മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസിക് സിനിമകളില്‍ ഒന്നാണ് ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത വാനപ്രസ്ഥം, മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ എന്നും മുന്നില്‍ നില്ക്കുന്ന കുഞ്ഞിക്കുട്ടന്‍ എന്ന കഥാപാത്രം ഇന്നും പ്രേക്ഷക മനസിലെ മറയപ്പെടാത്ത കഥാപാത്ര നിര്‍മ്മിതിയാണ്. രഘുനാഥ് പലേരി രചന നിര്‍വഹിച്ച വാനപ്രസ്ഥം അതേ രചയിതാവ് തന്നെ ഓര്‍മ്മകളില്‍ ആ സുന്ദര ചിത്രത്തെ വീണ്ടും തലോടുകയാണ്.
രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഷാജി എൻ കരുണിനു വേണ്ടി വാനപ്രസ്ഥം എഴുതും നേരം തൊട്ടരുകിൽ മനസ്സിന്റെ ഉൾവട്ടത്തോട് ചേർന്ന് ഓരോ ജാലകങ്ങൾക്കു ള്ളിലായി കുഞ്ഞുക്കുട്ടനും ഭാര്യയും മകളും അമ്മയും അവരുടെ പഴയ വീടും എല്ലാം വന്നു നിൽക്കും. ഒപ്പം കുഞ്ഞുക്കുട്ടന്റെ ശബ്ദവും താളവുമായ രണ്ടു പ്രിയ ചങ്ങാതിമാരും. ഇടക്കിടെ ഞാനാ ജാലകപ്പാളികൾ തുറന്ന് അവരോടെല്ലാം സംസാരിക്കും. ഉൾസങ്കടങ്ങളും കുഞ്ഞു കുഞ്ഞാനന്ദങ്ങളും പരസ്പരം ഘോഷിച്ചുകൊണ്ട് അവരെന്നിലേക്ക് നിയന്ത്രണമില്ലാതെ ചൊരിയും. അവരെല്ലാം എത്ര പാവങ്ങളാണെന്ന് ഞാൻ സങ്കടപ്പെടും. അവർക്കിടയിൽ പെട്ട് മനഃശ്ശക്തി ഉടയാതെ കളിയരങ്ങിലെ ആട്ടവിളക്കായി പിടിച്ചു നിൽക്കുന്ന മകളോട് അതിരറ്റ വാത്സല്ല്യം തോന്നും. അവരെയെല്ലാം ആശ്വസിപ്പിക്കാൻ അക്ഷരങ്ങളാൽ മാത്രമേ കഴിയുന്നുള്ളുവല്ലോ എന്ന് ഞാനും നീറും.
ഒരു തിരക്കഥ കടന്നുപോകുന്നത് ഒരഗ്നിച്ചാലിലൂടെയുള്ള സഞ്ചാരംപോലെയാണ്. അതിന്റെ ആദ്യത്തെ കാഴ്ച്ചക്കാരൻ അത് രചിക്കുന്നവനാണ്. അതിന്നകത്ത് ജീവിക്കു ന്നവർക്കു മുന്നിൽ അമ്പരന്നു നിൽക്കുന്നതും ആ കാഴ്ച്ചക്കാരൻ തന്നെയാണ്.
എന്നാൽ, അക്ഷരങ്ങളാൽ രൂപപ്പെട്ട് കഥാപാത്ര ങ്ങളായി ജീവിക്കുന്നതിനും അപ്പുറമുള്ളൊരു പിടച്ചിലാണ്, അവരെ വെളിച്ചമായി പ്രകാശി പ്പിക്കുന്നവരിൽ സംഭവിക്കുന്നതെന്ന്, ചിലരെ കാണുമ്പോൾ എനിക്ക് കൃത്യമായി തോന്നാറുണ്ട്. അവരിതെങ്ങിനെ സാധിച്ചെടുക്കുന്നു വെന്നും അത്ഭുതപ്പെടാറുണ്ട്.
*******
ചിത്രത്തിൽ വാനപ്രസ്ഥത്തിലെ കുഞ്ഞു ക്കുട്ടന്റെ പൂതനയും, കുഞ്ഞായ കൃഷ്ണനെ മുലപ്പാൽ നൽകാനായി അരികിലേക്ക് ക്ഷണിക്കേ, മറച്ചു പിടിച്ചിട്ടും അറിയാതെ തെളിഞ്ഞു വരുന്ന പൂതനയിലെ അമ്മക്കുള്ളിലെ മാതൃ ഭീതി കാണുന്ന പ്രേക്ഷകയായ ഒരു കുട്ടിയും.
കുറച്ചു നേരം രണ്ടുപേരെയും നോക്കി ഇരിക്കുക.
നിങ്ങളും മനസ്സിന്റ ജാലകങ്ങളിൽ ഏതെങ്കിലും ഒന്ന് തുറന്നു പോകും.
Post Your Comments