സ്വന്തമായി സിനിമ ചെയ്യും മുൻപേ നിരവധി മികച്ച സിനിമകളിൽ സഹ സംവിധായകനായും, അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ച വ്യക്തിയാണ് ലാൽ ജോസ്. ലോഹിതദാസ് ആദ്യമായി സംവിധാനം ചെയ്ത ‘ഭൂതക്കണ്ണാടി’ സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്യാൻ പോയപ്പോഴുണ്ടായ അപൂർവ്വ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ലാൽ ജോസ്.
“ഉദ്യാനപാലകന് ശേഷം ഞാൻ വർക്ക് ചെയ്ത ലോഹിയേട്ടന്റെ സിനിമയായിരുന്നു ‘ഭൂതക്കണ്ണാടി’. ആ സിനിമയുടെ രചനാ വേളയിൽ ഞാനും ചർച്ചയ്ക്കായി ആ സിനിമയുടെ ഒപ്പമുണ്ടായിരുന്നു. അതിലെ പത്തോളം സീനുകൾ എഴുതിയിട്ട് ലോഹിയേട്ടൻ എനിക്ക് വായിക്കാൻ തന്നു. അത് വായിച്ച് കഴിഞ്ഞപ്പോഴാണ് എനിക്കതിലെ അപകടം മനസ്സിലായത്. .അദ്ദേഹം അതിന് മുൻപെഴുതിയ ‘ഉദ്യാനപാലകൻ’ എന്ന സിനിമയിലെ രമേശൻ നായരുടെ കഥാപാത്ര എഴുത്തിന്റെ ഹാങ് ഓവർ ഭൂതക്കണ്ണാടിയിലെ വിദ്യാധരനെയും പിടികൂടിയിരിക്കുന്നു. അത് ഞാൻ അദ്ദേഹത്തോട് തുറന്നു പറഞ്ഞു. അത് കേട്ട ശേഷം അദ്ദേഹം എന്നോട് പറഞ്ഞു. ഒക്കെ ശരി ഇനി നാളെ വൈകുന്നേരം നമുക്ക് കാണാമെന്ന്. അങ്ങനെ അടുത്ത ദിവസം വൈകുന്നേരമായപ്പോൾ എന്നെ ഞെട്ടിച്ചു കൊണ്ട് അതിൽ നിന്നൊക്കെ വിഭിന്നമായ പത്ത് സീനുകൾ എനിക്ക് വായിക്കാൻ തന്നു. ഞാൻ പറഞ്ഞത് അദ്ദേഹം പരിഗണിക്കുകയും അതിൽ നിന്ന് മാറ്റമുള്ള സീനുകൾ എഴുതുകയും ഞാൻ പോരായ്മ പറഞ്ഞ സീനുകൾ അദ്ദേഹം ഉപേക്ഷിക്കുകയും ചെയ്തപ്പോൾ എനിക്ക് എന്തോ വല്ലാത്ത അഭിമാനം തോന്നിയിരുന്നു”. ലോഹിതദാസ് എന്ന മഹാനായ പ്രതിഭയുടെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് ലാൽ ജോസ് പറയുന്നു.
Post Your Comments