയത് ആശ്വാസമായി.
“ഞാന്‍ ചെയ്തതില്‍ ‘ഇരകള്‍’ എന്ന സിനിമ വരെ നന്നായി പോയി. 90-മുതല്‍ സിനിമയില്‍ മാറ്റങ്ങള്‍ വന്നു. കഥയ്ക്കും സിനിമയ്ക്കും ആവശ്യമായ അഭിനേതാക്കളെ കാസ്റ്റ് ചെയ്യുന്നതാണ് എന്റെ രീതി. അത് പറ്റാതെ വന്നു. നിര്‍മ്മാതാക്കളും വിതരണക്കാരും താരങ്ങളും പ്രധാനമായി. സംവിധായകന്റെ ക്രീയേറ്റീവ് ആര്‍ട്ട് ആണ് സിനിമ. ആ അവസ്ഥയിലെ എനിക്ക് വര്‍ക്ക് ചെയ്യാനാവൂ. അങ്ങനെയല്ലാതെ വന്നപ്പോള്‍ പതുക്കെ പിന്മാറി. കെജി ജോര്‍ജ്ജ് പറയുന്നു.
Post Your Comments