ഈ ലോക്ഡൌണില് കലാകാരന്മാര് തങ്ങളുടെ കഴിവുകള്‍ പല രീതിയില്ഉപയോഗപ്പെടുത്തുകയാണ്. അതിനു തെളിവാണ് കൊറോണ വൈറസ് അതിജീവിക്കുന്ന കഥ പറഞ്ഞുകൊണ്ട് എത്തുന്ന ഹ്രസ്വചിത്രം. ഇന്ത്യയിലെ ആദ്യത്തെ വീൽചെയർ നാടകമായ ‘ഛായ’യിലെ കലാകാരന്മാർ പാങ്ങോടൻസ് ഫാമിലി ഇൻ ലോക്ക്ഡൗൺ’ എന്ന ഹ്രസ്വചിത്രവുമായി എത്തുന്നു.
സംവിധായകൻ വിനയനാണ് ഷോർട്ട് ഫിലിം റീലീസ് ചെയ്തത്. അമിതാഭ് ബച്ചനും ലാലേട്ടനും മമ്മുക്കയും ഒക്കെ ഉള്ള ആ ഷോർട് ഫിലിം കണ്ടപ്പോ തോന്നിയ ഐഡിയ ആണ് ഈ ചിത്രമെന്ന് സംവിധായകന് ഉണ്ണി മാക്സ് പറയുന്നു.
”ഒരു ശ്രമമായിരുന്നു… അമിതാഭ് ബച്ചനും ലാലേട്ടനും മമ്മുക്കയും ഒക്കെ ഉള്ള ആ ഷോർട് ഫിലിം കണ്ടപ്പോ ലോക്ക് ഡൌൺ കാലത്തു നമ്മുടെ ടീമിലെ ആൾക്കാരെ കൂട്ടി ഇങ്ങനെ ഒന്ന് ചെയ്താലോ എന്ന മോഹത്തിൽ .. ചങ്ങായിമാരോട് പറഞ്ഞപ്പോ അവരും ഉഷാർ.. അല്ലെങ്കിലും നോ എന്ന് പറയാൻ അറിയുന്നവരല്ലല്ലോ ഈ ടീംസ്? കഥ കിട്ടിയപ്പോ പിന്നെ ഒന്നും നോക്കീല്ല.. ഓരോരുത്തർക്കും വേണ്ട പാർട്സ് അയച്ചു ഇതങ്ങു സെറ്റ് ആക്കി. ” ഉണ്ണി സമൂഹമാധ്യമത്തില്‍ കുറിച്ചു. കൂടാതെ സംവിധായകൻ വിനയൻ അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജിൽ ഈ ഷോർട്ട് ഫിലിം റിലീസ് ചെയ്തതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു.
പാങ്ങോടൻസ് ഫാമിലി ഇൻ ലോക്ക്ഡൗൺ എന്ന ഷോർട്ട് ഫിലിം നിർമിച്ചിരിക്കുന്നത് തണൽ ഫ്രീഡം ഓൺ വീൽസാണ്. ശരത് പടിപ്പുരയുടേതാണ് ആശയം. ധന്യ, അഞ്ജുറാണി, മാർട്ടിൻ, ഉണ്ണി, ശരത്, ബിജു, സുനിൽ, സജി, ജോമിറ്റ്, ഷഹൽ എന്നിവര്‍ വേഷമിടുന്ന ഈ ചിത്രം ലോക്ക്ഡൗൺകാലത്തെ ജീവിതത്തെ കുറിച്ച് മനോഹരമായി പങ്കുവയ്ക്കുന്നു.
ഷോർട്ട് ഫിലിം കണ്ടപ്പോൾ വർഷങ്ങൾക്ക് മുൻപ് താൻ സംവിധാനം ചെയ്ത മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയെ കുറിച്ച് ഓർത്തുപോയെന്നു സംവിധായകൻ വിനയൻ പങ്കുവച്ചു.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഭിന്നശേഷിയുടെ അണയാത്ത ഉണർവ്വും, കരുത്തും പേറി “ഛായ” എന്ന നാടകം അവതരിപ്പിച്ച് ചരിത്രം സൃഷ്ടിച്ച “തണൽ ഫ്രീഡം ഓൺ വീൽസ്” കലാകാരൻമാരുടെ ലോക്ഡൗൺ കാലത്തെ കുറിച്ചുള്ള ഷോർട്ട് ഫിലിം ഇവിടെ റിലീസ് ചെയ്യുകയാണ്… ഈ ഷോർട്ട് ഫിലിം കണ്ടപ്പോൾ ഞാൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത “മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും” എന്ന സിനിമയേ കുറിച്ച് ഓർത്തുപോയി..അരക്കു താഴോട്ടു തളർന്നു പോയെൻകിലും നൻമയുടെയും സ്നേഹത്തിന്റെയും പ്രതിരുപമായി ജീവിച്ച മീര എന്ന കഥാപാത്രത്തെ പ്രിയങ്കരി ആയ അമ്പിളി ദേവിയും മുത്തുവിനെ ഇന്നത്തെ യുവ നടൻമാരിൽ ഏറ്റവും ശ്രദ്ധേയനായ പൃഥ്വിരാജും ആ ചിത്രത്തിൽ അനശ്വരമാക്കിയിരുന്നു… ഇന്ന് ഈ ഷോർട്ട് ഫിലിമിൽ തങ്ങളുടെ ശാരീരികമായ വെല്ലുവിളികൾ ഒന്നും പ്രകടമാക്കാതെ അഭിനയിച്ചു തകർത്ത മിടുക്കൻമാർക്കും മിടുക്കികൾക്കും.. എൻെറ സ്നേഹം നിറഞ്ഞ അഭിവാദ്യങ്ങൾ…
കുറവുകളേ കരുത്താക്കി മാറ്റുന്ന… അസാമാന്യ മനശക്തിയും…വിധിയെ പഴിക്കാതെ… വിജയം നേടും ഞാൻ എന്ന അടങ്ങാത്ത ഇച്ഛാശക്തിയും നിങ്ങളെ ഈ ജീവിതയാത്രയിൽ നയിക്കട്ടെ എന്നാശംസിക്കുന്നു..”
Post Your Comments