മിമിക്രി വേദികളിലൂടെ ബിഗ് സ്ക്രീനിലും മിനസ്ക്രീനിലും എത്തിയ കലാകാരനാണ് ജോബി. ക്യാമറയ്ക്ക് മുന്നിൽ പ്രേക്ഷകരെ ചിരിപ്പിച്ച് ജോബിയുടെ യഥാർഥ ജീവിതം ഒരു പേരാട്ടത്തിന്റെ കഥയാണ്. ഇപ്പോഴിതാ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ ജീവിതത്തിൽ ഒറ്റയ്ക്കായി പോയി എന്ന് തോന്നിയ നിമിഷത്തെ കുറിച്ചും നേരിട്ട വെല്ലുവിളികളെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
എന്റെ രണ്ടാമത്തെ മകൻ ശ്രേയസ്സിന് ഓട്ടിസമാണ്. രണ്ടര വയസ്സുള്ളപ്പോഴാണ് അതു തിരിച്ചറിയുന്നത്. സംസാരിക്കാനാകില്ല, മനസ്സിലുളള കാര്യങ്ങൾ പ്രകടിപ്പിക്കാനും കഴിയില്ല. അത് ഉൾക്കൊണ്ട് ജീവിതത്തിൽ മുന്നോട്ട് പോയേ തീരു. അതാണ് ജീവിതം. ഞാനും പരിമിധികൾ ഉള്ള മനുഷ്യനാണ്. അതോർത്തു ദുഃഖിച്ചിരുന്നാൽ അവിടെ ഇരിക്കാം എന്നല്ലാതെ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലല്ലോ. എന്നാൽ മുന്നോട്ടു പോകണമെന്ന വാശി എന്നും എനിക്ക് ഉണ്ടായിരുന്നു.
വർഷങ്ങൾക്കു മുമ്പ് മകന്റെ ചികിത്സയ്ക്കു വേണ്ടി തിരുവനന്തപുരത്തു നിന്നും ഞങ്ങൾ എറണാകുളത്തേയ്ക്ക് പോയി. കുടുംബസമേതമുള്ള ഒരു പറിച്ചു നടലായിരുന്നു അത്. യാതൊരു പരിചയമില്ലാത്ത സ്ഥലം.ഒറ്റയ്ക്കാണ് എന്ന ചിന്ത കഠിനമായിരുന്നു. മിമിക്രിയും അഭിനയവുമൊക്കെയായി നടക്കുന്ന സമയത്തും പിഎസ്സിക്ക് പഠിച്ചിരുന്നു. അങ്ങനെ പിഎസ്സി ടെസ്റ്റ് പാസായി കെഎസ്എഫ്യിൽ ജൂനിയർ അസിസ്റ്റന്റായി നിയമനം കിട്ടി. അന്ന് ഒപ്പം സുഹൃത്തുക്കളുണ്ടായിരുന്നത് കരുത്തായി. അങ്ങനെ ആരെങ്കിലുമൊക്കെ ഒപ്പം വേണം. കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെവലിയ കരുത്താണ്.
ലോക്ക് ഡൗൺ കാലത്ത് കലാകാരന്മാരുടെ കാര്യം വലിയ കഷ്ടത്തിലാണ്. ചെറിയ വിഭാഗം മാത്രമാണ് ടെലിവിഷനിൽ തിളങ്ങുന്നതും വരുമാനം ഉണ്ടാക്കുന്നതും. എന്നാൽ ഭൂരിഭാഗത്തിന്റെയും കാര്യം കഷ്ടമാണ്..സ്വയം വേദനിക്കുമ്പോൾ കൂടി മറ്റുള്ളവരെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നവരാണ് കലാകാരന്മാരെന്നും ജോബി പറഞ്ഞു.
Post Your Comments