ബോളിവുഡ് ഇതിഹാസതാരം അമിതാഭ് ബച്ചന് നായകനാകുന്ന പുതിയ ചിത്രം അമിതാഭ് ബച്ചന് ‘ഗുലാബോ സിറ്റാബോ’ വിവാദത്തില്‍. ഓണ്‍ലൈനില്‍ റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ദേശീയ പുരസ്കാര ജേതാവും ബോളിവുഡിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളുമായ ജൂഹി ചതുര്‍വേദിക്ക് എതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത് അന്തരിച്ച തിരക്കഥാകൃത്ത് രാജീവ് അഗ്രവാളിന്റെ മകന് അകിരയാണ്.
അമിതാഭ് ബച്ചന്- ആയുഷ്മാന്‍ ഖുറാന എന്നിവരെ പ്രധാന കഥാപാത്രമാക്കി ഷൂജിത് സിര്‍കര്‍ സംവിധാനം ചെയ്ത ചിത്രമായ ‘ഗുലാബോ സിറ്റാബോ’ ആമസോണ്‍ പ്രൈമില്‍ ജൂലൈ 12 ന് റിലീസിന് ഒരുങ്ങുകയാണ്. ജൂഹി ചതുര്‍വേദി ഉള്‍പ്പെടുന്നവര്‍ ജഡ്ജി ആയെത്തിയ ഒരു തിരക്കഥ എഴുത്ത് മത്സരത്തില്‍ താന്‍ സമര്‍പ്പിച്ച തിരക്കഥയാണെന്നും തിരക്കഥ വായിച്ച് അതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ജൂഹി ‘ഗുലാബോ സിറ്റാബോ’ എഴുതിയതെന്നുമാണ് അകിര ആരോപിക്കുന്നത്.
എന്നാല്‍ അകിരയുടെ ആരോപണം നിര്‍മാതാക്കള്‍ തള്ളിയിരിക്കുകയാണ്. 2018ല്‍, തിരക്കഥയെഴുത്ത് മത്സരത്തിനും വളരെ മുന്‍പ് തന്നെ ജൂഹി ഈ കഥയുടെ ആശയം രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നാണ് നിര്‍മാതാക്കള്‍ പത്രക്കുറിപ്പില്‍ പറയുന്നത്. കൂടാതെ ജൂഹിയെ അപകീര്‍ത്തിപ്പെടുത്താനും സിനിമയെ തകര്‍ക്കാനുമുള്ള മനഃപൂര്‍വ്വമായ ശ്രമമാണിതെന്നാണ് നിര്‍മാതാക്കളുടെ വാദം. ബോളിവുഡ് തിരക്കഥാകൃത്തുക്കളുടെ സംഘടനയും ജൂഹിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments