Film ArticlesLatest NewsMollywood

മലയാള സിനിമയിലെ അമ്മമാര്‍ക്ക് സംഭവിച്ചതെന്ത്?

എന്തിനാണ് ആ ചെറുപ്രായത്തിൽ വയോധികയുടെ വേഷം തിരഞ്ഞെടുത്തതെന്ന് ഇന്നും പലരും എന്നോടു ചോദിക്കാറുണ്ട്.

‘അമ്മ’ അതൊരു പദം മാത്രമല്ല. വികാരം കൂടിയാണ്. ഈ മാതൃദിനത്തില്‍ മലയാളി മനസ്സുകളില്‍ മായാതെ നില്‍ക്കുന്ന ഒരു പിടി അമ്മ വേഷങ്ങളെക്കുറിച്ചും
ന്യൂജെന്‍ കാലത്ത് അമ്മമാര്‍ക്ക് സംഭവിച്ചത് എന്താണെന്നും ഒരു അന്വേഷണം.

മലയാള സിനിമയിലെ അമ്മമാര്‍ എന്നാല്‍ കവിയൂർ പൊന്നമ്മ, കെപിഎസി ലളിത, സുകുമാരി, ശ്രീവിദ്യ, ശാരദ, ഷീല, കെ.ആർ.വിജയ, ആറൻമുള പൊന്നമ്മ, മീന,
എന്നിവരായിരുന്നു കുറച്ചു കാലങ്ങള്‍ക്ക് മുന്പ് എങ്കില്‍ പിനീട് അത് ഉര്‍വശി, അംബിക, മാലാ പാര്‍വതി, ലാലി തുടങ്ങിവരിലെയ്ക്ക് കൂട് കൂട്ടിക്കഴിഞ്ഞു. ഈ യാത്ര
നല്ലത് തന്നെ പക്ഷേ ന്യൂജെന്‍ ചിത്രങ്ങളിലെ അമ്മയുടെ സ്നേഹത്തിനു പലപ്പോഴും കത്രിക വീഴുന്നുണ്ട്.

എന്നാല്‍ ചില സമയങ്ങളില്‍ പ്രായത്തെ പോലും തോല്‍പ്പിച്ചു കൊണ്ട് അമ്മ വേഷങ്ങളെ ചില നടിമാര്‍ മനോഹരമാക്കാറുണ്ട്. അത്തരത്തില്‍ മലയാളത്തിന്റെ പ്രിയ
നടിമാരാണ് ഊര്‍മ്മിള ഉണ്ണി (സര്‍ഗ്ഗം) ആശാ ശരത്( പാവാട), ലെന (വിക്രമാദിത്യന്‍, എന്നും നിന്റെ മൊയ്തീന്‍).

മുപ്പതു വയസ് ആയപ്പോള്‍ തന്നെ അമ്മ വേഷങ്ങള്‍ ചെയ്തത് കൊണ്ട് മികച്ച കഥാപാത്രങ്ങളെ ലഭിച്ചില്ല എന്നും കിട്ടിയതില്‍ പലതും അമ്മ വേഷങ്ങള്‍ ആയിരുന്നുവെന്നും പലപ്പോഴും ഊര്മ്മിള ഉണ്ണി പറഞ്ഞിട്ടുണ്ട്. എന്നാല്‍ തന്റെ അമ്മ വേഷത്തെ വിദേശത്ത് ഏറ്റെടുത്തതില്‍ സന്തോഷം താരം പങ്കുവയ്ക്കാറുണ്ട്.

”നൂറു ദിവസം തിയറ്ററിൽ ഓടിയ സിനിമയാണു ‘സർഗം’. ഞാനതിലെ അമ്മത്തമ്പുരാട്ടിയുടെ വേഷം ചെയ്തു മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച സമയം.
എനിക്കന്നൊരു മുപ്പതു വയസ്സു കാണും. എന്തിനാണ് ആ ചെറുപ്രായത്തിൽ വയോധികയുടെ വേഷം തിരഞ്ഞെടുത്തതെന്ന് ഇന്നും പലരും എന്നോടു ചോദിക്കാറുണ്ട്.
പക്ഷേ, ജപ്പാനിലെ ഫുക്കുവോക്ക ഫിലിം ഫെസ്റ്റിവലിൽ ‘സർഗം’ തിരഞ്ഞെടുത്തപ്പോൾ നായിക എന്നാണവർ എന്നെ അഭിസംബോധന ചെയ്തത്. സ്ത്രീയുടെ മഹത്വം
അമ്മയിലാണെന്ന് അവർ പറഞ്ഞു. നിറഞ്ഞുനിൽക്കുന്ന ആ കഥാപാത്രമാണ് അതിലെ നായിക എന്നുംകൂടി കേട്ടപ്പോൾ അഭിമാനംകൊണ്ട് ഉള്ളുനിറഞ്ഞു. ഗീതയും
ശാന്തികൃഷ്ണയുമൊക്കെ നായികമാരായി നിറഞ്ഞുനിൽക്കെ ഞാൻ മുടിനിറയെ നര കോരിയിട്ടു സിനിമയിലും സീരിയലിലും അഭിനയിച്ചു. ആരോടും പരാതിയില്ല.
കിട്ടുന്ന വേഷങ്ങളിൽ തൃപ്ത.” ഊര്‍മ്മിള ഉണ്ണി ഒരു അഭിമുഖത്തില്‍ പങ്കുവച്ചു. ഇതില്‍ മറ്റൊരു സന്തോഷം മോഹൻലാലിന്റെ അമ്മയായി ‘ഉത്സവപ്പിറ്റേന്ന്’ എന്ന ചിത്രത്തിലും മകൻ പ്രണവിന്റെ അമ്മയായി ‘പുനർജനി’ എന്ന സിനിമയിലും ഊര്‍മ്മിള ഉണ്ണി അഭിനയിച്ചിട്ടുണ്ട്.

നടി ശോഭന ഉപേക്ഷിച്ച വേഷം മനോഹരമായി ആവിഷ്കരിച്ച നടിയാണ് ആശാ ശരത്. പാവാട എന്ന ചിത്രത്തില്‍ പൃഥിരാജിന്റെ അമ്മ വേഷത്തില്‍ ആശ ശരത്
എത്തിയതിനെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഒരേ പ്രായത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ പൃഥിരാജിന്റെ അമ്മ ചെയ്യാന്‍ തയ്യാറായ നടിയാണ് ലെന. എന്ന് നിന്റെ മൊയ്തീനില്‍ പൃഥ്വിരാജിന്റെയും വിക്രമാതിദ്യനില്‍ ദുല്‍ഖര്‍ സല്‍മാന്റെയും ആദിയില്‍ പ്രണവ് മോഹന്‍ലാലിന്റെയുമെല്ലാം അമ്മ വേഷം മനോഹരമായി താരം കൈകാര്യം ചെയ്തു.

വേദനിക്കുന്ന അമ്മയുടെ മുഖങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന താരമാണ് സുകുമാരിയമ്മയും കെപിഎസി ലളിതയും. അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞപ്പോള്‍ എന്ന ഗാനത്തിലൂടെ വിഷാദം നിറഞ്ഞ കണ്ണുകളുമായി സ്നേഹനിധിയായ അമ്മയായി കെപിഎസി ലളിത എത്തുമ്പോള്‍ പിടയ്ക്കുന്ന കണ്ണുകളുമായി മനസിനക്കരെ, സ്നേഹവീട് തുടങ്ങിയ ചിത്രങ്ങളിലൂടെ ഷീലയും മലയാളി മനസ്സില്‍ ഇടം നേടി.

എന്നാല്‍ ഇന്നത്തെ സിനിമകള്‍ പരിശോധിക്കൂ. അമ്മമാര്‍ പല ചിത്രങ്ങളിലും ഇല്ലാതായി. അഥവാ എത്തിയാല്‍ തന്നെ ഒന്നോ രണ്ടോ സീനുകളില്‍ മാത്രമായി പലതിലും കുറയുന്നു. അമ്മ അച്ഛന്‍ വേഷങ്ങള്‍ മലയാള സിനിമയില്‍ നിന്നും പടിയിറങ്ങുന്നതായി മുതിര്‍ന്ന നടന്‍ മധു മുന്‍പേ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആ വാദത്തെ പല താരങ്ങളും അംഗീകരിക്കുകയാണ്. പല വേഷങ്ങളും അതിഥി വേഷങ്ങള്‍ പോലെ ചുരുങ്ങിക്കഴിഞ്ഞു…

മാതൃത്വത്തിന്റെ പാലമൃതൂട്ടിയ അമ്മ കൈകള്‍ വെള്ളിത്തിരയില്‍ നിന്നും മാത്രമല്ല അപ്രത്യക്ഷമാകുന്നത്. ജോലിത്തിരക്കുകളില്‍ അമ്മമാരെ ഉപേക്ഷിക്കുന്ന ഒരു കാലം വൃദ്ധസദനങ്ങളുടെ വളര്‍ച്ചാ നിരക്കുകളെ കാട്ടുന്നുണ്ട്. അതില്‍ നിന്നെല്ലാം മാറി സ്നേഹവാത്സല്യങ്ങളുടെ പൊന്‍തിരിവെട്ടങ്ങള്‍ കണ്ണുകളില്‍ നിറയ്ക്കുന്ന അമ്മ മനസ്സുകളെ മറക്കാതിരിക്കട്ടെ… ഏവര്‍ക്കും മാതൃദിനാശംസകള്‍…

shortlink

Related Articles

Post Your Comments


Back to top button