തെന്നിന്ത്യന്‍ സൂപ്പര്‍ ഹീറോ സൂര്യയുടെ ചിത്രങ്ങള്‍ ഇനി മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തമിഴ്നാട് തിയേറ്റര്‍ ഓണേഴ്സ് അസോസിയേഷന്. സൂര്യ ചിത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ ബാന്‍ ഏര്‍പ്പെടുത്തുമെന്ന് ഒരു വീഡിയോയിലൂടെ തിയേറ്റര്‍ ഓണേഴ്സ് അസോസിയേഷന് സെക്രട്ടറി അറിയിച്ചു. 2ഡി എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ സൂര്യ നിര്‍മ്മിക്കുന്ന ജ്യോതിക ചിത്രം ‘പൊന്മകള് വന്താല്‍’ ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുന്നതാണ് തിയറ്ററുകാരെ ചൊടിപ്പിച്ചത്.
മാര്‍ച്ച് 27നായിരുന്നു പൊന്മകള് വന്താല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കോവിഡ് ഭീഷണിയെ തുടര്‍ന്ന് രാജ്യം ലോക്ഡൗണ്‍ ചെയ്തതോടെയാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുന്നത്. ഈ തീരുമാനത്തോടുള്ള വിയോജിപ്പാണ് സൂര്യ ചിത്രങ്ങള്‍ക്കുള്ള ബാനിനു കാരണം.
”ഈ തീരുമാനത്തില്‍ നിന്നും പിന്മാറാന് സൂര്യയുമായി ബന്ധപ്പെടുകയും ചിത്രം ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ അവരത് ചെവികൊണ്ടില്ല. അതിനാല്‍, സൂര്യയോ അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസോ ഉള്‍പ്പെടുന്ന ഒരു ചിത്രവും തിയേറ്ററുകളില്‍ റിലീസ് ചെയ്യരുതെന്ന് ഞങ്ങള്‍ തീരുമാനിച്ചു” അസോസിയേഷന് സെക്രട്ടറി പനീര്‍സെല്‍വം അറിയിച്ചത്.
Post Your Comments