തൂത്തുക്കുടിയില്‍ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രതിഷേഷം ശക്തമാകുന്നു. ലോക്ക്ഡൗണ്‍ ലംഘിച്ച് കട തുറന്നുവെച്ചു എന്നാരോപിച്ചാണ് പോലീസ് ജയരാജനെയും ഫെനിക്സിനെയും കസ്റ്റഡിയില്‍ എടുക്കുന്നത്. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങി അതി ക്രൂരമായി മര്‍ദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. തമിഴ്നാട്ടില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഈ സംഭവം വഴിതുറന്നിരിക്കുന്നത്. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്നടന് സൂര്യ. പൊലീസ് കസ്റ്റഡിയില്‍ ക്രൂര അതിക്രമത്തിന് ഇരയായി ഇവര്‍ മരിച്ചില്ലായിരുന്നെങ്കില്‍ ഇത് നമ്മള് ശ്രദ്ധിക്കുമായിരുന്നോ എന്നു താരം ചോദിക്കുന്നു. പൗരാവകാശത്തിന് അധികാര കേന്ദ്രങ്ങള്‍ കാട്ടുന്ന അലംഭാവത്തിനുള്ള തെളിവാണ് ഇതെന്നും സൂര്യ വ്യക്തമാക്കി.
ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ..
“സാത്താങ്കുളം പൊലീസ് സ്റ്റേഷനില്‍ നടന്ന സംഭവം പൊലീസ് സേനയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഒന്നാണ്. എവിടെയോ നടന്ന ഒരു സംഭവമെന്ന നിലയില്‍ അവഗണിക്കാനാവുന്ന ഒന്നല്ല ഇത്. പൊലീസിന്റെ ക്രൂര അതിക്രമത്തിനു വിധേയരായ ശേഷവും ജയരാജിനെയും ഫെനിക്സിനെയും പരിശോധിച്ച സര്‍ക്കാര്‍ ഡോക്ടര്‍ വിലയിരുത്തിയത് അവരുടെ ആരോഗ്യസ്ഥിതിയില്‍ കുഴപ്പമൊന്നുമില്ലെന്നാണ്. അവരുടെ യഥാര്‍ഥ സ്ഥിതി എന്തെന്നു പരിഗണിക്കാതെയാണ് മജിസ്ട്രേറ്റ് കസ്റ്റഡി അനുവദിച്ചു കൊടുത്തതും. ജയില്‍ വിചാരണയും വേണ്ടവിധത്തിലല്ല നടന്നത്. പൗരാവകാശത്തിന്റെ കാര്യത്തില്‍ നമ്മുടെ അധികാര കേന്ദ്രങ്ങള്‍ കാട്ടുന്ന അലംഭാവം എത്രത്തോളമാണെന്നതിനു തെളിവാണ് ഈ ജാഗ്രതക്കുറവ്. രണ്ട് മനുഷ്യരുടെ മരണം സംഭവിച്ചിരുന്നില്ലെങ്കില്‍ ഈ പൊലീസ് ക്രൂരത ശ്രദ്ധിക്കപ്പെടാതെ പോയേനെ. പൊലീസിനെ എതിര്‍ത്താല്‍ എന്തു സംഭവിക്കും എന്നതിന്റെ തെളിവായി, ജയില്‍ വിട്ട് വരുമായിരുന്ന ജയരാജനും ഫെനിക്സും അവശേഷിച്ചേനെ. തങ്ങളുടെ മരണത്തിലൂടെ ഈ അച്ഛനും മകനും സമൂഹമനസാക്ഷിയെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. സംഭവത്തില്‍ തങ്ങളുടെ കര്‍ത്തവ്യത്തില്‍ വീഴ്ച വരുത്തിയ ഓരോരുത്തരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം, അവര്‍ ശിക്ഷിക്കപ്പെടുകയും വേണം- സൂര്യ കുറിച്ചു.
Post Your Comments