സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നത് വര്‍ദ്ധിച്ചു വരുകയാണ്. അതില്‍ ഏറ്റവും കൂടുതല്‍ ട്രാന്സ്ജെന്റെസിനെതിരെയുള്ള അതിക്രമങ്ങളുമാണ്. ശാരീരികവും മാനസികവുമായ പല ചൂഷണങ്ങളും ട്രാൻസ്ജെൻഡറുകള്‍ക്ക് മേല്‍ പൊതു സമൂഹം നടത്തുന്നുണ്ട്. പ്രഫഷനൽ മേക്കപ്പ് ആർടിസ്റ്റും അവതാരകയും മലയാളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയുമായ അനന്യ ആറായിരത്തിലധികം ഫോൺ നമ്പറുകൾ തന്റെ ഫോണിൽനിന്ന് ബ്ലോക്ക് ചെയ്യേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ചു വെളിപ്പെടുത്തുന്നു. ‘‘കഴിഞ്ഞ രണ്ടാഴ്ചയായി എന്റെ ഫോണിലേക്ക് പരിചയമില്ലാത്ത ആയിരക്കണക്കിന് നമ്പറുകളിൽനിന്ന് തുടരെത്തുടരെ കോളുകളും മെസേജുകളും വന്നുകൊണ്ടിരിക്കുകയാണ്. വിളിക്കുന്ന ഓരോരുത്തരും പറയുന്നത് കേട്ടാലറയ്ക്കുന്ന അശ്ലീലങ്ങളും. മാനുഷികപരിഗണന പോലുമില്ലാതെ ലൈംഗികച്ചുവയോടെ സംസാരിക്കുന്നവരെക്കൊണ്ട് പൊരുതിമുട്ടിയിരിക്കുകയാണ്.” താരം പങ്കുവച്ചു
വാട്സാപ്പിലും അശ്ലീലമെസേജുകൾ അയക്കുന്നവർ നിരവധിയാണെന്നും സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് വിഡിയോ കോൾ ചെയ്യുന്നവര പോലുമുണ്ടെന്ന് അനന്യ വനിതയോട് പ്രതികരിച്ചു. ഒരു നമ്പർ ബ്ലോക്ക് ചെയ്യുമ്പോൾ തൊട്ടടുത്ത നിമിഷം അടുത്ത നമ്പറിൽനിന്ന് കോൾ അല്ലെങ്കിൽ മെസേജ് വരുമെന്നു പറഞ്ഞ താരം ഇത്തരത്തിൽ തന്നെ ശല്യം ചെയ്യുന്നവരുടെ കൂട്ടത്തിൽ സ്കൂളിലും കോളേജിലും പഠിക്കുന്ന കൗമാരക്കാർ മുതൽ മിലിട്ടറി യൂണിഫോം ധരിച്ചുകൊണ്ട് അശ്ലീലത പ്രദർശിപ്പിക്കുന്ന പട്ടാളക്കാരൻ വരെയുണ്ടെന്നുള്ളത് സങ്കടകരമാണെണെന്നും കൂട്ടിച്ചേര്‍ത്തു. ‘‘ഇത്തരത്തിൽ സ്ഥിരമായി ശല്യം ചെയ്ത ചിലരെ ഞാൻ തിരിച്ചു വിളിച്ച്, എന്റെ നമ്പർ എവിടെനിന്ന് കിട്ടിയെന്ന് അന്വേഷിച്ചപ്പോൾ ചില അഡൽറ്റ്സ് ഒൺലി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽനിന്ന് ആരോ ഫോർവേഡ് ചെയ്തു എന്ന മറുപടിയാണ് കിട്ടുന്നത്. പാലക്കാടുനിന്ന് വളരെ പ്രായംകുറഞ്ഞ ഒരു പയ്യൻ എന്നെ വിളിച്ച് വളരെ മോശമായി സംസാരിച്ചു. ഞാൻ അവനെ തിരിച്ച് വിളിച്ചു.മാതാപിതാക്കളുടെ കൈയിൽ ഫോൺ കൊടുത്തില്ലെങ്കിൽ പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പേടിച്ചിട്ട് അവൻ ഫോൺ അമ്മയുടെ കൈയിൽ കൊടുത്തു. ഞാൻ അവരോട് കാര്യങ്ങൾ വിശദമായി പറഞ്ഞുകൊടുത്തിട്ട് മകന്റെ ഫോൺ വാങ്ങി പൊട്ടിച്ചു കളയാൻ പറഞ്ഞു’’. അനന്യ പങ്കുവച്ചു
നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നമ്പർ ഉപേക്ഷിക്കാനാണ് പലരും നൽകുന്ന ഉപദേശം. പക്ഷേ പ്രൊഫഷന്റെ ഭാഗമായി നല്‍കിയിരിക്കുന്ന നമ്പര്‍ മാറ്റിയാല്‍ തന്റെ തൊഴിലിനേയും അത് ബാധിക്കുമെന്ന് അനന്യ പറയുന്നു. ഇതിനു പിന്നിലുള്ള എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാന്‍ പൊലീസിൽ ഉടൻ പരാതി നൽകുമെന്നും നീതി ലഭിക്കും വരെ നിയമപോരാട്ടം നടത്തുമെന്നും അനന്യ വ്യക്തമാക്കി. ”ഞാനൊരു ട്രാൻസ് വുമണാണ്. അന്തസ്സായി ജോലി ചെയ്ത് ഈ സമൂഹത്തിൽ ജീവിക്കുന്ന വ്യക്തി. എന്റെ സ്വകാര്യതയിൽ കടന്നുകയറാൻ ഒരാൾക്കും അവകാശമില്ല. ആർക്കും എന്ത് വൃത്തികേടും പറയാനും ചെയ്യാനുമുള്ളതാണ് ട്രാൻസ്ജെൻഡറുകളുടെ ജീവിതമെന്ന ചിന്താഗതി നമ്മുടെ സമൂഹത്തിൽ ചിലർക്കെങ്കിലുമുണ്ട്. അത് മാറണം. നിങ്ങളെപ്പോലെ എനിക്കുമുണ്ട്, ജീവിക്കാനുള്ള അവകാശങ്ങൾ’’ അനന്യ പറഞ്ഞു.
Post Your Comments