
മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന് അറുപതാം പിറന്നാള്‍. ജന്മദിനാശംസകള്‍ നേര്‍ന്ന് സുനില്‍ വെയ്ന്‍സ് എന്ന പ്രേക്ഷകന്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയം. താരത്തിന്റെ അഭിനയ ജീവിതത്തെക്കുറിച്ചും വ്യക്തിപരമായ ഇഷ്ടങ്ങളെക്കുറിച്ചുമൊക്കയാണ് ഫെയ്‌സ്ബുക്കില്‍ സുനില്‍ പങ്കുവയ്ക്കുന്നത്.
സുനിലിന്റെ കുറിപ്പ്
40 വർഷം മുൻപ് ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ അഭിനയിക്കാൻ വന്ന മോഹൻലാൽ.വി എന്ന ചെറുപ്പക്കാരന്റെ കയ്യിൽ ഒരു ലേഡീസ് കുടയുണ്ടായിരുന്നു.അന്ന് തന്റെ മുന്നിലേക്ക് അഭിനയിക്കാൻ കയറി വന്ന ആ വെളുത്ത് മെലിഞ്ഞ യുവാവ് വലിയ ലജ്ജാലുവായിരുന്നുവെന്ന് പിൽക്കാലത്ത് സംവിധായകൻ ഫാസിൽ തന്നെ പറഞ്ഞിട്ടുണ്ട്.തന്റെ അരങ്ങേറ്റ സിനിമയിലെ വില്ലൻ കഥാപാത്രം ചെയ്യാൻ,മോഹൻലാൽ എന്ന ചെറുപ്പക്കാരനെ അന്ന് ഫാസിൽ തിരഞ്ഞെടുത്തു..മുഖക്കുരുക്കലകൾ മായാത്ത ആ ചെറുപ്പക്കാരന്റെ മുഖത്ത് അന്നാദ്യമായി മലയാളി,പുതിയൊരു വില്ലനെ കണ്ടു
അതൊരു നിമിത്തം മാത്രമായിരുന്നു..ശരവേഗം കൊണ്ടായിരുന്നു പിന്നീടുള്ള വളർച്ച..1982 മുതൽ 1986 വരെയുള്ള 5 വർഷം കൊണ്ട് ഏതാണ്ട് 125ഓളം സിനിമകൾ..മികച്ച സംവിധായകർ..പ്രതിഭാധനരായ എഴുത്തുകാർ..നിരവധി പുരസ്‌കാരങ്ങൾ..വലിയ തോതിൽ ആരാധകവൃന്ദം..ഞൊടിയിടകൊണ്ടായിരുന്നു വിവിധങ്ങളായ കഥാപാത്രങ്ങളിലേക്കുള്ള അയാളുടെ പരകായപ്രവേശം..ഇതിനിടയിൽ അയാൾ മന്ത്രവാദിയായി.. zപോലീസുകാരനായി.. പട്ടാളക്കാരനായി..രാഷ്ട്രീയക്കാരനായി..ഡോക്ടറായി..എഴുത്തുകാരനായി..അധ്യാപകനായി..ഗൂർഖയായി..മെക്കാനിക്കായി..മാനസികരോഗിയായി..മദ്യപാനിയായി..ജയിൽപ്പുള്ളിയായി..ഗുണ്ടയായി..ജാരസന്തതിയായി..കഴിഞ്ഞ 40 വർഷം കൊണ്ട് ഈ മനുഷ്യൻ,ഇവിടെ കെട്ടിയാടാത്ത വേഷങ്ങളില്ല..ഹാസ്യം..രൗദ്രം..വീരം തുടങ്ങി എല്ലാ ഭാവതലങ്ങളും അയാൾ അനായാസേനെ വാരിവിതറിക്കൊണ്ടേയിരുന്നു..പച്ച വയൽവരമ്പിലൂടെ തോൾ ചെരിച്ചു നടന്ന മോഹൻലാലിനേയും തനിക്കേറ്റവും പ്രിയപ്പെട്ടവളെ ഒരു തൂവൽ കണക്ക് ആകാശത്തേക്ക് ഉയർത്തിപ്പിടിക്കുന്ന മോഹൻലാലിനേയും സ്നേഹവാത്സല്യങ്ങളോടെ അമ്മയോട് കൊഞ്ചുന്ന മോഹൻലാലിനേയും മലയാളി ഒരുപോലെ സ്നേഹിച്ചു..യേശുദാസിന്റെ ശബ്‌ദം പോലെ..എം.ടി.യുടെ അക്ഷരങ്ങൾ പോലെ മലയാളിയുടെ ജീവകോശങ്ങളിൽ മോഹൻലാൽ എന്ന മനുഷ്യന്റെ നൂറുനൂറു ഭാവങ്ങൾ യഥേഷ്ടം വിരിഞ്ഞുകൊണ്ടേയിരുന്നു.നാല് പതിറ്റാണ്ട് കൊണ്ട് മോഹൻലാൽ എന്ന പേര് മലയാളിക്കും രുചിയും ശീലവുമായി മാറി
വർഷങ്ങളെത്ര കഴിഞ്ഞുപോയിരിക്കുന്നു..ഇതിനിടയിൽ അതിമാനുഷിക രൂപം പൂണ്ട അദ്ദേഹത്തിന്റെ ഭാവപകർച്ച കണ്ട് കടുത്ത ആരാധകർ പോലും ഒരിക്കൽ തള്ളിപ്പറഞ്ഞു..എന്നാൽ തള്ളിപറഞ്ഞവരുടെയും എഴുതിത്തള്ളിയവരുടെയും മുന്നിലേക്ക് കണ്ണിറുക്കി..കള്ളച്ചിരി പാസ്സാക്കി വൻവിജയങ്ങളുമായി വീണ്ടും അയാൾ തിരിച്ചെത്തി..മനുഷ്യാ നീ ഒരിക്കലും തോറ്റ് പിൻവാങ്ങരുത് എന്ന് പറയുന്നത് പോൽ ഒരു തിരിച്ചുവരവ്..പിന്നീടിത് വരെ അമ്പരപ്പിച്ച നിരവധി വേഷപ്പകർച്ചകൾ..പല സിനിമകളും മലയാളസിനിമയുടെ സാമ്പ്രദായിക സങ്കൽപങ്ങൾ പൊളിച്ചെഴുതി..ചില സിനിമകൾ കോടികളുടെ കിലുക്കമുണ്ടാക്കി
വൻ വിജയങ്ങൾ
ദൃശ്യം..പുലിമുരുഗൻ തൊട്ട് ലൂസിഫർ വരെ
വർഷങ്ങളെത്ര കഴിഞ്ഞു പോയിരിക്കുന്നു
സിനിമാഭിനയത്തോടൊപ്പം,ഇന്ന് അതികഠിനമായ നാടകവേദിയിൽ അദ്ദേഹമുണ്ട്..
ജീവിതാനുഭവങ്ങളെ കുറിച്ച് എഴുതുന്ന കുറിപ്പുകൾ നിരവധി ആളുകൾ വായിക്കുന്നുണ്ട്.
പട്ടാളത്തോടൊപ്പം അദ്ദേഹം പരിശീലിക്കുന്നുണ്ട്.
സിനിമാഭിനയം പാതിയിൽ നിർത്തിവച്ച് ദൂരദേശങ്ങളിലേക്ക് അദ്ദേഹം യാത്ര ചെയ്യുന്നുണ്ട്.
ഓഷോയെ കുറിച്ച് ഇടക്കിടെ സംസാരിക്കുന്നുണ്ട്
അവയവദാനത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്..കൊറോണയുൾപ്പടെയുള്ള രോഗങ്ങളുടെ തീവ്രതയെക്കുറിച്ചും അനന്തരഫലങ്ങളെക്കുറിച്ചും അയാൾ ജനങ്ങളെ നിരന്തരം ബോധവാന്മാരാക്കുന്നുണ്ട്
ക്രിക്കറ്റ് കളിക്കുന്നുണ്ട്
ജീവിതത്തിൽ താൻ കണ്ടുമുട്ടിയ ആളുകളെക്കുറിച്ചും തന്നെ സ്വാധീനിച്ചവരെക്കുറിച്ചും ഇടക്കിടെ വാചാലനാകാറുണ്ട്
മാറ്റങ്ങളിൽ നിന്ന് മാറ്റങ്ങളിലേക്ക് ഈ മനുഷ്യൻ പതിയെ പതിയെ ഒഴുകിയൊഴുകി നീങ്ങുന്നു..ഒരിക്കൽ ഒരു അഭിമുഖത്തിൽ എങ്ങോട്ടാണ് ഈ പോക്ക് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു
“അതെനിക്കറിയില്ല സുഹൃത്തേ..,കാരണം ഞാൻ അത് അറിഞ്ഞു കൊണ്ട് യാത്ര ചെയ്യുകയല്ലല്ലോ..പക്ഷേ ഈ യാത്ര ഞാൻ ശരിക്കും ആസ്വദിക്കുക തന്നെ ചെയ്യുന്നുണ്ട്”????
40 വർഷങ്ങൾ കഴിഞ്ഞു..60 വയസ്സും പിന്നിട്ടിരിക്കുന്നു..എന്നിട്ടും ഈ മനുഷ്യനെ മലയാളിക്ക് മടുത്തിട്ടില്ല.ഇപ്പോഴും അയാളെ,അവർ കണ്ടു കൊണ്ടേയിരിക്കുന്നു..ഐതിഹാസികമാനമുള്ള ആ ജീവിതം ഇന്ന് അക്ഷരാർത്ഥത്തിൽ ഓരോ മലയാളിക്കും ഒരു പാഠപുസ്‌തകം തന്നെയാണ്
❤️?ജന്മദിനാശംസകൾ ലാലേട്ടാ?❤️
Post Your Comments