മോഹന്‍ലാല്‍ എന്ന നടന് തന്റെ സിനിമ കരിയറില്‍ ചില പരാജയങ്ങള്‍ സംഭവിച്ചപ്പോള്‍ അതില്‍ നിന്ന് ശക്തമായ തിരിച്ചു വരവ് നടത്താന്‍ സഹായിച്ച സിനിമയാണ് ബാലേട്ടന്. 2003-ല്‍ പുറത്തിറങ്ങിയ ബാലേട്ടന് വമ്പന്‍ ഫാമിലി ഹിറ്റായി മാറുകയും മോഹന്‍ലാല്‍ വീണ്ടും തന്റെ താരസിംഹാസനം ഭദ്രമാക്കുകയും ചെയ്തു. ടിഎ ഷാഹിദ് രചന നിര്‍വഹിച്ച ബാലേട്ടന് വിഎം വിനുവാണ് സംവിധാനം ചെയ്തത്. എല്ലാ സംവിധായകരും എഴുതി തള്ളിയ കഥയായിരുന്നു ബാലേട്ടന്റെത്. ഒടുവില്‍ ടിഎ ഷാഹിദ് ബാലേട്ടന്റെ കഥ വിഎം വിനുവിനോട് പറയുകയും വിഎം വിനു തന്റെ മനസ്സില്‍ ഈ കഥാപത്രം ചെയ്യാന്‍ മോഹന്‍ലാല്‍ ആണ് ഏറ്റവും അഭികാമ്യം എന്ന് ടിഎ ഷാഹിദിനോട് തുറന്നു പറയുകയും ചെയ്തു.
മോഹന്‍ലാലിന്റെ നായികയായി ദേവയാനി അഭിനയിച്ച ചിത്രത്തില്‍ നെടുമുടി വേണു, സുധീഷ്, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന് തുടങ്ങിയ വലിയ ഒരു താരനിര തന്നെയുണ്ടായിരുന്നു. ‘ബാലേട്ടനായി ലാലേട്ടന്’ എന്ന പരസ്യവാചകത്തോടെ പുറത്തിറങ്ങിയ ചിത്രം ഫാമിലി ഓഡിയന്‍സ് ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന് ഒരു മെഗാ ഹിറ്റ് ലഭിച്ചത്.റിയാസ് ഖാന്റെ വ്യത്യസ്തമായ വില്ലന്‍ വേഷമായിരുന്നു ബാലേട്ടനിലെ മറ്റൊരു ഹൈലൈറ്റ്.
Post Your Comments