മലയാളത്തിൽ മമ്മൂട്ടിയും രജനീകാന്തും ആദ്യമായി ഒന്നിക്കാനിരുന്ന സിനിമയായിരുന്നു ഡെന്നിസ് ജോസഫ് സംവിധാനം ചെയ്യാനിരുന്ന ‘വെൺമേഘ ഹംസങ്ങൾ’. പക്ഷേ ചില പ്രതിസന്ധികൾ മൂലം ചിത്രം ചെയ്യാൻ ഡെന്നിസ് ജോസഫിനായില്ല.ന്യൂഡഹി എന്ന സിനിമയ്ക്ക് ശേഷം ജൂബിലി പ്രോഡക്ഷന്‍സിന് വേണ്ടി തന്നെയായിരുന്നു ‘വെൺമേഘ ഹംസങ്ങൾ’ എന്ന ചിത്രം ചെയ്യാൻ ഡെന്നിസ് ജോസഫ് തീരുമാനിച്ചത്. മമ്മൂട്ടിക്കും, രജനീകാന്തിനും പുറമേ സുരേഷ് ഗോപി, സുഹാസിനി, സുമലത എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. പക്ഷേ സിനിമ നിന്ന് പോയതോടെ ഡെന്നിസ് ജോസഫിന് ആ ചിത്രത്തിന് പകരമായി മറ്റൊരു സിനിമ ആലോചിക്കേണ്ടി വന്നു .
ഡെന്നിസ് ജോസഫ് അങ്ങനെ ചെയ്ത ചിത്രമാണ് 1988-ൽ പുറത്തിറങ്ങിയ ‘മനു അങ്കിൾ’. മമ്മുട്ടിക്ക് വീണ്ടും വിജയതുടർച്ച നൽകിയ ചിത്രം തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. ‘മനു അങ്കിൾ’ ആദ്യം ചെയ്യാനിരുന്നത് കെ.ജി ജോർജ്ജ് ആയിരുന്നു. എന്നാൽ ഡെന്നിസ് ജോസഫിന്റെ ‘വെൺമേഘ ഹംസങ്ങൾ’ എന്ന ഡ്രീം പ്രോജക്റ്റ് നിന്ന് പോയതോടെ മനു അങ്കിളിന്റെ സ്ക്രിപ്റ്റ് തനിക്ക് ചെയ്യുന്നതിന് വേണ്ടി കെ ജി ജോർജ്ജിൽ നിന്ന് തിരികെ വാങ്ങേണ്ടി വന്നു. മലയാളത്തിലെ മൂന്ന് സൂപ്പർ താരങ്ങൾ ഒന്നിച്ച ‘മനു അങ്കിൾ’ മഹാവിജയമായി മാറുകയും ചെയ്തു.
Post Your Comments