വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട യുവതാരം മറീന മൈക്കിൾ ജീവിതത്തിന്റെ കഷ്ടപാടുകള്‍ക്ക് ഇടയില്‍ നിന്നും വിജയം നേടി മുന്നേറിയ ഒരാളാണ്. വ്യത്യസ്ത മതങ്ങളിൽ നിന്ന് പ്രണയബദ്ധരായി ഒളിച്ചോടി വിവാഹം കഴിച്ച അച്ഛനും അമ്മയും അവരുടെ ആകെ സമ്പാദ്യം കടുത്ത ദാരിദ്ര്യം മാത്രമായിരുന്നുവെന്നും തന്റെ വീട് പോലും ഇടവകക്കാർ പിരിവിട്ടുണ്ടാക്കിയതാണെന്നും പറയുകയാണ് മെറീന. അമ്മയുടെ കഷ്ടപാടുകള്‍ക്കിടയില്‍ പഠനത്തില്‍ ശ്രദ്ധ കൊടുക്കാന്‍ പറ്റിയില്ലെന്നും താരം പറയുന്നു.
മറീന മൈക്കിളിന്റെ വാക്കുകൾ ഇങ്ങനെ.. ”എന്റെ അച്ഛന്റെയും അമ്മയുടെയും പ്രണയവിവാഹമാണ്. ഒളിച്ചോടി കല്യാണം കഴിച്ചു. അച്ഛന്റെയും അമ്മയുടെയും ആകെ സമ്പാദ്യം കടുത്ത ദാരിദ്ര്യം മാത്രമായിരുന്നു. കോഴിക്കോട് തിരുവണ്ണൂരിലാണ് ഞാൻ ജനിക്കുന്നത്. എന്റെ 21 വയസ്സുവരെ അവിടെയാണ് ഞാൻ ജീവിച്ചത്. പണ്ടത്തെ കാലത്ത് തീ പിടിച്ച് നശിച്ചുപോയൊരു വീട് ഇടവകക്കാർ പിരിവിട്ടാണ് ആ വീട് പിന്നീട് ഉണ്ടാക്കി തന്നത്. തയ്യൽ മെഷീനിൽ ഇരിക്കുന്ന അമ്മയെ ആണ് ഓരോ രാത്രിയിലും ഉറങ്ങാൻ പോവുന്ന നേരം ഞാൻ കാണാറ്.
മേക്കപ്പ്മാനായിരുന്ന അച്ഛൻ സുഹൃത്തിന്റെ മരണത്തെ തുടർന്നുള്ള മാനസികാഘാതത്തിൽ വിഷാദത്തിനടിമപ്പെട്ടു. അന്ന് ഞാൻ പത്താം ക്ലാസിൽ പഠിക്കുന്നു. അച്ഛന് രണ്ട് സഹോദരിമാരുണ്ടായിരുന്നു. ഒരാൾക്ക് അപസ്മാരത്തിന്റെ രോഗവും. ഇവരും ഞങ്ങളുടെ കൂടെയായിരുന്നു. മറ്റൊരാൾ വിവാഹവും കഴിച്ചിട്ടില്ല. പട്ടിണിയാവുന്ന സന്ദർഭങ്ങളിൽ അടുപ്പിൽ വെറുതെ വെള്ളം തിളപ്പിച്ച് വീട്ടിൽ അടുപ്പ് പുകയുന്നുണ്ടെന്നു അയൽക്കാരെ ബോധ്യപ്പെടുത്തിയ ദിവസങ്ങളായിരുന്നു അമ്മയുടെ കുട്ടിക്കാലം, അതിനെന്റെ ജീവിതത്തിലും തുടർച്ചയുണ്ടായി.
പതിനഞ്ച് വയസ്സു മുതൽ ഞാൻ ഓർക്കസ്ട്ര ഗ്രൂപ്പിൽ പാടാൻ പോകാൻ തുടങ്ങി. രാത്രികളിലൊക്കെ പരിപാടി ഉണ്ടായിരുന്നു. ആളുകൾ പലതും പറയുന്നുണ്ടായിരുന്നു. കല്യാണ വീടുകളിലൊക്കെ പാടി കിട്ടുന്ന അഞ്ഞൂറ് രൂപയൊക്കെ അമ്മയുടെ കൈകളിൽ കൊടുക്കുമ്പോൾ കടുത്ത ദാരിദ്ര്യാവസ്ഥയിൽ തിളങ്ങുന്ന ആ കണ്ണുകൾ എനിക്ക് പ്രചോദനമായി. പാടി കഴിഞ്ഞു, തിരിച്ചെത്തുന്ന സമയങ്ങൾ വൈകിയതോടെ എല്ലായിടത്തെയും പോലെ അപവാദ ശരങ്ങളും. വീട്ടിലെ സാഹചര്യങ്ങളെ മറികടക്കാൻ അവയെനിക്ക് അവഗണിച്ചേ കഴിയുമായിരുന്നുള്ളൂ.
അച്ഛന്റെ സഹോദരി വിദേശത്തു ജോലിക്ക് നിന്നിരുന്ന വീട്ടിൽ നിന്ന് കൊണ്ട് വന്നിരുന്ന ഉപയോഗിച്ച വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. പിന്നീട് ബാക്കി വരുന്ന തുണിക്കഷ്ണങ്ങൾ കൊണ്ട് ‘അമ്മ തുന്നി തന്നിരുന്ന ‘വ്യത്യസ്തമായ നിറങ്ങൾ നിറഞ്ഞ വസ്ത്രങ്ങൾ‘ കൂട്ടത്തിനിടയിൽ ശ്രദ്ധിക്കപ്പെടാൻ സഹായിച്ചു.
ഓർക്കുട്ടിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിൽ നിന്നാണ് മോഡലിങ് രംഗത്തേക്കുള്ള വരവ്. എന്റെ സുഹൃത്താണ് ഫോട്ടോ കണ്ടിട്ട് വിളിക്കുന്നത്. മോഡലിങ് ട്രൈ ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ ഒരു ഫാഷൻ മത്സരത്തിൽ പങ്കെടുത്തു. അവിടെ നിന്നും പരസ്യമേഖലയിൽ എത്തി. സുഹൃത്തുക്കളുടെ സഹായത്തോടെ സിനിമയിൽ കയറി. പിന്നീടിപ്പോൾ പതിനെട്ടു സിനിമകൾ പൂർത്തിയാക്കുന്നു.
അതിനിടയിൽ പഠിക്കാനൊന്നും പോകാൻ പറ്റിയില്ല. പൂർണമായും പഠിത്തത്തിൽ ശ്രദ്ധതിരിക്കാൻ എനിക്ക് സമയമില്ലായിരുന്നു. അമ്മയ്ക്ക് അത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയേനെ.ഒരുപാട് നേട്ടങ്ങൾ ഒന്നും ഇല്ല, പക്ഷേ ആരോടും ചോദിക്കാതെ ഭക്ഷണം കഴിക്കാൻ,ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാൻ,അമ്മക്കിഷ്ടമുള്ള ആഭരണം വാങ്ങി കൊടുക്കാൻ എല്ലാത്തിലുമുപരി സ്വന്തം കാലിൽ നില്ക്കാൻ ഞാൻ ആത്മവിശ്വാസം നേടിയിരിക്കുന്നു.
മുകളിലുള്ളവരെ കണ്ട് ഞാൻ ആഗ്രഹങ്ങൾ സൂക്ഷിക്കാറില്ല, താഴെയുള്ളവരിലേക്കേ നോക്കാവൂ. ഞാൻ അവിടെ നിന്നും വന്ന ആളാണ്. പണ്ട് എന്നെ ഒരുപാട് വിഷമിപ്പിച്ച ആളുകൾ പിന്നീട് വന്ന് സോറി പറയാറുണ്ട്.
ഞാൻ എവിടെ നിന്ന് തുടങ്ങി, നേരത്തെ എന്തായിരുന്നു എന്നതിന്റെ സ്മരണയുണ്ടാവുക എന്നത് മാത്രമാണ് ഞാൻ മഹത്തായി കരുതുന്ന കാര്യം. പ്രവർത്തിക്കുന്നതും സംസാരിക്കുന്നതുമൊക്കെ ആത്മാർഥമായിരിക്കുക എന്നതാണ് ഞാൻ ജീവിതത്തിൽ പുലർത്തുന്ന ശൈലി. ഒരു കലാകാരിയായി അംഗീകരിക്കപ്പെടുന്നു. കഷ്ടപ്പെടുന്നവർക്ക് ജീവിതത്തിൽ മാറ്റങ്ങളുണ്ടാകും.
ജോഷ് ടോക്കിലാണ് മറീന മൈക്കിൾ തന്റെ ജീവിതത്തിലെ കഷ്ടപാടുകള്‍ പങ്കുവച്ചത്.
Post Your Comments