സൗഹൃദങ്ങളും വർത്തമാനങ്ങളും ഓൺലൈൻ ആകുന്ന ഈ കാലത്ത് ഒരുമിച്ചിരുന്നുള്ള വർത്തമാനക്കൂട്ടങ്ങളെക്കുറിച്ചുള്ള സ്നേഹക്കുറിപ്പുമായി എത്തിയിരിക്കുകയാണ് ഗായിക സിത്താര കൃഷ്ണകുമാർ. എത്രയൊക്കെ വിർച്വൽ ലോകത്തിരുന്ന് സംസാരിച്ചാലും നേരിലിരുന്ന്, നേരം നോക്കാതെ വർത്തമാനം പറഞ്ഞിരിക്കുന്നതിന്റെ സുഖം വേറെ കിട്ടില്ലെന്ന് ഗായിക പറയുന്നു.
സിത്താരയുടെ പോസ്റ്റ് :
സ്നേഹമുള്ള പെണ്ണുങ്ങൾ ഒത്തുകൂടുമ്പോൾ തന്നെത്താനെ ഉണ്ടാകുന്ന ചില നിമിഷങ്ങള്‍ ഉണ്ട്. ചിരികൾ, കരച്ചിലുകൾ, പരിഭവങ്ങൾ, പരാതികൾ, പോക്രിത്തരങ്ങൾ മുതൽ പാമ്പൻ പാലം പോലെ ഉറച്ച ചേർത്തുനിർത്തലുകളും, പോരാട്ടങ്ങളും വരെ. മനോഹരമായ ഒരു മാനസീകാവസ്ഥയായാണ് സൗഹൃദം എന്നത്. അതിൽ തന്നെ ചില സ്ത്രീ സൗഹൃദങ്ങൾ ഉണ്ട്, “എന്റെ സാറേ, പിന്നെ ചുറ്റുള്ളതൊന്നും കാണാൻ പറ്റൂല”
ഈ ലോക്ക്ഡൗൺ കാലത്ത് ഏറ്റവും നഷ്ടബോധം അനുഭവിച്ചതും അത്തരം പെൺഇരുത്തങ്ങളെക്കുറിച്ചോർത്താണ്. അതിനീ സൂമും, വീഡിയോ കോളും, സ്കൈപ്പും ഒന്നും ഉണ്ടായിട്ട് കാര്യമില്ല. അതങ്ങനെ ഇരുന്നും, ചിരിച്ചും, തമ്മിലടികൂടിയും, കെട്ടിമറിഞ്ഞും ഒക്കെയേ നടക്കൂ.
സിത്താരയുടെ പോസ്റ്റിന് താഴെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്. ഒപ്പം ഭർത്താവ് സജീഷും എത്തിയിട്ടുണ്ട്. ”പെണ്ണുങ്ങൾക്കു മാത്രമല്ല, അത്തരം ഇടങ്ങൾ ആണുങ്ങൾക്കുമുണ്ട് അങ്ങനെയൊക്കെ. സ്നേഹം ഉള്ളിടത്തെല്ലാമുണ്ട്… ആണായാലും പെണ്ണായാലും കുട്ടികളായാലും. അതൊക്കെ നഷ്ടമാവുന്നതാണല്ലോ ഇത്തരം ലോക്ഡൗണുകളുടെ ദുഃഖം. പക്ഷെ ഇപ്പോൾ അതിനേക്കാളൊക്കെ പ്രധാനം എല്ലാവരുടെയും ആരോഗ്യമാണ്-” സജീഷ് കുറിച്ചു.
Post Your Comments