മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. സീത എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ഈ താരം തമിഴ് സിനിമയില്‍ നായികയായാണ് അഭിനയ രംഗത്തേയ്ക്ക് എത്തിയത്. എന്നാല്‍ മികച്ച തുടക്കം ലഭിക്കാത്തതില്‍ നിരാശയില്‍ ആയിരുന്നുവെന്നു പങ്കുവച്ച സ്വാസിക ഒരു ചാനലില്‍ അഭിമുഖത്തില്‍ പങ്കെടുത്തപ്പോള്‍ അതിലെ അവതാരകയായി എത്തിയ പ്രമുഖ നടി തന്നെക്കുറിച്ച് പറഞ്ഞത് ഒരു നായികയ്ക്ക് വേണ്ട ക്വാളിറ്റി തനിക്ക് ഇല്ലായിരുന്നുവെന്നായിരുന്നുവെന്നു സ്വാസിക പറയുന്നു. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സ്വാസികയുടെ വാക്കുകള്‍ ഇങ്ങനെ…
”ഞാനൊരു തമിഴ് സിനിമയിൽ അഭിനയിച്ച സമയത്ത് ഒരു തമിഴ് ചാനലിൽ അഭിമുഖം നൽകിയിരുന്നു. വളരെ പ്രശസ്തയായ ഒരു ആർടിസ്റ്റ് ആയിരുന്നു ആ പരിപാടിയുടെ അവതാരക. സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും സംസാരിച്ചിട്ട് ഞങ്ങൾ തിരിച്ചു വന്നു. പക്ഷേ, ആ പരിപാടി ടെലിവിഷനിൽ വന്നപ്പോൾ സിനിമയിലെ എന്റെ കഥാപാത്രത്തെപ്പറ്റി അവരുടെ ചില നിരീക്ഷണങ്ങളും ഉൾപ്പെടുത്തിയിരുന്നു. ആ സിനിമയുടെ പോരായ്മയായി അവർ ചൂണ്ടിക്കാട്ടിയത് എന്നെയായിരുന്നു. അതിനു കാരണമായി അവർ പറഞ്ഞതായിരുന്നു രസകരം. എനിക്ക് ഒരു ലൈക്കബിലിറ്റി ഇല്ല. മുഖം നിറച്ചു കുരുക്കളാണ്. വലിയ മൂക്കാണ്. ഒരു നായികയ്ക്കു വേണ്ട ‘ക്വാളിറ്റി’ ഇല്ലാത്തതുകൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്നില്ല എന്നൊക്കെയായിരുന്നു. അവർ വലിയൊരു ആർടിസ്റ്റ് ആയതുകൊണ്ട് അവർ പറഞ്ഞത് ശരിയായിരിക്കുമോ എന്ന ചിന്ത എന്നെയും ബാധിച്ചു. സത്യത്തിൽ ഈ മുഖക്കുരു ഈ കാലം വരെ എന്നെ വിട്ടു പോയിട്ടില്ല. അതൊരു കളിയാക്കൽ അല്ലെങ്കിലും പരോക്ഷമായി പലരും ഇത്തരം കാര്യങ്ങൾ പറയാറുണ്ട്. ഒരു നായികയ്ക്കു വേണ്ട ക്ലിയർ സ്കിൻ അല്ല എനിക്കുള്ളത് എന്നതായിരുന്നു വലിയ പോരായ്മയായി പറഞ്ഞിരുന്നത്. ”
എന്നാല്‍ താന്‍ ചെയ്ത സിനിമകളായാലും സീരിയലുകളായാലും ഈ മുഖക്കുരു വച്ചു തന്നെയാണ് പൂർത്തിയാക്കിയിട്ടുള്ളതെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു.” ഇതില്ലാത്ത ഒരു മുഖം എനിക്കില്ല. ഈ മുഖം മാറ്റാൻ എനിക്ക് കഴിയില്ല. പിന്നീട്, അതുമായി ഞാൻ സമരസപ്പെട്ടു. എന്റെ ഒരു ഭാഗമാണ് ഇതും എന്നൊരു തിരിച്ചറിവുണ്ടായി. എന്നെങ്കിലും ആളുകൾ ഈ മുഖക്കുരു ഉള്ള മുഖം ഇഷ്ടപ്പെടും എന്നു ചിന്തിക്കാൻ തുടങ്ങി. ആ സമയത്താണ് ‘പ്രേമം’ എന്ന സിനിമ ഇറങ്ങിയത്. സായ് പല്ലവി എനിക്ക് വലിയ പ്രചോദനമായിരുന്നു. ഇന്നും എനിക്ക് ഏറ്റവും ഇഷ്ടമുള്ള അഭിനേത്രിയാണ് സായ് പല്ലവി. അതുപോലെ ലാലേട്ടന്റെ വാക്കുകളും എനിക്ക് ആത്മവിശ്വാസം നൽകി. അതായത്, നമ്മൾ സുന്ദരന്മാരോ സുന്ദരികളോ ആയിരിക്കണമെന്നില്ല. ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ ആളുകൾക്ക് നമ്മോട് ഇഷ്ടം തോന്നുന്നതാണ്. അല്ലാതെ നമ്മുടെ സൗന്ദര്യമല്ല പ്രധാനം.” താരം പങ്കുവച്ചു.
Post Your Comments