CinemaGeneralLatest NewsMollywoodNEWS

മലയാള “സിനിമയിൽ ചില അലിഖിത നിയമങ്ങൾ ഉണ്ട്; അത് മാറണം ; ഇത് ബോളിവുഡല്ല, കേരളമാണ്; നേരിട്ട വിഷമതകളെക്കുറിച്ച് നീരജ് മാധവ്

നായകനായപ്പോഴാണ് മനസിലായത് സിനിമാകച്ചവടം വേറൊരു പരിപാടിയാണെന്ന്

യുവതാരങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകഹൃദയത്തില്‍ സ്ഥാനം പിടിച്ച നടനാണ് നീരജ്, മലയാള സിനിമാ രം​ഗത്ത് നിന്ന് തനിക്ക് ചില വിഷമതകൾ നേരിട്ടിരുന്നു എന്ന് വ്യക്തമാക്കി പ്രശസ്ത നടൻ നീരജ് മാധവ് രം​ഗത്ത്.

ഫേസ്ബുക്കിലൂടെയാണ് തന്റെ പ്രതികരണം നടത്തിയത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…..

“സിനിമയിൽ ചില അലിഖിത നിയമങ്ങൾ ഉണ്ട് ”, ഒരു പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ പണ്ട് എന്നോട് പറഞ്ഞതാണ്, “അതൊക്കെ നോക്കീം കണ്ടും നിന്നാൽ നിനക്കു കൊള്ളാം.” അന്നതിന്റെ ഗുട്ടൻസ് എനിക്ക് പിടി കിട്ടിയില്ല, 6 വർഷങ്ങൾക്കിപ്പുറം വന്ന വഴി തിരിഞ്ഞു നോക്കുമ്പോൾ ഞാനോർക്കുന്നത്‌ ഈ പറഞ്ഞ നിയമാവലി പലപ്പോഴും ഞാൻ പാലിച്ചിട്ടില്ല എന്നുള്ളതാണ്. അതിന്റെ തിരിച്ചടികളും ഞാൻ നേരിടേണ്ടി വന്നിട്ടുണ്ട്.

പല സിനിമാ സെറ്റുകളിലും ഇപ്പഴും നിലനിൽക്കുന്ന ഒരു hierarchy സംബ്രദായമുണ്ട്. സീനിയർ നടന്മാർക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവർക് സ്റ്റീൽ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു ആ വേർതിരിവ്. ചായ പേപ്പർ ഗ്ലാസിൽ കുടിച്ചാലും ഇറങ്ങും, പക്ഷെ അത് അടിച്ചേല്പിക്കുമ്പോഴാണ് പ്രശ്നം. കാലിന്മേൽ കാല് കേറ്റി വച്ചിരുന്നാൽ ജാഡ, കൂളിംഗ് ഗ്ലാസ്സിട്ടാൽ അഹങ്കാരം, സ്‌ക്രിപ്റ്റിൽ അഭിപ്രായം പറഞ്ഞാൽ ഇടപെടൽ. നമ്മൾ casual ആയി പറയുന്ന ഓരോ വാക്കുകളും വരെ ചിന്തിക്കാൻ പറ്റാത്ത രീതിയിൽ ദുർവ്യാഖ്യാനിക്കപ്പെടും. Extremely judgemental ആയിട്ടുള്ള ഒരു പറ്റം കൂട്ടർ.

വളർന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട്. ഇവരുടെ മെയിൻ പണി പുതിയ പിള്ളേരുടെ സ്വഭാവ ഗുണങ്ങൾ അളക്കലാണ്, എന്നാൽ നിങ്ങൾ വിചാരിക്കുന്ന പോലെ പുകവലിയും മദ്യപാനവും ഒന്നുമല്ല ഇതിന്റെ മാനദണ്ഡം. വിധേയത്വം , സഹകരണം, എളിമ, ഇത് മൂന്നും നാട്യമാണെങ്കിലും കാട്ടിക്കൂട്ടണം. പിന്നെ കൂടുതൽ ആവശ്യങ്ങൾ ഉന്നയിക്കാതിരിക്കുക, തരുന്ന കാശും മേടിച്ച് വീട്ടിൽ പോവുക. എന്നാൽ നിങ്ങളെ അടുത്ത പടത്തിൽ വിളിക്കും.

ഒരുപക്ഷെ പ്രായത്തിന്റെ അപക്വതയിൽ അൽപം വാശികളും അശ്രദ്ധയും ഒക്കെ കാണിച്ചിട്ടുണ്ടാവാം, അതുകൊണ്ട് പല ‘സിനിമക്കാരുടെയും’ good booksൽ ഞാൻ കേറിപറ്റിയിട്ടില്ല. അല്പം demanding ആയതിന്റെ പേരിൽ പല അവസരങ്ങളും എനിക്ക് നഷ്ടപെട്ടിട്ടുണ്ട്. ഞാൻ പോലും വളരെ വൈകിയാണ് ഇതൊക്കെ തിരിച്ചറിഞ്ഞിട്ടുള്ളത്.

ഒരു കലാകാരന് ഏറ്റവും ആവശ്യമായിട്ടുളളത് കഴിവും പ്രയത്നവുമാണ് എന്നിരിക്കെ, സിനിമയിൽ മുന്നേറാൻ നമ്മൾക്കു വേണ്ടത് അതൊന്നുമല്ല എന്നുള്ളതാണ് വാസ്തവം. ഞാൻ ചെറിയ വേഷങ്ങളിൽ തുടങ്ങിയ ആളാണ്, അതുകൊണ്ട് തന്നെ ഓരോ ചവിട്ടുപടിയും ഏറെ ശ്രമകരമായിരുന്നു. സിനിമ ഒരു show business കൂടിയാണ്, അപ്പോൾ കൂടുതൽ ശമ്പളം മേടിക്കുന്നവർ ആണ് താരങ്ങൾ. നായികയുടെ hairdresserന്റെ പകുതി പോലും ശമ്പളമില്ലാത്ത കാലത്ത് നിന്ന് ഇന്ന് ഏഴക്ക ശമ്പളമുള്ള ഒരു നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു വലിയ അധ്വാനമുണ്ട്. എന്നാൽ ഏറ്റവും വലിയ സത്യവും സങ്കടവും എന്താണെന്ന് വെച്ചാൽ സിനിമയിൽ കലാകാരന്റെ കഴിവല്ല, കൈകാര്യമാണ് അവന്റെ ഭാവി നിർണയിക്കുന്നത് എന്നുള്ളതാണ്. ഒപ്പം അവകാശപ്പെടാൻ ഒരു പാരമ്പര്യം കൂടെ ഉണ്ടെങ്കിൽ പിന്നെ സേഫ് ആണ്.

ആദ്യകാലത്തെ കോമഡി വേഷങ്ങളിൽ നിന്ന് ചുവട് മാറ്റാൻ ശ്രമിച്ചപ്പോൾ പലരും പേടിപ്പിച്ചു, വെറുതെ ഉള്ളത് കൂടി ഇല്ലാതാവും. പിന്നീട് നായകനായപ്പോഴാണ് മനസിലായത് സിനിമാകച്ചവടം വേറൊരു പരിപാടിയാണെന്ന്. Satellite value മുതൽ സിനിമയ്ക്കു നല്ല തീയറ്ററുകൾ ലഭിക്കുന്നതു വരെയുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങൾ നായകന്റെ തലയിലാണ്. ഇതെല്ലാം ചെയ്ത്‌ പടം തീയറ്ററിൽ എത്തിച്ചാൽ നിങ്ങളിൽ എത്ര പേര് ആദ്യവാരം പോയിക്കാണും ? അഭിപ്രായം കേട്ടിട്ട് പോവാം എന്നാണ് പലരുടെയും നിലപാട്, പടം above average ആയാലും പോരാ, exceptional ആണേൽ ഞങ്ങൾ വിജയിപ്പിക്ക്കാം. അല്ലേൽ വിമർശിച്ചു കീറിയോട്ടിക്കും. താരങ്ങളുടെ മോശപ്പെട്ട സിനിമകൾ പോലും ഇക്കൂട്ടർ വിജയിപ്പിക്കുന്നില്ലേ ? അപ്പൊ പിന്നെ കൊച്ചു സിനിമകളുടെ കാര്യത്തിൽ എന്താണ് ഇത്ര കാർക്കശ്യം ? ആരോട് പറയാൻ…

https://www.facebook.com/ActorNeerajOfficial/posts/1402676943263952

shortlink

Related Articles

Post Your Comments


Back to top button