GeneralLatest NewsMollywood

ടിവി റിയാലിറ്റി ഷോകൾ നിലച്ചപ്പോൾ മത്സരങ്ങൾ ഫേസ്‍ബുക്കിലേക്ക്!! രവീന്ദ്രൻ മാസ്റ്ററുടെ ഗാനങ്ങളുടെ ആലാപന മത്സരം

വിജയിക്കുന്ന ഗായകനും ഗായികയ്ക്കും 10001 രൂപ വീതവും ഫലകവും പ്രശസ്തി പത്രവും ആണ് സമ്മാനം.

മലയാളത്തിലെ വിഖ്യാത സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ പേരിൽ ഈ ലോക്ക്ഡൗൺ കാലത്ത് ഒരു സംഗീത മത്സരം നടത്തുന്നു. പൂർണമായും ഓൺലൈൻ ആയി നടക്കുന്ന ഈ മത്സരം സംഘടിപ്പിക്കുന്നത് രവീന്ദ്രൻ മാസ്റ്റർ ഫേസ്ബുക്ക് ഗ്രൂപ്പ് (https://www.facebook.com/groups/raveendranmastermusic) ആണ്.

ഭാവഗാനങ്ങൾ, അർദ്ധശാസ്ത്രീയ ഗാനങ്ങൾ, ചടുലതാളത്തിൽ ഉള്ള ഗാനങ്ങൾ തുടങ്ങി ബഹുവിധ ശൈലികളിൽ വന്ന രവീന്ദ്ര ഗാനങ്ങൾ വിവിധ റൗണ്ടുകളിൽ പാടിപ്പിച്ചാണ് മികച്ച ഗായകനെയും ഗായികയെയും തെരഞ്ഞെടുക്കുന്നത്. സ്വതവേ ബുദ്ധിമുട്ടുള്ള അദ്ദേഹത്തിന്റെ ഗാനങ്ങൾ വിജയകരമായി പാടുന്നവർക്ക് ഏത് വെല്ലുവിളികളെയും നേരിടാവുന്ന ഗായകർ ആയി മാറാമെന്നും ഭാവിയിലേക്ക് സംഗീതമേഖലയ്ക്ക് മുതൽകൂട്ടാക്കാവുന്ന അത്തരം പ്രതിഭകളെ കണ്ടെത്തുക എന്നതാണ് ഈ മത്സരം വഴി ഉദ്ദേശിക്കുന്നതെന്നും ഫേസ്ബുക് ഗ്രൂപ്പിന്റെ അഡ്മിൻ പാനൽ അഭിപ്രായപ്പെട്ടു.

മലയാളഗാനശാഖയിലെ ചക്രവർത്തി എന്ന് തന്നെ നിസംശയം വിശേഷിപ്പിക്കാവുന്ന രവീന്ദ്രൻ മാസ്റ്ററുടെ പേരിൽ നടക്കുന്ന ഓണലൈൻ സംഗീത മത്സരത്തിന് ആശംസകൾ നേരുന്നു എന്നും വളരെ വിഷമം പിടിച്ചതാണ് മാഷിന്റെ പാട്ടുകൾ എന്നും അവ ശ്രദ്ധിച്ചു പഠിച്ചു മികച്ച രീതിയിൽ മത്സരത്തിൽ അവതരിപ്പിക്കാൻ ഉള്ള സാഹചര്യം എല്ലാവര്ക്കും ഉണ്ടാവട്ടെ എന്നും ആശംസ സന്ദേശത്തില്‍കെ എസ് ചിത്ര അറിയിച്ചു.

*എൻട്രികൾ അയയ്ക്കാം*

ആദ്യ ഘട്ട ഒഡിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 15 ഗായകന്മാർ, 15 ഗായികമാർ എന്നിവർക്കാണ് 6 റൗണ്ടുകൾ അടങ്ങിയ പ്രധാന മത്സരത്തിലേക്ക് പ്രവേശനം. പ്രഗത്ഭരായ സംഗീതജ്ഞർ ആയിരിക്കും ജൂറി അംഗങ്ങൾ. ഓഡിഷന് വേണ്ടി രവീന്ദ്രൻ മാസ്റ്ററുടെ രണ്ട് ഗാനങ്ങൾ, അതിലൊന്ന് അർദ്ധ ശാസ്ത്രീയ ഗാനം, പാടുന്നത് വീഡിയോ ആയി മൊബൈലിൽ ഷൂട്ട് ചെയ്തു +917907543127 എന്ന നമ്പറിലേക്ക് 2020 മെയ് 24ന് മുൻപായി വാട്സാപ്പ് ചെയ്യുക. കരോക്കെ ഉപയോഗിക്കാതെ, വേണമെങ്കിൽ തംബുരു ശ്രുതി മാത്രം ഉപയോഗിച്ച് വേണം പാട്ടുകൾ പാടാൻ. പാട്ടിനെ എഡിറ്റ് ചെയ്യാനോ എഫക്ടുകൾ ചേർക്കാനോ പാടില്ല.

ആൺ പെൺ വിഭാഗങ്ങൾക്ക് പ്രത്യേകമായി നടത്തുന്ന മത്സരത്തിൽ വിജയിക്കുന്ന ഗായകനും ഗായികയ്ക്കും 10001 രൂപ വീതവും ഫലകവും പ്രശസ്തി പത്രവും ആണ് സമ്മാനം. കൂടാതെ ഫേസ്ബുക്ക് ഗ്രൂപ്പിൽ ഗായകരുടെ പാട്ടിനു ലഭിയ്ക്കുന്ന റിയാക്ഷന്സ്, കമന്റ്സ് എന്നിവ പരിഗണിച്ചു ഒരു ജനപ്രിയ ഗായകൻ/ഗായിക പുരസ്ക്കാരം കൂടി ഉണ്ട്. 5001 രൂപയും ഫലകവും പ്രശസ്തി പത്രവും ആണ് ഈ വിഭാഗത്തിന് ഉള്ള സമ്മാനം.

നന്നായി പാടിയിരുന്നവരും എന്നാൽ അതൊരു പ്രൊഫഷൻ ആക്കാതെ മനസ്സിൽ മാത്രം കൊണ്ടുനടക്കുകയും ചെയ്യുന്ന ഒരുപാട് പ്രതിഭകൾക്ക് അവ വീണ്ടും പൊടിതട്ടിയെടുക്കാൻ ഈ കൊറോണക്കാലം അവസരം നൽകി. അത്തരക്കാർക്ക് ഒരുപക്ഷെ അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാവുന്ന ഒരു അവസരം ആയി ഈ മത്സരത്തെ കാണാം. മത്സരം പൂർണ്ണമായും ഓണലൈൻ വഴി ആയതിനാൽ ലോകത്തിന്റെ ഏത് കോണിൽ ഉള്ളവർക്കും പ്രായഭേദമന്യേ ഇതിൽ പങ്കെടുക്കാം.

രാഗനൂപുരം മത്സരത്തിന്റെ നിബന്ധനകൾക്കായി രവീന്ദ്രൻ ഗ്രൂപ്പ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +919400294999, +919496331464.

shortlink

Related Articles

Post Your Comments


Back to top button