വാഹനാപകടത്തിൽ പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച വർക്കല സ്വദേശി ശ്രീകുമാറിന്റെ അവയവങ്ങൾ ദാനംചെയ്യാൻ ഉറച്ച മനസ്സോടെ തയാറായ കുടുംബത്തിനു സാന്ത്വനവുമായി മോഹൻലാല്‍. ‘വലിയ കാര്യമാണ് നിങ്ങൾ ചെയ്തത്. നന്ദിയും അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തിയും നേരുന്നു’- മൃതസഞ്ജീവനി ഗുഡ്വിൽ അംബാസഡർകൂടിയായ മോഹൻലാല്‍ ശ്രീകുമാറിന്റെ കുടുംബത്തോട് പറഞ്ഞു. ചെന്നൈയിലാണെന്നും തിരുവനന്തപുരത്തെത്തുമ്പോൾ നേരിട്ടു കാണാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞത് വിതുമ്പലോടെയാണ് കുടുംബം കേട്ടത്.
നാല് പേര്‍ക്കാണ് ശ്രീകുമാര്‍ പുതു ജീവിന് നല്‍കിയത്. ഹൃദയം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അതിരമ്പുഴ സ്വദേശി ജോസിനാണ് രക്ഷയായത്. കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലുള്ള രോഗികൾക്കാണ് ദാനം ചെയ്തത്. സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലൂടെയാണ് അവയവദാനം നടന്നത്.
ശ്രീകുമാറിന്റെ മകനും പട്ടത്ത് ജെ.ഡി.സി. വിദ്യാർഥിയുമായ സ്വാതിനെ ഞായറാഴ്ച വൈകീട്ടാണ് മോഹൻലാൽ ഫോണിൽ വിളിച്ചത്. പത്രത്തിൽ വായിച്ചറിഞ്ഞെന്നു പറഞ്ഞ താരം ശ്രീകുമാറിന്റെ ഭാര്യ ബേബി ബിന്ദുവുമായി സംസാരിക്കുകയും ഒരുപാടു പേരുടെ പ്രാർഥന നിങ്ങൾക്കുണ്ടാകുമെന്നും പറഞ്ഞു.
Post Your Comments