തിയേറ്ററിൽ മികച്ച പ്രതികരണം നേടി പ്രദർശനം നടന്നു കൊണ്ടിരുന്നപ്പോഴാണ് ‘കൊറോണ മൂലം സംസ്ഥാനത്ത് തിയേറ്ററുകൾ അടച്ചിട്ടത് അതോടെ ‘കപ്പേള’യ്ക്കും ബിഗ് സ്ക്രീനിൽ നിന്നും പിന്മാറേണ്ടി വന്നു.
അന്നേരമാണ് നെറ്റ്ഫ്ലിക്സ് ‘കപ്പേള’യുടെ ഡിജിറ്റല് അവകാശം വാങ്ങിയതും ചിത്രം സ്ട്രീം ചെയ്തതും. കോവിഡിൽ മുങ്ങിയ സിനിമ വീണ്ടും പൊങ്ങിയ സന്തോഷത്തിലാണ് താനിപ്പോൾ എന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകനായ മുസ്തഫ.
മുസ്തഫയുടെ വാക്കുകൾ ഇങ്ങനെ:
മഹാമാരിയായ കോവിഡിൽ മുങ്ങിയ സിനിമ വീണ്ടും പൊങ്ങിയ സന്തോഷത്തിലാണ് ഞാനിപ്പോൾ. കാരണം സിനിമ തിയേറ്ററിൽ എക്സ്പീരയൻസ് ചെയ്യണമെന്നാണ് ഫിലിം മേക്കറായാലും അല്ലെങ്കിൽ പ്രേക്ഷകനായാലും ആഗ്രഹിക്കുക. റിലീസായി അഞ്ച് ദിവസം മാത്രമായിരുന്നു തിയേറ്ററിൽ കളിക്കാൻ പറ്റിയത്. പിന്നീട് കൊവിഡ് മൂലം സിനിമയുടെ പ്രദർശനം നിർത്തി വെക്കേണ്ടി വന്നു. വളരെ കുറച്ച് പേർക്ക് മാത്രമേ തിയേറ്ററിൽ ആ സിനിമ കാണാൻ പറ്റിയുള്ളു. നിരാശയുടെ അങ്ങേയറ്റമായിരുന്നു ആ നിമിഷങ്ങൾ.
എന്നാൽ സാമ്പത്തികമായും ജനസ്വീകാര്യതയിലും അങ്ങനെ ഒരു തരത്തിലും ഞങ്ങൾ പ്രതീക്ഷിച്ച രീതിയിൽ ‘കപ്പേള’ അന്ന് എത്തിയില്ലായിരുന്നു. നിർമാതാവും ഞാനും പരസ്പരം വിളിച്ച് ആശ്വസിപ്പിക്കുമായിരുന്നു. അല്ലാതെ ആ സാഹചര്യത്തിൽ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. പിന്നെ ഞങ്ങളുടെ കൈയിലുള്ള പ്രൊഡക്റ്റിനെ പറ്റി ഞങ്ങൾക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. അതിൽ യാതൊരു തരത്തിലുള്ള സംശയവും നിലനിന്നിരുന്നില്ല. ആ വിശ്വാസമായിരുന്നു എന്നെ മുന്നോട്ട് നയിച്ചത്.
പക്ഷേ , പിന്നീട് ഓൺലൈൻ പ്ലാറ്റ്ഫോം വഴി ചിത്രം പ്രദർശനത്തിന് എത്തിയതോടെ സിനിമ വളരെയധികം ജനകീയമായി. അത് വളരെയധികം സന്തോഷമാണ് ഇപ്പോൾ നൽകുന്നത്. ഓൺലൈൻ മീഡിയത്തിൽ വന്നതിന് ശേഷമാണ് സിനിമകൾക്ക് ഇത്രയധികം ജനകീയത ലഭിക്കുക. മാത്രമല്ല നെഗറ്റീവായും പോസ്റ്റീവായുമുള്ള റിവ്യുസ് വളരെ പെട്ടെന്ന് തന്നെ ഇത്തരം രീതിയിലുള്ള റിലീസ് വഴി ലഭിക്കാറുണ്ട്. തിയേറ്റർ റിലീസ് പോലെ തന്നെ മറ്റൊരു തരത്തിലുള്ള എക്സപീരിയൻസാണിത്. അൽപ്പം കൂടി വിശദമായി സിനിമ കാണാനുള്ള അവസരം പ്രേക്ഷകർക്ക് ലഭിച്ചുവെന്നാണ് പറയാൻ. വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും നിരവധി പേർ സിനിമ കണ്ട് അഭിപ്രായം പറഞ്ഞ് വിളിച്ചിരുന്നു അതെല്ലാം വളരെയധികം സന്തോഷം നൽകുന്ന കാര്യങ്ങളാണെന്നും സംവിധായകൻ പറഞ്ഞു.
Post Your Comments