Latest NewsNEWS

പ്രിയപ്പെട്ട അനിയത്തി കുട്ടി നിങ്ങളാണ് നിങ്ങളെ പോലെയുള്ളവരാണ് യഥാര്‍ത്ഥ ഗുരുനാഥന്‍മാര്‍, കളിയാക്കുന്ന വിഡ്ഡികളെ സാംസ്‌കാരിക കേരളം തള്ളി കളയും ; ടീച്ചര്‍ക്ക് പിന്തുണ നല്‍കി ഹരീഷ് പേരടി

കഴിഞ്ഞ ദിവസം മുതലായിരുന്നു ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്ക് പഠനം തുടങ്ങിയത്. ഇതില്‍ കുട്ടികള്‍ക്ക് വേണ്ടി പഠിപ്പിക്കാനെത്തിയ അധ്യാപകരെ സോഷ്യല്‍മീഡിയയിലൂടെ അവഹേളിക്കുന്ന ട്രോളുകളും ദൃശ്യങ്ങളും പ്രചരിപ്പിച്ചിരുന്നു.ഇത്തരത്തില്‍ ഏറെ പരിഹാസങ്ങള്‍ക്കു വിധേയയായ അധ്യാപികയായിരുന്നു ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി എത്തിയ സായ് ശ്വേത എന്ന അധ്യാപിക. ആദ്യം അധ്യാപികക്കെതിരെ നിരവധി പരിഹാസങ്ങള്‍ ഉയര്‍ന്നെങ്കിലും പിന്നീട് സായ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോള്‍ ഇതാ നടന്‍ ഹരീഷ് പേരടിയും രംഗത്തെത്തിയിരിക്കുകയാണ്.

പ്രിയപ്പെട്ട അനിയത്തി കുട്ടി എന്ന് അഭിസംബോധന ചെയ്താണ് അദ്ദേഹം കുറിപ്പ് തുടങ്ങുന്നത്. നിങ്ങളെ പോലെയുള്ളവരാണ് യഥാര്‍ത്ഥ ഗുരുനാഥന്‍മാരെന്നും താങ്കളെ കളിയാക്കുന്ന വിഡ്ഡികളെ സാംസ്‌കാരിക കേരളം തള്ളി കളയുമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ ഡയറിയില്‍ എഴുതി വെച്ചോളു നാളെ ഈ രാജ്യത്തിന്റെ സ്വപ്നങ്ങള്‍ക്ക് നിറം പിടിപ്പിക്കാന്‍ പോകുന്ന ഒരു തലമുറക്കു വേണ്ടി താന്‍ വിത്തെറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സ്‌കൂള്‍ കാലത്ത് നന്നായി പഠിച്ചിരുന്ന താനൊക്കെ പ്രിഡിഗ്രി തോറ്റ ഒരുമരമണ്ടനാവാന്‍ കാരണം മലയാളം മീഡിയത്തില്‍ നിന്നും വന്ന തന്നോടൊക്കെ ഇംഗ്ലീഷില്‍ ക്ലാസെടുത്ത തന്റെ മനസ്സറിയാന്‍ ശ്രമിക്കാത്ത ശമ്പളം മാത്രം വാങ്ങാന്‍ അറിയുന്ന കൂറെ ഉദ്യോഗസ്ഥരാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ജയപ്രകാശ് കുളൂര്‍ എന്ന നാടകാചര്യനെ കണ്ടിട്ടില്ലായിരുന്നെങ്കില്‍ നിങ്ങളിന്ന് കാണുന്ന ഹരീഷ് പേരടിയുണ്ടാവുമായിരുന്നില്ലെന്നും അതുകൊണ്ടാണ് താനെവിടെയും ആ മനുഷ്യനെ തന്റെ ഗുരു എന്ന് അഭിമാനത്തോടെ പറയുന്നതെന്നും അദ്ദേഹം കുറിച്ചു.

ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

സായി ശ്വേത..പ്രിയപ്പെട്ട അനിയത്തി കുട്ടി നിങ്ങളാണ് നിങ്ങളെ പോലെയുള്ളവരാണ് യഥാര്‍ത്ഥ ഗുരുനാഥന്‍മാര്‍.. ഒരോ പ്രായത്തിലുംപ്പെട്ട വിദ്യാര്‍ത്ഥികളുടെ മനസ്സറിഞ്ഞ് വിദ്യ ഓതുന്നവര്‍ …സ്‌കൂള്‍ കാലത്ത് നന്നായി പഠിച്ചിരുന്ന ഞാനൊക്കെ പ്രിഡിഗ്രി തോറ്റ ഒരുമരമണ്ടനാവാന്‍ കാരണം മലയാളം മീഡിയത്തില്‍ നിന്നും വന്ന എന്നോടൊക്കെ ഇംഗ്ലീഷില്‍ ക്ലാസെടുത്ത എന്റെ മനസ്സറിയാന്‍ ശ്രമിക്കാത്ത ശമ്പളം മാത്രം വാങ്ങാന്‍ അറിയുന്ന കൂറെ ഉദ്യോഗസ്ഥരാണ്…വേദം പഠിച്ച കാലം എന്റെ ജീവിതത്തില്‍ ഇല്ല എന്ന് ഇം.എം.സ്. പറഞ്ഞതുപോലെ ആ പ്രിഡിഗ്രി കാലം എനിക്കൊന്നും തന്നിട്ടില്ല…പിന്നീട് ഉണ്ടാക്കിയെടുത്തതൊക്കെ ജീവിതമെന്ന സര്‍വകലാശാലയില്‍ കരണം കുത്തി മറിഞ്ഞിട്ടാണ്…ജയപ്രകാശ് കുളൂര്‍ എന്ന നാടകാചര്യനെ കുളൂര്‍ മാഷിനെ കണ്ടിട്ടില്ലായിരുന്നെങ്കില്‍ നിങ്ങളിന്ന് കാണുന്ന ഹരീഷ് പേരടിയുണ്ടാവുമായിരുന്നില്ല…അതുകൊണ്ടാണ് ഞാനെവിടെയും ആ മനുഷ്യനെ എന്റെ ഗുരു എന്ന് അഭിമാനത്തോടെ പറയുന്നത്..കളിയാക്കുന്ന വിഡ്ഡികളെ സാംസ്‌കാരിക കേരളം തള്ളി കളയും…സായി ശ്വേത നിങ്ങള്‍ ഇന്നത്തെ ഡയറിയില്‍ എഴുതി വെച്ചോളു നാളെ ഈ രാജ്യത്തിന്റെ സ്വപനങ്ങള്‍ക്ക് നിറം പിടിപ്പിക്കാന്‍ പോകുന്ന ഒരു തലമുറക്കു വേണ്ടി ഞാന്‍ വിത്തെറിഞ്ഞിട്ടുണ്ടെന്ന് …അഭിവാദ്യങ്ങള്‍ സഹോദരി..

https://www.facebook.com/hareesh.peradi.98/posts/745088832698135

shortlink

Related Articles

Post Your Comments


Back to top button