നടന് തിലകന് അദ്ദേഹത്തിന്റെ മക്കള്‍ സമാധാനം നല്‍കിയിട്ടില്ലെന്ന ഒരു സംവിധായകന്റെ പരാമര്‍ശത്തിനെതിരെ പൊട്ടിത്തെറിച്ച് ഷമ്മി തിലകന്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷമ്മി തലകന്റെ പ്രതികരണം. ഏതിനെയും സ്വന്തം കാഴ്ചപ്പാടിലൂടെമാത്രംകണ്ട് തീര്‍പ്പു കല്പ്പിക്കുന്നവര് എപ്പോഴും സ്വന്തം വൈകൃതക്കാഴ്ചകളുടെ അടിമകളായിരിക്കുമെന്നും താരം കുറിക്കുന്നു. കൂടാതെ ഈശനേയും ബ്രഹ്മനേയും പേടിയില്ലാത്തവനായിരുന്നു തിലകനെന്നും ഷമ്മി പറഞ്ഞു
ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
#കൂപമണ്ഡൂകം (കിണറ്റിലെ തവള)
“അജ്ഞത കൊണ്ടുള്ള ദോഷം” എന്നത്രേ ഈ പ്രയോഗത്തിന്റെ സാരം..!
കിണറ്റില്‍ കിടക്കുന്ന തവളക്ക് വിശാലമായ പുറം ലോകത്തെക്കുറിച്ച് ഒന്നുമറിയില്ല.
എന്നിരുന്നാലും ഈ കിണര്‍ തന്നെയാണ് ലോകം എന്ന മിഥ്യാധാരണയില്‍, ഒരുതരം വൃത്തികെട്ട ശബ്ദത്തില്‍ തവള ഇപ്പോഴും ആത്മസംതൃപ്തിയടയുന്നു..
അതുപോലെ വിവരദോഷിയായ, ഒരു ചൊറിയന്‍തവള..; വിശാലമായ സമൂഹത്തില്‍
“അശാന്തി” വിളയിച്ച് സ്വയം പരിഹാസ്യനാകുന്നതിലുള്ള സഹതാപമാണ് ഈ കുറിപ്പ്..!
ഏതിനെയും സ്വന്തം കാഴ്ചപ്പാടിലൂടെമാത്രംകണ്ട് തീര്‍പ്പു കല്പ്പിക്കുന്നവര് എപ്പോഴും സ്വന്തം വൈകൃതക്കാഴ്ചകളുടെ അടിമകളായിരിക്കും.
സ്വന്തം കണ്ണുകളെ തൃപ്തിപ്പെടുത്തുന്നതും സ്വയം വിശ്വസിക്കാന്‍ കഴിയുന്നതുമായ കാഴ്ചകളോടാണ് ചിലരുടെ മനസ്സിന് ആഭിമുഖ്യം. സ്വപ്നത്തില്‍ കാണുന്ന കാഴ്ചകള്‍ പോലും നേരില്‍ കണ്ടതായി ഭാവിക്കാനും, യാഥാര്‍ഥ്യബോധത്തോടെ അവതരിപ്പിക്കാനും ഇക്കൂട്ടര്‍ക്കാകും. ഇതൊരു മാനസിക രോഗമാണ്..!
ഇവര്‍ മാനസികരോഗികളും..!
“അശാന്തി” വിതറുന്ന ഈ ചൊറിയന്‍ തവളയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതും അതുതന്നെയാണ്..!
എന്നാല്‍, അങ്ങനെ ഇയാള്‍ അവതരിപ്പിക്കുന്ന മായക്കാഴ്ചകളെല്ലാം തന്നെ മരണപ്പെട്ട മഹാരഥന്മാരെ സംബന്ധിക്കുന്നത് മാത്രമാകുന്നത് യാദൃശ്ചികം എന്ന് കരുതാനാവില്ല..!
ഇയാളുടെ
വാസ്തവവിരുദ്ധത #പൊളിച്ചടുക്കാന്‍ ഈ മരണപ്പെട്ടവര്‍ ഒരു കാലത്തും വരാന്‍ പോകുന്നില്ല എന്നതാണ് ഇയാളുടെ ധൈര്യം.
ജീവിച്ചിരുന്നപ്പോള്‍ പരിസരത്തുപോലും അടുപ്പിക്കില്ലായിരുന്നവരെപ്പററി ഇത്തരം വെളിപ്പെടുത്തലുകള്‍ ഇയാള്‍ മുമ്ബ് നടത്താതിരുന്നത് തടി കേടാകും എന്ന പേടി കൊണ്ടാണ്..!
മരണപ്പെട്ടവര്‍ തിരിച്ചുവരില്ലെന്ന് ബോധ്യമുള്ളതിനാല്‍ ഏത് അപഖ്യാതിയും ആര്‍ക്കും പറയാം. എന്നാല്‍ ആ പറച്ചിലുകള്‍ വന്നു തറയ്ക്കുന്നത് ജീവിച്ചിരിക്കുന്നവരുടെ ചങ്കില് ആണെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല..!
വെറും നക്കാപ്പിച്ചക്കു വേണ്ടി ഒത്തിരി ജീവനുകളാണിയാള്‍ വ്യക്തിഹത്യ നടത്തി ഇല്ലാതാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ഒരു മനുഷ്യജന്മത്തിന്‍െറ ഏററവും ശോചനീയമായ നീചമായ, അവസ്ഥയാണിത്..!
സിനിമയില്‍ ഒന്നും ആവാതെ പോയ ഈ ഹതഭാഗ്യനെ സംബന്ധിച്ചിടത്തോളം അതുമൂലമുണ്ടായിട്ടുള്ള നിരാശയും വിഷമവുമൊക്കെ ചില്ലറ ആയിരിക്കില്ല..!
ഒരു സിനിമ ചെയ്തു..; എട്ടു നിലയില്‍ പൊട്ടി..! ഒരു സീരിയല്‍ ചെയ്തു..; ക്ലച്ച് പിടിച്ചില്ല..! ഗള്‍ഫിലുള്ള ഏതോ ഒരു ഹതഭാഗ്യനെ പറഞ്ഞു പറ്റിച്ചു ഒരു സ്റ്റുഡിയോ തുടങ്ങി..; അതില്‍, ധനനഷ്ടത്തിനേക്കാളുപരി മാനനഷ്ടം ഉണ്ടാകും എന്ന തിരിച്ചറിവില്‍ ഗള്ഫുകാരന് ജീവനുംകൊണ്ട് രക്ഷപ്പെട്ടു..!
ഭാര്യയെ കുറിച്ച് അശ്ലീലം പറഞ്ഞെന്ന് ആരോപിച്ച് ഏതോ ഒരു സംവിധായകനെ..; അവരുടെ യുണിയന്റെ പൊതുയോഗത്തില്‍ വച്ച് അസഭ്യം പറഞ്ഞതിന് യൂണിയനില്‍ നിന്നും പുറത്തായി..!
ചലച്ചിത്ര അക്കാദമിയില്‍ പാര്‍ട്ടിയുടെ പേരും പറഞ്ഞ് സ്ഥാനം പിടിച്ചടക്കാന്‍ പോയി… ചെയര്മാന് ഇറക്കിവിട്ടു..!
കലാകാരന്മാര്ക്കുളള വെല്‍ഫയര്‍ബോര്‍ഡില്‍ കാലുപിടിച്ച് കയറിപ്പററി..; കൈയ്യിലിരുപ്പുകാരണം അവര്‍ ഇപ്പോള്‍ അടുപ്പിക്കുന്നില്ല..!
അങ്ങനെ, കുടുംബബന്ധങ്ങള്‍ ഉള്‍പ്പെടെ പരാജയം മാത്രം നീക്കി ബാക്കി..!
കിടപ്പാടം പോലും വിറ്റ് വാടക വീട്ടിലാണ് ഇപ്പോള്‍..!
ഇതുമൂലമൊക്കെ ഉണ്ടായ വിഷമവും നിരാശയും അങ്ങനിങ്ങനൊന്നും മാറാന്‍ പോകുന്നില്ല..! എന്നാല്‍ അതുമൂലം മാനസീക സമനില തെറ്റി, സമൂഹത്തില്‍ മാന്യമായി ജീവിക്കുന്ന ആളുകളെക്കുറിച്ച് ഇല്ലാക്കഥ പറഞ്ഞ് കുപ്രസിദ്ധി നേടാന്‍ ശ്രമിക്കുന്നത് സാമൂഹ്യവിരുദ്ധതയാണ്..!
നമ്മുടെ അനേകം തലമുറകള്‍ക്ക് കണ്ടാസ്വദിക്കാനും, ഹൃദയത്തില്‍ സൂക്ഷിക്കാനും പറ്റുന്ന തരത്തിലുള്ള ഒരുപാട്
നല്ല സിനിമകള്‍ നമുക്ക് സംഭാവന ചെയ്ത് അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ, ശ്രീ.ലോഹിതദാസിനെ തന്നോട് തന്നെ താരതമ്യം ചെയ്ത്, ഒരു പരാജിതനായി സ്വയം മുദ്ര കുത്തിയപ്പോഴും..;
മലയാള സിനിമ ഒന്നടങ്കം ബഹുമാനിച്ചിരുന്ന, സ്നേഹിച്ചിരുന്ന അതുല്യനായ ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു സാറിന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അധിക്ഷേപിച്ചപ്പോഴും..;
കലാഭവന്‍മണിയെ കുറിച്ച് വേണ്ടാതീനം പറഞ്ഞപ്പോഴും..;
ഷെയിന്‍ നിഗം വിഷയത്തില്‍ അദ്ദേഹത്തിന്റെ ബാപ്പ അബിയെക്കുറിച്ച് ഇല്ലാവചനം പറഞ്ഞപ്പോഴും..;
നടിയെ ആക്രമിച്ച വിഷയത്തില്‍ ഇരയ്ക്കെതിരേയും മറ്റുചില സഹപ്രവര്‍ത്തകമാര്‍ക്കെതിരെയും മോശമായ നിലപാട് കൈക്കൊണ്ടപ്പോഴും..; എന്തിനധികം..;
കേരള പോലീസ് ചീഫിന് പാഷാണം ഷാജിയോട് സാമ്യമുണ്ടെന്ന് പറഞ്ഞു ബോഡി ഷെയ്മിങ് നടത്തിയപ്പോഴുമൊന്നും ഇയാള്‍ക്കെതിരെ ഇവരുടെയൊക്കെ ബന്ധുക്കളോ, അധികാരികളോ
സത്വര നടപടികള്‍ സ്വീകരിക്കാതിരുന്നത്, ഇയാളുടെ ചൊറിച്ചില്‍ ഭയന്നാണ് എന്നാണ് ഈ തിരുമണ്ടന്‍ ധരിച്ചു വെച്ചിരിക്കുന്നത്..!
സിനിമയില്‍ ഒന്നുമല്ല താനെന്ന് സ്വയം തെളിയിച്ച വ്യക്തിയാണ് ഈ മാന്യന്..!
സംവിധാനം ചെയ്യാനറിയില്ലെന്ന് ഇയാളേക്കാള്‍ നന്നായി സിനിമയിലുള്ള എല്ലാവര്‍ക്കുമറിയാവുന്നതിനാല്‍ ഒരാളും ഇയാള്‍ക്ക് ഡേറ്റ് കൊടുക്കില്ല..!
ടിയാനെ നാലുപേര്‍ അറിയുന്നതു തന്നെ, ദിലീപ് വിഷയത്തില്‍ ഒരു ചാനലില്‍ കയറിയിരുന്നു അശ്ലീലം പറയുന്നതോടെയാണ്..!
അങ്ങനെ ലൈംലൈറ്റില്‍ വന്ന ശേഷം ഡേറ്റ് ചോദിച്ചുകൊണ്ട് ദിലീപിന്റെ അടുത്ത്
ചെന്ന കാര്യം അരമനരഹസ്യമല്ല അങ്ങാടിപ്പാട്ടാണ്..! ഇദ്ദേഹത്തിന്റെ ” കഴിവിലുള്ള” വിശ്വാസം കൊണ്ടോ..; സിനിമയെക്കുറിച്ച് വിദ്വാനുളള ജ്ഞാനം ബോധ്യപ്പെട്ടതുകൊണ്ടോ ഡേറ്റ് നല്കാന് പറ്റില്ലെന്ന് ദിലീപ് പറഞ്ഞപ്പോള്‍..;
എന്നാ പിന്നെ കാശ് മതി എന്ന് കരഞ്ഞു പറഞ്ഞതും, കിട്ടിയതും മേടിച്ചോണ്ട് തിരിച്ച് പോന്ന കാര്യവും നാട്ടില്‍ പാട്ടാണ്..!
ഇങ്ങനെയൊന്നുമല്ല ഒരാള്‍ വലിയവനാകേണ്ടതും, പ്രശസ്തനാകേണ്ടതുമൊക്കെ. കുപ്രസിദ്ധി പ്രശസ്തിയായി തെറ്റിദ്ധരിക്കല്ലേ അശാന്തി വിളയിക്കുന്ന
ദിനേശാ..!!
കഴിവിന് ജനം നല്കുന്ന അംഗീകാരമാണ് #പ്രശസ്തി..!
പ്രശസ്തരെക്കുറിച്ച് അസംബന്ധം എഴുതി നേടുന്നതിനെ #കുപ്രസിദ്ധി എന്നാണ് പറയാറ്.
നിങ്ങള്‍ ഒരു “കുപ്രസിദ്ധന്‍” മാത്രമാണെന്ന് ആരും ഇതേവരെ പറഞ്ഞുതന്നില്ലേ സുഹൃത്തേ….
രാജ്യം പത്മശ്രീ നല്കി ആദരിച്ച തിലകന് എന്ന എന്റെ പിതാവ്, ചില്ലക്ഷരം കൊണ്ട് പോലും കള്ളം പറയാത്തതിനാല്‍ കാലം നെഞ്ചിലേറ്റിയ വ്യക്തിയാണ്..!
ആ പേര് ഉച്ചരിക്കാന്‍ പോലുമുള്ള യോഗ്യത ഇല്ലാത്തവനാണ് നിങ്ങള്‍..!
ആ നിങ്ങള്‍ എന്തടിസ്ഥാനത്തിലാണ് മക്കള്‍ തിലകന് മനസ്സമാധാനം കൊടുത്തിട്ടില്ലെന്നും,
അതില്‍ പ്രമുഖന് ഷമ്മിയാണെന്നും മറ്റും പറഞ്ഞത്..?
അല്ലയോ ചൊറിയന്‍ തവളേ..; ഈശനേയും ബ്രഹ്മനേയും പേടിയില്ലാത്തവനാണ് പാലപുരത്ത് കേശവന് മകന് സുരേന്ദ്രനാഥ തിലകന്..! പിന്നെയാണ് ഇച്ചിരീം പോന്ന
അഞ്ചാറു മക്കളെ..!!
ആരൊക്കെയാണ് അദ്ദേഹത്തിന് മനസ്സമാധാനം കൊടുക്കാതിരുന്നത് എന്ന് നാട്ടുകാര്‍ക്കും എനിക്കും നന്നായി അറിയാം..!
എന്നെ സംബന്ധിച്ചിടത്തോളം
എനിക്ക് എന്റെ അച്ഛന് ദൈവതുല്യനാണ്..!
അറിഞ്ഞുകൊണ്ട് ഒരിക്കല്‍പോലും അദ്ദേഹത്തിന്റെ മനസ്സമാധാനം ഞാനായിട്ട് നഷ്ടപ്പെടുത്തിയിട്ടില്ല..! മറിച്ച്, അദ്ദേഹത്തിന് ആവശ്യമുള്ളപ്പോഴെല്ലാം തുണയായി ഞാന്‍ ഉണ്ടായിരുന്നു എന്നതാണ് വസ്തുത.
അദ്ദേഹം മരിച്ചിട്ട് എട്ട് വര്‍ഷം ആകുന്ന ഈ വേളയിലും അദ്ദേഹത്തിന് നീതി കിട്ടുന്നതിനുവേണ്ടി പോരാടുന്നതിനാല്‍ എനിക്ക് തിരിച്ചടി നേരിടുന്ന വിവരവും നാട്ടുകാര്‍ക്ക് അറിയാവുന്നതാണ്..
കുടുംബ ബന്ധങ്ങള്‍ താങ്കളുടെ വീട്ടിലേതു പോലെയാണ് എല്ലായിടത്തും എന്ന് ധരിച്ചുവെച്ചിരിക്കുന്നതാണ് ഇങ്ങനെയൊക്കെ പറയാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന ഘടകം..!
ഇങ്ങനെയൊക്കെ എഴുതണമെന്ന് സ്വപ്നത്തില്‍ പോലും കരുതിയതല്ല..!
പക്ഷെ എപ്പോഴും അഭിമാനത്തോടെയും അല്പം അഹന്തയോടെയും #തിലകന്‍െറ_മകന് എന്ന് അഭിമാനിക്കുന്ന എന്നെയും, എന്റെ അച്ഛനെയും കുറിച്ച് അനാവശ്യം പറഞ്ഞു പരത്തിയപ്പോള്‍ എനിക്കുണ്ടായ വിഷമം കൊണ്ട് പറഞ്ഞു പോയതാണ്..!
ഇനി ഒരു മറുപടിക്ക് ഇടവരാതിരിക്കട്ട..!
സ്നേഹപൂര്‍വം..;
ഷമ്മി തിലകന്.
Post Your Comments