സുരേഷ് ഗോപിയുടെ കരിയറിലെ ശക്തമായ കഥാപാത്രമാണ് അലി അക്ബർ സംവിധാനം ചെയ്ത പൊന്നുച്ചാമി എന്ന ചിത്രം. ഒരു ലാടമാടിക്കാരന്റ കഥ പറഞ്ഞ ചിത്രം താരത്തിന് ഏറെ പ്രേക്ഷക നിരൂപക ശ്രദ്ധ നേടി കൊടുത്തിരുന്നു. ഇപ്പോഴിത ചിത്രത്തിലെ ഒരു അറിയാക്കഥ വെളിപ്പെടുത്തുകയാണ് സംവിധായകൻ അലി അക്ബർ. ചിത്രത്തിൽ സുരേഷ് ഗോപിയുടെ വേഷം ചെയ്യാൻ ആദ്യം തീരുമാനിച്ചത് മുരളിയെ ആയിരുന്നു. അശോകന്റെ കഥാപാത്രത്തിന് മനോജ് കെ ജയനേയും. എന്നാൽ അവസാന നിമിഷം ഇരിവരും ചിത്രത്തിൽ നിന്ന് ഒഴിവായി പോകുകയായിരുന്നെന്ന് സംവിധായകൻ അലി അക്ബർ. ഫേസ് ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം…………………………………..
സീൻ 6
വയനാട് കൽപ്പറ്റയിൽ നിന്നുമാണ് പൊന്നുച്ചാമി ആശയവുമായി നിർമ്മാതാവ് ആനന്ദും, AR മുകേഷ് ടീമും എത്തുന്നത്. കഥ കേട്ടപ്പോൾ കുഴപ്പം ഇല്ല എന്ന് തോന്നി…
ഒരു ലാടമാടിക്കാരന്റ കഥ..
ആദ്യം ഓർമ്മ വന്നത് മുരളി എന്ന നടനെ കുറിച്ചാണ്, ഒപ്പം സഹ കഥാപാത്രമായി മനോജ് K ജയനും… മനോജ് എന്റെ ആദ്യസിനിമയായ മാമലകൾക്കപ്പുറത്തിലൂടെ സിനിമയിൽ എത്തിയ വ്യക്തിയാണ്… അതു തന്നെയാണ് കഴിഞ്ഞ അദ്ധ്യായത്തിൽ സൂചിപ്പിച്ചതും.. സതേൺ ഫിലിം ഇന്സ്ടിട്യൂട്ടിലെ സഹപാഠിയും സഹ മുറിയനുമായിരുന്നു മനോജ്.
മുരളിചേട്ടനെ കണ്ട് കഥ പറഞ്ഞു, അദ്ദേഹത്തിന് കഥ ഇഷ്ടമായി ഡേറ്റ് ഫിക്സ് ചെയ്തു 25000 രൂപ അഡ്വാൻസ് കൊടുത്തു, മനോജിന്റെ ഡേറ്റും ഉറപ്പിച്ചു, മദ്രാസ്സിൽ പോയി ചിത്രയുടെയും, മൻസൂർ അലിഖാൻ, കൂടാതെ മറ്റു ചെറിയ ആർട്ടിസ്റ്റുകളുടെയും ഡേറ്റ് വാങ്ങി അഡ്വാൻസ് കൊടുത്തു… ഛായാഗ്രാഹകനായി രാമചന്ദ്രബാബു..
ശേഷം പാട്ട് റെക്കോർഡിങ്ങിലേക്ക് കടന്നു സിതാര മനോഹരമായ നാല് പാട്ട് കമ്പോസ് ചെയ്തു. ONV നല്ല വരികൾ എഴുതുകയും ചെയ്തു.
ഓരോ ആഴ്ചയിലും മുരളിയേയും മനോജ് K.ജയനെയും വിളിച്ചു ഡേറ്റിന്റെ കാര്യം ഓർമ്മിപ്പിക്കും… എല്ലാം സ്മൂത്ത് ആയി പോകുന്നു… ഇനി ഷൂട്ടിങ് തുടങ്ങാൻ ഏതാനും ദിവസങ്ങൾ…. അപ്പോഴാണ് രാമചന്ദ്ര ബാബു സാർ എന്നേ അറിയിക്കുന്നത് അലിയുടെ പടം നടക്കില്ല.. ഞാൻ വേറെ പടം കമ്മിറ്റ് ചെയ്യാൻ പോവുകയാ?
എന്താ സാറെ ഈ പറയുന്നത് എല്ലാം കറക്റ്റായി നീങ്ങുന്നുണ്ടല്ലോ?
അലിക്ക് പറഞ്ഞ അതേ ഡേറ്റ് തന്നെ മുരളിയും മനോജും സിബി മലയിലിനു കൊടുത്തിട്ടുണ്ട്.. വളയം എന്നാണ് ആ സിനിമയുടെ പേര്…
ബാബു സാറെ ഞാൻ ഇന്നലെയും മുരളിച്ചേട്ടനെയും മനോജിനെയും വിളിച്ചതാണല്ലോ.. ഒന്നും പറഞ്ഞില്ലല്ലോ എന്ന് ഞാൻ പറഞ്ഞു.
ബാബുസാർ ഉറപ്പിച്ചു പറഞ്ഞു അതു ചതിയാണ് അലിയുടെ പടം നടക്കില്ല… സിബിയുടെ പടം നടക്കും…
എന്റെ കണ്ണിൽ ഇരുട്ട് കയറി… എന്ത് ചെയ്യും…
മുരളിയെ വിളിച്ചു ബാബുസാർ പറഞ്ഞ കാര്യം പറഞ്ഞപ്പോ മറുവശത്തു നിന്നും “അതേ അതു സത്യമാണ് മുരളി അഭിനയിക്കണമെങ്കിൽ മുരളിയുടെ സൗകര്യത്തിനു വേണ്ടി കാത്തിരിക്കേണ്ടി വരും”….
ക്ഷോഭത്തോടെ ഞാൻ പറഞ്ഞു അത് മുരളി മാത്രം ബാക്കിയാവുന്ന കാലത്ത് പോരെ?
മറുവശത്തു ഫോൺ കട്ടായി…
മനോജിനെയും വിളിച്ചു പറഞ്ഞു എന്നേ ഇങ്ങിനെ ചതിക്കരുതായിരുന്നുവെന്ന്. കൂടെപ്പിറപ്പുപോലെ കരുതിയ ഒരാൾ അറിഞ്ഞു കൊണ്ട് ചതിക്കുക എന്ന് പറയുമ്പോൾ..ക്ഷോഭം വരാതിരിക്കുമോ. അവൻ മൗനമായിരുന്നു…
അതങ്ങിനെയാണ് മണ്ണിൽ നിന്നവർ നക്ഷത്രമായിക്കഴിഞ്ഞാൽ പിന്നെ മണ്ണിൽ തൊട്ടു നിൽക്കുന്ന കൂടെപ്പിറപ്പിനെ പോലും അറിയില്ല… തിരുവല്ലം ചിത്രാഞ്ജലി ജംഗ്ഷനിലെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിന്റെ മട്ടുപ്പാവിൽ നിന്ന് പണ്ടു പറഞ്ഞ കാര്യം ഓർത്തു .. മനോജേ നാളെ സൂപ്പർ സ്റ്റാറായി ഇത് വഴി പോകുമ്പോൾ ഒന്ന് കൈവീശിയെങ്കിലും കാട്ടണേ…
പിന്നീട് മനോജ് അതുവഴി കടന്നുപോയപ്പോൾ ചെറിയ സീരിയലിന്റെ പണിയുമൊക്കെയായി ഞങ്ങളവിടെ ഉണ്ടായിരുന്നു… പക്ഷെ കാറിന്റെ ഗ്ലാസ് താഴ്ന്നിട്ടില്ല…
പൊന്നുച്ചാമിയുടെ കാര്യത്തിലേക്ക് കടക്കാം.. ഞങ്ങൾ എറണാകുളത്ത് ഒത്തുകൂടി.. എന്ത് ചെയ്യണമെന്നറിയാതെ കുത്തിയിരുന്നു. അപ്പോഴാണ് പട്ടണം റഷീദ് പറഞ്ഞത് സുരേഷ് ഗോപിയും, അശോകനും ആയാൽ പോരെ… സുരേഷ് ഗോപിയുടെ ഫിസിക്കും ലൂക്കും ഈ കഥാപാത്രത്തിന് പറ്റില്ലല്ലോ റഷീദ്ക്ക…. ഞാൻ പറഞ്ഞു
അതു ഞാൻ ശരിയാക്കി തരാം…
ഉടൻ തന്നെ റഷീദ് ഒരാളെ വിളിച്ചുവരുത്തി സുരേഷ് ഗോപിയെ പൊന്നുച്ചാമിയാക്കി ഒരു സ്കെച്ച് വരച്ചു… സ്കെച്ച് കണ്ടപ്പോൾ എനിക്ക് ആത്മവിശ്വാസമായി, സുരേഷ് ഗോപി അന്ന് ക്യാരക്ടർ റോൾ ചെയ്തിട്ടുണ്ടായിരുന്നില്ല, ആക്ഷൻ പടങ്ങളിലെ sub കളിച്ചുകൊണ്ടിരുന്ന കാലമായിരുന്നു.
ഏതായാലും സിറ്റുവേഷൻ വിതരണക്കാരായ ബാപ്പുക്കയെ അറിയിച്ചു സുരേഷ് ഗോപിയുടെ വീട്ടിലേക്ക് പറന്നു…
കഥ കേട്ടപ്പോൾ സുരേഷ് ഗോപി പറഞ്ഞതാണ് അത്ഭുതം “അലി ഈ സബ്ജക്ട് ചെയ്യാൻ മുരളിയേട്ടൻ തന്നെയാണ് ബെസ്റ്റ്.. എങ്ങിനെയെങ്കിലും അങ്ങേരെ പറഞ്ഞു സമ്മതിപ്പിക്ക്… അതാണ് സുരേഷ് ഗോപി… തനിക്ക് കിട്ടാവുന്ന ഒരു നല്ല അവസരത്തേക്കാളും, സത്യം ഏതോ അതു തുറന്നു പറയും.. വളരെയധികം ആത്മവിശ്വാസം നൽകിയിട്ടാണ് സുരേഷ് ഗോപി വേഷം ഏറ്റെടുത്തത്… അശോകനും സമ്മതിച്ചു… കാര്യങ്ങൾ വീണ്ടും ട്രാക്കിൽ.. അടുത്തത് സ്ക്രിപ്റ്റ് ഫൈനലൈസ് ചെയ്യുക കുറച്ചു ദിവസമേയുള്ളു… അതുവരെയും സ്ക്രിപ്റ്റ് കിട്ടിയിട്ടുണ്ടായിരുന്നില്ല കഥയുമായിട്ടാണ് ഓട്ടം.. ലൊക്കേഷനിൽ എത്തി സ്ക്രിപ്റ്റ് ചെക്ക് ചെയ്തപ്പോൾ ഒരുപാട് തിരുത്തൽ വേണം, AR മുകേഷ് ആണെങ്കിൽ അമ്പിനും വില്ലിനും അടുക്കില്ല.. അന്ന് AR മുകേഷിന്റെ സഹായി ആയിരുന്നു ഉദയൻ
ഇപ്പോൾ സിബി ഉദയന്മാരിലെ ഉദയൻ.വിതരണക്കാരനായ ബാപ്പുക്കയോട് ഞാൻ പറഞ്ഞു സ്ക്രിപ്റ്റ് ഞാൻ കറക്റ്റ് ചെയ്തോളാം പക്ഷെ ലൊക്കേഷനിൽ തിരക്കഥാകൃത്ത് എത്തരുത് എത്തിയാൽ തിരുത്ത് പൊളിയും… അതു ഞാനേറ്റു പുള്ളി അങ്ങോട്ട് വരില്ല… ബാപ്പുക്ക ഗ്യാരന്റി തന്നു.
രാത്രിയിൽ ഞാൻ തിരുത്തും ഉദയൻ കറക്റ്റ് ചെയ്ത് എഴുതും… പിറ്റേ ദിവസം ഷൂട്ട് അങ്ങിനെ പ്ലാൻ ചെയ്തു.. ഉദയൻ മിടുക്കനായിരുന്നു ആ ഒരനുഭവം സിനിമാ സ്ക്രിപ്റ്റിംഗിന്റെ സൂത്രപ്പണി പഠിപ്പിച്ചിട്ടുണ്ടാവണം…
ഷൂട്ടിംഗ് തുടങ്ങി നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ പ്രൊഡ്യൂസറെ കാണാനില്ല… സത്യമാണ് പറയുന്നത് പ്രൊഡ്യൂസർ അപ്രത്യക്ഷനായി… മൂന്നാലുദിവസം കഴിഞ്ഞപ്പോൾ മെസ്സിലെ പറ്റ് കടയിൽ നിന്നും..ആളുകൾ അന്വേഷിച്ചു വന്നു തുടങ്ങി… കാളവണ്ടിയിലെ കാളകൾക്ക് പിണ്ണാക്ക് പോലുമില്ലാതെയായി..ഒരു രസകരമായ സംഭവം ഇപ്പോഴും ഓർക്കുന്നു കോഴിക്കടക്കാരൻ കാശിനായി ലോഡ്ജിലെത്തി… ഞാനും ചിത്രയും സംസാരിച്ചിരിക്കുമ്പോൾ മെസ്സിലെ പയ്യൻ വന്നു കോഴിക്കടക്കാരന്റ വിഷയം പറയുന്നത് . ഞാൻ ചിത്രയോട് ഒരു നമ്പർ ഇടുമെന്നും സഹകരിക്കണം എന്നും സൂചിപ്പിച്ചു, കോഴിക്കടക്കാരൻ മുന്നിലെത്തി… ചിത്രയെ കണ്ടപ്പോൾ അയാൾ ഒരാരാധനയോടെ നോക്കിയതും ഞാൻ പറഞ്ഞു.. ചിത്രാ നമ്മുടെ മെസ്സിലേക്ക് ചിക്കൻ സപ്ലൈ ചെയ്യുന്ന ചേട്ടനാ..ഇതു പറഞ്ഞതും ചിത്ര ഒരു ഷേക്ക് ഹാൻഡ് കൊടുത്തു പറഞ്ഞു ” ഉഗ്രൻ ചിക്കനാട്ടോ.. ബെസ്റ്റ്…” അന്ന് ചിത്രയുടെ അമരമെല്ലാം തകർത്തോടിക്കഴിഞ്ഞ സമയമായിരുന്നു . ചിത്രയുടെ കരസ്പർശം കൊണ്ട് പുളകിതനായ കോഴിക്കടക്കാരൻ ഇനി കാശ് കിട്ടിയില്ലെങ്കിലും സാരമില്ല എന്ന അർത്ഥത്തിൽ “ന്നാ ഞാൻ പിന്നെ വരാട്ടോ സാറെ എന്നും പറഞ്ഞു മടങ്ങി “ഞാൻ ചിരി പിടിച്ചു വച്ചിരിക്കുകയായിരുന്നു.. കടക്കാരൻ പോയതും വലിയൊരു പൊട്ടിച്ചിരിയായത് മാറി.. അടുത്ത ദിവസം പ്രൊഡ്യൂസർ വന്നു അയാളിൽ നിന്നും നിർമാണച്ചുമതല വിതരണക്കാരൻ ബാപ്പു ഏറ്റെടുത്തു…
സുരേഷ് ഗോപി പൊന്നുച്ചാമിയാവാൻ നന്നേ കഷ്ടപ്പെട്ടു… അശോകൻ, ചിത്ര മൻസൂർ അലിഖാൻ ഇന്ദ്രൻസ് എന്ന് വേണ്ട സകല ആർട്ടിസ്റ്റുകളും നന്നായി സഹകരിച്ചു. 13 ദിവസം കൊണ്ട് ഷൂട്ടിംഗ് തീർത്തു ഒരു പാട്ട് ബാക്കി വച്ചു.. പൊന്നുച്ചാമിയിൽ fight master വലിപ്പിച്ചത് കാരണം ഒരു fight ഡയറക്റ്റ് ചെയ്തത് സ്വന്തമായിട്ടായിരുന്നു, അതേപോലെ art ഡിറക്ടറും പണി തന്നു
set worke സ്വയം ചെയ്തു….
പാക്കപ്പ് പറഞ്ഞു പിരിയാൻ നേരം ചിത്ര കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു… ഒരു രീതിയിലും മോശമായ ഒരനുഭവമില്ലാത്ത സെറ്റായിരുന്നു പൊന്നുച്ചാമി…
മൻസൂർ അലിഖാനെ എല്ലാർക്കും പേടിയായിരുന്നു തനി വട്ടു കേസ്… പക്ഷെ കുഴപ്പം ഒന്നും ഉണ്ടാക്കിയില്ല… ചിരിയില്ലാത്ത സിനിമയിൽ ചിരിക്കാൻ ഒരുപാട് അവസരം ഉണ്ടാക്കിയത് ലളിതശ്രീയും കൽപ്പനയും മാളച്ചേട്ടനും സൈനുദീനുമെല്ലാം കൂടിച്ചേർന്ന ഇടവേളകളായിരുന്നു …. അലി ജി എന്ന് എപ്പോഴും എന്നേ വിളിച്ചിരുന്ന കല്പ്പനയുടെ വേർപാട് ഒരു സഹോദരിയുടെ വേർപാട് പോലെ ഇന്നും നൊമ്പരപ്പെടുത്തുന്നു.
കല്പ്ന ഒരു കുട്ടിയായിരുന്നു സെറ്റിൽ… ഗ്രാമപഞ്ചായത്തിലെ വനിതാബാർബർ,ജൂനിയർ മാന്ഡറാക്കിലെ തിരുവനന്തപുരത്തുകാരി, പൈ ബ്രോതേർസിലെ അല്ലു ഇതൊക്ക എനിക്ക് വേണ്ടി കല്പ്പന ആടി ചിരിപ്പിച്ച വേഷങ്ങളായിരുന്നു. പൊന്നുച്ചാമിയും എനിക്ക് സാമ്പത്തികമായി ഒന്നും നേടിത്തന്നില്ല പക്ഷെ സുരേഷ് ഗോപിയെ ഒരു നല്ല അഭിനേതാവായി ജനം അംഗീകരിക്കുന്ന ആദ്യസിനിമയായിരുന്നു അത്.. മലയാളിക്ക് ഒരു ഭാവനടനെക്കൂടി സംഭാവന നൽകിയ സിനിമ..
ഇനി ഒരു അനുഭവം കൂടി ഇതോടനുബന്ധിച്ചു പറയാതെ വയ്യ മുരളി അഭിനയിക്കണമെങ്കിൽ മുരളിക്ക് വേണ്ടി കാത്തിരിക്കണം എന്ന് പറഞ്ഞ മുരളി, സിനിമയിൽ മങ്ങിയ താരമായി സുരേഷ് ഗോപി വലിയ താരവുമായി ഒരിക്കൽ ഒരു പൈ ബ്രോതേഴ്സിന് ഡേറ്റ് ചോദിക്കാൻ വേണ്ടി അമ്പിളി ചേട്ടനെ വിളിച്ചപ്പോൾ കോവളത്ത് ഷാജി കൈലാസിന്റെ സെറ്റിലാണെന്ന് പറഞ്ഞു.. നേരെ അവിടെപ്പോയി സെറ്റിൽ മുരളി ഉണ്ട് ഒരു പോലീസ് ഓഫീസറായി വേഷമിട്ട് നിൽക്കുന്നു, എന്നേ കണ്ടപ്പോൾ ഒരു വല്ലാത്ത ചിരി ചിരിച്ചു.. ഞാനും അതുപോലെ തിരിച്ചു ചിരിച്ചു..
അല്പം മാറിയിരുന്നു അമ്പിളി ചേട്ടനോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ ദാ വരുന്നു സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ക്ഷുഭിതനായിക്കൊണ്ട്, എന്തോ മുടിവെട്ട് കേസാണ്… ഇന്ന് തന്നെക്കൊണ്ട് പറ്റില്ലെന്നും പറഞ്ഞു പുള്ളിക്കാരൻ ചൂടായി പോകുന്നത് കണ്ടു…
ഷൂട്ട് തുടങ്ങാതെ പാക്ക് അപ്…
അപ്പോഴാണ് ഞാൻ മുരളിച്ചേട്ടനെ ഒന്ന് കൂടി നോക്കിയത് പുള്ളിക്കാരൻ എന്നേ തന്നെ നോക്കിയിരിക്കയായിരുന്നു, ഞാൻ നോക്കിയതും അദ്ദേഹം തലകുനിച്ചു… കോസ്റ്റുമെർ വന്നു അദ്ദേഹത്തിന്റെ വേഷം അഴിച്ചെടുക്കുന്നത് കണ്ടു… അതാണ് സിനിമ ആരുടേയും ഡേറ്റിന് വേണ്ടി ആരും കാത്തിരിക്കില്ല പുതിയ ആളുകൾ വരും അവർ നക്ഷത്രങ്ങളാവും പതിയെ അവരുടെ വെളിച്ചം മങ്ങും.. ആദ്യം അഹങ്കരിക്കും പിന്നീട് തലകുനിക്കും….
കാലത്തിനു അങ്ങിനെ ഒരു പ്രത്യേകതയുണ്ട്..
തട്ടുകടയിൽ നിന്നും ഇടയ്ക്കിടെ ഒരു ചായ കുടിക്കണം സ്റ്റാർ ഹോട്ടലിൽ എന്നും കിടക്കാമെന്നു കരുതരുത്..
മരിക്കും മുൻപ് ഒരിക്കൽ മുരളിച്ചേട്ടന്റെ വീട്ടിൽ മറ്റൊരാവശ്യത്തിനു പോയപ്പോൾ അദ്ദേഹം എന്നോട് സോറി പറഞ്ഞു…
ഇപ്പോഴും മനോജിനോട് ദേഷ്യമില്ല… തുടങ്ങിയിടത്തേക്ക് തിരിച്ചു പോവാനാവില്ലല്ലോ തിരുവല്ലത്തെ സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, അവിടെ അനിൽ, അലിഅക്ബർ, മനോജ് k ജയൻ, ശങ്കർ വളത്തുങ്കൽ, രാജശേഖരൻ മേലില,രാമചന്ദ്രൻ, സേവ്യർ, ലിബു, ഗോപൻ. ദിലീപ് അങ്ങിനെ ഒത്തിരി പേർ… സാധാരണക്കാർ..
സിനിമ സ്വപ്നം കണ്ടു വന്നു..
സൂപ്പർ സ്റ്റാറുണ്ടായി, സംവിധായകരുണ്ടായി, ക്യാമറാമാന്മാരുണ്ടായി..
ഒന്നുമാവാതെ ഒത്തിരി പേർ തിരിച്ചു പോയി…. എന്റെ കൂടെ നിന്നവരെ വര്ഷങ്ങളോളം ഞാൻ കൊണ്ടുനടന്നു പലരും ഇന്നും സിനിമയുടെ പല മേഖലയിലുമുണ്ട്…
ഞാൻ ഇവിടെയുണ്ട്, ഒട്ടും ശക്തി ചോർന്നിട്ടില്ല.. മനസ്സിപ്പോഴും കുതിരയെ പോലെ ഓടും…
ഒന്നിനും മടിയില്ല കല്യാണം ഷൂട്ട് ചെയ്യും, തൂമ്പയെടുക്കും, പെയിന്റടിക്കും, വെൽഡിങ് ചെയ്യും, എഡിറ്റ് ചെയ്യും സൗണ്ട് റെക്കോർഡ് ചെയ്യും… അതാണ് തളരാതെ തകരാതെ ഇത്രയും ദൂരം ഓടാൻ ത്രാണി നൽകിയത്.. മനുഷ്യന് ദുരഭിമാനം പാടില്ല… ആകെ കൂടി എനിക്കൊരു കുഴപ്പമേ ഉള്ളു, ഉള്ളത് ഉള്ളത് പോലെ മുഖത്ത് നോക്കി പറയും എത്ര വലിയവനായാലും, അതു പോലെ അല്പം കരുണയും ഇതു രണ്ടും സിനിമയ്ക്കും രാഷ്ട്രീയത്തിനും പറ്റിയതുമല്ല…
ദുരിതകഥകൾ അൽപ്പം കൂടിയുണ്ട്…
അതു കഴിഞ്ഞാൽ ആശ്വാസവുമായി മൂകാംബിക ദേവി എത്തും…
ആശ്വാസവുമായി.. കാത്തിരിക്കണം.. നന്മ വരാതെ പോകില്ലല്ലോ?
Post Your Comments